ബുക്ക് ചെയ്ത് റദ്ദാക്കിയാലും ടോക്കൺ അഡ്വാൻസ് മുഴുവൻ തിരികെ ലഭിക്കും! ഹിറ്റായി 'ഏഥർ കൊണാർക്ക്'
text_fieldsഏഥർ കൊണാർക്ക്
2013ൽ ബംഗളൂരു ആസ്ഥാനമായി ആരംഭിച്ച ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളായ ഏഥർ എനർജിയുടെ ഏറ്റവും പുതിയ ഫാമിലി സ്കൂട്ടറായ കൊണാർക്കിന് മികച്ച സ്വീകാര്യത. സാധാരണക്കാരായ ഉപയോക്താക്കളെയും ദൈനംദിന യാത്രാ ആവശ്യങ്ങളെയും മുൻനിർത്തി പുറത്തിറക്കിയ ഈ വാഹനം, ഡിസൈൻ ഫീച്ചറുകൾ കൊണ്ടും പ്രായോഗികത കൊണ്ടും വാഹനപ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഏഥർ എനർജിയുടെ പുതിയ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമായ 'ഇഎൽ' പ്ലാറ്റ്‌ഫോമിലാണ് കൊണാർക്ക് നിർമിച്ചിരിക്കുന്നത്. മികച്ച യാത്ര സുഖം, കൂടുതൽ റേഞ്ച്, സ്കൂട്ടർ നിരയിലെ ആദ്യ മെറ്റൽ ബോഡി എന്നിങ്ങനെ നിരവധി സവിശേഷതകളോടെ വിപണിയിൽ എത്തുന്ന സ്കൂട്ടറിന്റെ ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.
2,499 രൂപ ടോക്കൺ അഡ്വാൻസ് നൽകി 'ഏഥർ കൊണാർക്ക് ബുക്കിങ് പോർട്ടൽ' വഴി ഉപഭോക്താക്കൾക്ക് സ്കൂട്ടർ ബുക്ക് ചെയ്യാം. എന്നാൽ ബുക്കിങ് പൂർത്തീകരിച്ച് പിന്നീട് ബുക്കിങ് റദ്ദാക്കേണ്ടി വന്നാലും ടോക്കൺ അഡ്വാൻസ് നൽകിയ തുക മുഴുവനായും ഉപഭോക്താവിന് തിരിച്ച് ലഭിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്.
ഏഥർ നിരയിൽ ആദ്യമായി പൂർണ്ണമായും ലോഹ നിർമിതമായ (Metal Body & Steel Unibody Chassis) ബോഡിയുമായിട്ടാണ് കൊണാർക്ക് എത്തുന്നത്. പരന്ന ഫ്ലോർബോർഡും നീളം കൂടിയ സിംഗിൾ പീസ് സീറ്റും നഗരയാത്രകളിൽ മികച്ച യാത്രാസുഖം നൽകുന്നു. S, Z എന്നീ നിരകളിലായി ആറ് വേരിയന്റുകളിലാണ് സ്കൂട്ടർ ലഭ്യമാകുക. 2.1 kWh, 2.7 kWh, 3.5 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി വകഭേദങ്ങളും സ്കൂട്ടറിന് ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ 100 കി.മീ മുതൽ 170 കി.മീ വരെയാണ് ഐ.ഡി.സി സ്ഥിരീകരിച്ച റേഞ്ച്. ഭാവിയിൽ 200 കിലോമീറ്റർ റേഞ്ച് നൽകുന്ന ലോങ്-റേഞ്ച് പതിപ്പും കമ്പനിയുടെ പ്ലാനിലുണ്ട്. കൂടാതെ, 10,000 കിലോമീറ്ററിൽ മാത്രം സർവീസ് ചെയ്താൽ മതിയെന്നത് വാഹനത്തിന്റെ പരിപാലന ചെലവ് ഗണ്യമായി കുറക്കാനും സഹായിക്കുന്നുണ്ട്.
ഏഴ് ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗ്‌ൾ മാപ്സ് നാവിഗേഷൻ, ഓട്ടോഹോൾഡ് (AutoHold), ഓട്ടോപോപ് (AutoPop) സീറ്റ് മെക്കാനിസം, ടോ & തെഫ്റ്റ് അലർട്ടുകൾ എന്നിവ കൊണാർക്കിന്റെ പ്രധാന ഹൈലൈറ്റുകളാണ്. കൂടാതെ, സുരക്ഷക്കായി അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വില വിവരങ്ങൾ
- S 100 (2.1 kWh): ₹99,999 മുതൽ
- S 125 (2.7 kWh): ₹1,21,999
- S 161 (3.5 kWh): ₹1,44,999
ഏഥർ ട്രൂ ഹെൽത്ത്
സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹന വിപണിയിൽ വിശ്വാസ്യത ഉറപ്പാക്കാൻ 'ഏഥർ ട്രൂ ഹെൽത്ത്' എന്ന വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ട് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് റൈഡിങ് രീതി, ബാറ്ററി കണ്ടീഷൻ, സർവീസ് വിവരങ്ങൾ, പ്രധാന ഭാഗങ്ങളുടെ അവസ്ഥ എന്നിവ വിശകലനം ചെയ്ത് ഡിജിറ്റൽ റിപ്പോർട്ട് തയ്യാറാക്കും. വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ റിപ്പോർട്ട് വഴി തങ്ങളുടെ സ്കൂട്ടറിന്റെ കൃത്യമായ റീസെയിൽ വാല്യു (Resale Value) അറിയാനും വാങ്ങുന്നവർക്ക് ഇത് കാണിച്ചു നൽകാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

