ഇനി കളി മാറും, ബജാജ് ചേതക് 35 സീരീസ് പുറത്തിറങ്ങി, ഒറ്റ ചാർജിൽ 153 കിലോമീറ്റർ, വില 1.20 ലക്ഷം രൂപ
text_fieldsന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ ബജാജ് ചേതക് ഇലക്ട്രിക് പുതിയ ജനറേഷനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ചേതക് 35 സരീസായി 3501, 3502, 3503 എന്നീ മൂന്ന് വേരിയന്റുകളെയാണ് പുറത്തിറക്കിയത്.
ടോപ് വേരിയന്റായ 3501 ന് 1.27 ലക്ഷം രൂപയും 3502ന് 1.20 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. പുതിയ ഫ്രെയിമിൽ പുറത്തിറക്കിയ ചേതകിന്റെ രൂപ ഭംഗിയിൽ കാര്യമായ മാറ്റം പ്രകടമല്ലെങ്കിലും ബാറ്ററിയുടെ സ്ഥാന ചലനം 35 സീരീസിനെ ഫീച്ചറുകളാൽ സമ്പന്നമാക്കി.
3.5 kWh ബാറ്ററിയാണുള്ളത്. ബാറ്ററി ഫ്ലോർബോർഡിന് താഴെക്ക് മാറ്റി സീറ്റിനടിയിൽ കൂടുതൽ സംഭരണ ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്.
പഴയ ചേതക്കിനെ കുറിച്ചുള്ള ചുരുക്കം ചില പരാതികളിൽ ഒന്നായിരുന്നു ഇത്. ഏഥർ, ടി.വി.എസ്, ഒല എന്നീ എതിരാളികൾ 30+ ലിറ്റർ സ്റ്റോറേജ് നൽകുമ്പോൾ വെറും 22 ലിറ്റർ മാത്രമായിരുന്നു മുൻപ് ചേതകിനുണ്ടായിരുന്നത്. എന്നാൽ പുതിയ മാറ്റത്തോടെ 35 ലിറ്ററിലേക്ക് ഉയർത്താൻ ചേതകിനായി.
ഫുൾ ചാർജിൽ 153 കിലോമീറ്റർ ചാർജ് അവകാശപ്പെടുന്ന ചേതക് 35 സീരീസിൽ വെറും മൂന്ന് മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യാനുമാകും. പുതിയ ബാറ്ററി മൂന്ന് കിലോ ഭാരം കുറച്ചിട്ടുണ്ട്.
ചേതക് 3501, മുൻനിര സ്‌പെക്ക് ആയതിനാൽ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മ്യൂസിക് കൺട്രോൾ, ഇന്റഗ്രേറ്റഡ് മാപ്പുകൾ, ജിയോ ഫെൻസിങ് എന്നിവയും ഒരു പുതിയ TFT ടച്ച്‌സ്‌ക്രീൻ ലഭിക്കുന്നു.
പുതിയ 4kW പെർമനന്റ് മാഗ്‌നറ്റ് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് സ്കൂട്ടറിനെ 73 കിലോമീറ്റർ വേഗതയിലേക്ക് നയിക്കും. മുൻവശത്ത് ഡിസ്‌ക് ബ്രേക്കും പിറകിൽ ഡ്രം ബ്രേക്കുമായിരിക്കും.
ചേതക് 3502 മിഡ്-സ്‌പെക്ക് സ്‌കൂട്ടറാണ്. അഞ്ച് ഇഞ്ച്, നോൺ-ടച്ച്‌സ്‌ക്രീൻ TFT ഡിസ്‌പ്ലേ, ഓഫ് ബോർഡ് ചാർജർ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം, 3503 അടിസ്ഥാന വേരിയന്റാണ്. രണ്ട് അറ്റത്തും ഡ്രം ബ്രേക്കുളാണുണ്ടാകുക. ചേതക് 3503 ന്റെ വില പിന്നീട് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

