
ഔഡി ക്യു 3 സ്പോർട്സ് ബാക്ക് ഇന്ത്യയിൽ; വില 51.43 ലക്ഷം
text_fieldsലക്ഷ്വറി വാഹന പ്രേമികൾ കാത്തിരുന്ന ഔഡിയുടെ പുത്തൻ ക്യൂ 3 സ്പോർട്‌ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 51.43 ലക്ഷം രൂപയാണ് ഈ കൂപ്പെ പതിപ്പിന്റെ എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് എസ്‌യുവിയെ അപേക്ഷിച്ച് കൂപ്പെ സ്റ്റൈലിംഗുമായാണ് സ്പോർട്‌ബാക്കിന്റെ വരവ്.
2022 ഓഗസ്റ്റിൽ 44.89 ലക്ഷം രൂപയ്ക്ക് ഏറ്റവും പുതിയ ക്യു 3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ആദ്യ കാഴ്ച്ചയിൽ ഇത് സ്റ്റാൻഡേർഡ് മോഡലിന് സമാനമാണെന്ന് തോന്നുമെങ്കിലും ചില ശ്രദ്ധേയമായ പരിഷ്ക്കാരങ്ങൾ പുത്തൻ പതിപ്പിൽ വരുത്തിയിട്ടുണ്ട്. സ്ലോപ്പിങ് റൂഫ്‌ലൈൻ, ഹണികോംബ്-മെഷ് ഗ്രിൽ, ബ്ലാക്ക്ഡ്-ഔട്ട് ക്രോം ആക്‌സന്റുകൾ, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പം തനതായ ശൈലി പിടിച്ചാണ് സ്പോർട്ബാക്കിന്റെ വരവ്.
എക്സ്റ്റീരിയർ
വലുതും കൂടുതൽ സ്റ്റൈലിഷുമായ 18 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം ചുവന്ന നിറത്തിൽ ഒരുക്കിയിരിക്കുന്ന ബ്രേക്ക് കാലിപ്പറുകൾ ഔഡി ക്യു 3 സ്പോർട്ബാക്ക് കൂപ്പെ എസ്.യു.വിക്ക് സ്പോർട്ടി രൂപം നൽകുന്നു. ക്വാട്രോ ബാഡ്‌ജിങ്ങോടുകൂടിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലിന് പുറമെ സ്റ്റൈലിഷ് എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ ചേർത്തിരിക്കുന്നതും ആകർഷകമാണ്.
മൂന്ന് വേരിയന്റുകളിലാണ് ക്യു 3 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. പ്രീമിയം പ്ലസ് (44.89 ലക്ഷം), ടെക്‌നോളജി (50.39 ലക്ഷം), ടെക്‌നോളജി എസ്-ലൈൻ സ്പോർട്‌ബാക്ക് (51.43 ലക്ഷം) എന്നിങ്ങനെയാണ് വില. ടർബോ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവാര ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാം. പനോരമിക് റൂഫ്, എൽ.ഇ.ഡി കോമ്പിനേഷൻ ടെയിൽ ലൈറ്റുകൾ, ജെസ്‌ചർ കണട്രോൾ സംവിധാനമുള്ള ടെയിൽഗേറ്റ്, സ്മാർട്ട് കംഫർട്ട് കീ എന്നിവയാണ് വാഹനത്തിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.
ഇന്റീരിയർ
അകത്തളത്തിലേക്ക് വന്നാൽ ഔഡിയുടെ പുതിയ ഡിസൈൻ ഭാഷ്യത്തിൽ ഒരുക്കിയിരിക്കുന്ന ഡാഷ്‌ബോർഡാണ് പ്രധാന ഹൈലൈറ്റ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും അതിന്റെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനായി ഫിസിക്കൽ ഡയലുകളും ബട്ടണുകളും ഇതിൽ കാണാം. സെന്റർ കൺസോളിൽ ഇൻഫോടെയ്ൻമെന്റ് കൺട്രോളിനായി ഒരു ഡയലും ട്രാക്കുകൾ മാറ്റുന്നതിനുള്ള ബട്ടണുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.ലെതർ, ലെതറെറ്റ് കോമ്പിനേഷൻ ഉപയോഗിച്ചാണ് സീറ്റുകൾ അലങ്കരിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലും ലെതറിൽ പൊതിഞ്ഞാണ് നൽകിയിരിക്കുന്നത്.
ഫീച്ചറുകൾ
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, നാവിഗേഷൻ, ഔഡി സ്മാർട്ട്ഫോൺ ഇന്റർഫേസ്, ഔഡി വെർച്വൽ കോക്ക്പിറ്റ്, വയർലെസ് ചാർജിങ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റുകൾ, 10 സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് പുതിയ കൂപ്പെ എസ്‌യുവിയുടെ ഇന്റീരിയറിനെ സമ്പുഷ്‌ടമാക്കുന്ന മറ്റ് ഘടകങ്ങൾ. ഒകാപി ബ്രൗൺ, പേൾ ബീജ് എന്നീ രണ്ട് ഇന്റീരിയർ കളർ ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
എഞ്ചിൻ
ക്യൂ 3 എസ്‌യുവി ശ്രേണിക്ക് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് TFSI എഞ്ചിൻ തന്നെയാവും പുതിയ സ്പോർട്ബാക്ക് കൂപ്പെയ്ക്കും തുടിപ്പേകുക. 7-സ്പീഡ് എസ്-ട്രോണിക് ഗിയർബോക്സും ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 190 bhp പവറിൽ 320 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാനും ഔഡി ക്യൂ 3 സ്പോർട്ബാക്ക് പ്രാപ്‌തമാണ്. പാഡിൽ ഷിഫ്റ്ററുകളും കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
