ബെസ്റ്റ് സെല്ലിങ് എസ്.യു.വിക്ക് ഇനിമുതൽ ലെവൽ 2 ADAS സുരക്ഷ; പുതിയ ഡാർക്ക് എഡിഷനോടെ ടാറ്റ നെക്‌സോൺ വിപണിയിൽ
text_fieldsടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷൻ
ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലിങ് എസ്.യു.വിയായ നെക്‌സോൺ, ലെവൽ 2 ADAS സുരക്ഷ ഫീച്ചറോടെ പുതിയ ഡാർക്ക് എഡിഷനുമായി വിപണിയിൽ. നേരത്തെ ഇലക്ട്രിക് നെക്‌സോണിന് ടാറ്റ ലെവൽ 2 ADAS ഫീച്ചർ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോസിൽ ഇന്ധന പവർട്രെയിനിലും ടാറ്റ സുരക്ഷ വർധിപ്പിക്കുന്നത്. ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ്, മുൻവശത്തെ കൂട്ടിയിടി തടയുന്നതിനുള്ള മുന്നറിയിപ്പ്, ലൈൻ കീപ് അസിസ്റ്റ്, ട്രാഫിക് ചിഹ്നങ്ങൾ തിരിച്ചറിയാനുള്ള സിസ്റ്റം എന്നിവ ലെവൽ 2 ADAS ഫീച്ചറിൽ നെക്‌സോണിന് ലഭിക്കും.
കൈവിട്ടുപോയ വാഹന വിപണി നെക്‌സോണിലൂടെ തിരിച്ചുപിടിച്ച ടാറ്റ 2025 സെപ്റ്റംബറിൽ രാജ്യത്തെ മികച്ച വാഹന വിൽപ്പനക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. ഇതിന്റെ ഭാഗമായാണ് കമ്പനി വാഹനങ്ങളിൽ കൂടുതൽ സുരക്ഷ വാഗ്‌ദാനം ചെയ്യുന്നത്. ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് സിസ്റ്റം (ജി.എൻ.സി.എ.പി), ഭാരത് ന്യൂ കാർ അസസ്മെന്റ് സിസ്റ്റം (ബി.എൻ.സി.എ.പി) എന്നീ രണ്ട് ക്രാഷ് ടെസ്റ്റിലും 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുള്ള രാജ്യത്തെ ഏക സബ്കോംപാക്ട് എസ്.യു.വിയാണ് നെക്‌സോൺ.
ടാറ്റ നെക്‌സോണിൽ ലഭിക്കുന്ന ലെവൽ 2 ADAS ഫീച്ചറുകൾ
- മുൻവശത്തെ കൂട്ടിയിടി തടയുന്നതിനുള്ള മുന്നറിയിപ്പ് (എഫ്.സി.ഡബ്ല്യു)
- ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ് (എ.ഇ.ഡി)
- ലൈൻ ഡിപ്പറേചർ മുന്നറിയിപ്പ് (എൽ.ഡബ്ല്യു.ഡി)
- ലൈൻ സെന്ററിങ് സിസ്റ്റം (എൽ.സി.എസ്)
- ലൈൻ കീപ് അസിസ്റ്റ് (എൽ.കെ.എ)
- ഹൈ ഭീം അസിസ്റ്റ് (എച്ച്.ബി.എ)
- ട്രാഫിക് ചിഹ്നങ്ങൾ തിരിച്ചറിയാനുള്ള സിസ്റ്റം
സുരക്ഷ വർധിപ്പിച്ച് വിപണിയിൽ എത്തുന്ന നെക്‌സോൺ എസ്.യു.വിക്ക് പുതിയ ഡാർക്ക് എഡിഷനും ടാറ്റ അവതരിപ്പിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നീ പവർട്രെയിൻ ഓപ്ഷനിൽ വാഹനം ലഭിക്കും. 12.44 ലക്ഷം രൂപയാണ് മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില. സ്‌ട്രൈക്കിങ് റെഡ് - തീം അക്സെന്റിൽ ഗ്രാനൈറ്റ് ബ്ലാക്ക് കാബിൻ, റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിങ്, റെഡ് ഡാർക്ക് ബാഡ്ജിങ് എന്നിവയോടെ കൂടുതൽ പ്രീമിയം ലുക്കിലാണ് ഡാർക്ക് എഡിഷൻ എത്തുന്നത്.
ടാറ്റ നെക്‌സോൺ എസ്.യു.വി പവർട്രെയിനുകൾ
പെട്രോൾ, ഡീസൽ, സി.എൻ.ജി, ഇലക്ട്രിക് വകഭദങ്ങളിൽ വിപണിയിലെത്തുന്ന വാഹനം ഉപഭോക്താക്കൾക്ക് ഇഷ്ട്ടമുള്ള പവർട്രെയിൻ സെലക്ട് ചെയ്യാനുള്ള സാഹചര്യം അനുവദിക്കുന്നുണ്ട്.
- പെട്രോൾ : 1.2-ലിറ്റർ റെവോട്രോൺ ടർബോ എൻജിൻ പരമാവധി 120 ബി.എച്ച്.പി കരുത്ത് പകരും. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡി.സി.എ എന്നീ ട്രാൻസ്മിഷൻ ഓപ്ഷൻ പെട്രോൾ വകഭദത്തിന് ലഭിക്കും.
- ഡീസൽ : 1.5-ലിറ്റർ റെവോട്രോർഖ് മോട്ടോർ പരമാവധി 115 ബി.എച്ച്.പി കരുത്തും 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. ഇത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഗിയർ ബോക്സുമായി ജോഡിയാക്കിയതാണ്.
- സി.എൻ.ജി : 1.2-ലിറ്റർ യൂനിറ്റ് പരമാവധി 100 ബി.എച്ച്.പി പവറും 170 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും.
- ഇലക്ട്രിക് : 30kWh, 45kWh എന്നീ രണ്ട് ബാറ്ററി പാക്കുമായാണ് നെക്‌സോൺ ഇ.വി വിപണിയിലിലെത്തുന്നത്. എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് പ്രകാരം 489 കിലോമീറ്ററും റിയൽ-വേൾഡ് റേഞ്ച് പ്രകാരം 350 കിലോമീറ്ററും വാഹനം സഞ്ചരിക്കും. നെക്‌സോൺ നിരയിൽ പുതുതായി ഉൾപ്പെടുത്തിയ ഫിയർലെസ്സ്+എസ് ഡി.സി.എ വിത്ത് ADAS 13.53 ലക്ഷം എക്സ് ഷോർറൂം വിലയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

