Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇലക്ട്രിക്...

ഇലക്ട്രിക് വിപണിയിലേക്ക് ഏഥർ എനർജിയുടെ പുത്തൻ കരുത്ത്; 'കൊണാർക്' ഉടൻ വിപണിയിൽ

text_fields
bookmark_border
Scenes from Konark teaser
cancel
camera_alt

ടീസറിലെ കൊണാർക്കിന്റെ ദൃശ്യങ്ങൾ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രമുഖ ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി (Ather Energy) തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. 'ഏഥർ കൊണാർക്ക്' (Ather Konarc) എന്ന് നാമകരണം ചെയ്തിരിക്കുന്ന വാഹനം കമ്പനിയുടെ വാർഷിക കൂട്ടായ്മയായ 'ഏഥർ കമ്മ്യൂണിറ്റി ഡേ'യിൽ 2026 ആഗസ്റ്റ് 29ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

കമ്പനിയുടെ പുതിയ 'EL' പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യ പ്രൊഡക്ഷൻ സ്കൂട്ടറാണിത്. സാധാരണക്കാരായ ഉപഭോക്താക്കളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിക്കുന്ന ഈ മോഡൽ, ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂട്ടർ ഇലക്ട്രിക് സെഗ്‌മെന്റിൽ ഏഥറിന്റെ വേരോട്ടം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിതമായ നിരക്കിൽ ഉയർന്ന ഉപയോഗക്ഷമതയും ഫാമിലി കംഫർട്ടും നൽകുക എന്നതാണ് പുതിയ സ്കൂട്ടറിന്റെ ലക്ഷ്യം. കമ്പനി പുറത്തിറക്കിയ ടീസർ ചിത്രങ്ങൾ അനുസരിച്ച്, 'EL01' കൺസെപ്റ്റ് ഡിസൈനുമായി ഏറെ സാദൃശ്യമുള്ളതാണ് പുതിയ കൊണാർക്ക്. സ്പോർട്ടി ലുക്കിലുള്ള ഏഥർ 450 സീരീസിൽ നിന്നും വ്യത്യസ്തമായി തികച്ചും കുടുംബപ്രേമികൾക്ക് ഇണങ്ങുന്ന ലളിതവും പ്രായോഗികവുമായ ഡിസൈനാണ് കൊണാർക്കിനുള്ളത്.

ഹാൻഡിൽബാറിൽ ഘടിപ്പിച്ച ഹെഡ്‌ലാമ്പും, ലംബമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ആപ്രണും സ്കൂട്ടറിന് കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകുന്നു. ഇതിന് കുറുകെ മുഴുവനായും നീളുന്ന എൽ.ഇ.ഡി ഡി.ആർ.എല്ലും (LED DRL), അതിനുമുകളിലായി പ്രകാശിക്കുന്ന 'ഏഥർ' ബ്രാൻഡിങ് ലോഗോയും നൽകിയിട്ടുണ്ട്. നീളമേറിയതും പരന്നതുമായ സിംഗിൾ പീസ് സീറ്റ് (Single-piece seat), വിശാലമായ ഫ്ലോർബോർഡ് എന്നിവ ദിവസേനയുള്ള യാത്രകൾ കൂടുതൽ സുഖകരമാക്കുന്നു. ബോഡി വർക്കിൽ ഭംഗിയായി ലയിച്ചുകിടക്കുന്ന സ്ലിം എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ വാഹനത്തിന് ആധുനിക ഭംഗി നൽകുന്നുണ്ട്. കൂടാതെ ഉയർന്ന വകഭേദങ്ങളിൽ അലോയ് വീലുകളും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളും പ്രതീക്ഷിക്കാം.

ഏകദേശം പത്തുവർഷത്തെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമായാണ് ഏഥർ പുതിയ EL പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുവരെയുള്ള മോഡലുകൾ ടെക്നോളജി പ്രേമികളെയും പെർഫോമൻസ് ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടായിരുന്നെങ്കിൽ, EL പ്ലാറ്റ്‌ഫോം പൂർണ്ണമായും താങ്ങാനാകുന്ന വില, യാത്രാസുഖം, ചാർജിങ് സൗകര്യം, കുറഞ്ഞ മെയിന്റനൻസ് ചെലവ്, മികച്ച റീസെയിൽ വാല്യൂ എന്നിവ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കുടുംബങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ 'ഏഥർ റിസ്ത'ക്ക് (Ather Rizta) സമാനമായ റോൾ കൊണാർക്കും നിർവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, അതിനേക്കാൾ അപ്രാപ്യമല്ലാത്തതും കൂടുതൽ മത്സരക്ഷമവുമായ വിലയിൽ വാഹനം വിപണിയിലെത്തുമെന്നാണ് സൂചനകൾ.

സ്കൂട്ടറിന്റെ വിപണി പ്രവേശനത്തിന് മുന്നോടിയായി ഏഥർ തങ്ങളുടെ നിർമാണ യൂനിറ്റിൽ കൊണാർക്കിന്റെ പ്രൊഡക്ഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ബാറ്ററിയും റേഞ്ചും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ആഗസ്റ്റ് 29ലെ ചടങ്ങിൽ വെളിപ്പെടുത്തുമെങ്കിലും, ഈ പ്ലാറ്റ്‌ഫോം 2 kWh മുതൽ 5 kWh വരെയുള്ള ബാറ്ററി പായ്ക്കുകളെ പിന്തുണയ്ക്കാൻ ശേഷിയുള്ളതാണ്. കൂടാതെ വലിയ 14 ഇഞ്ച് മുൻ ചക്രങ്ങളും 12 ഇഞ്ച് പിൻ ചക്രങ്ങളും സ്കൂട്ടറിൽ ഇടംപിടിച്ചേക്കാം.

ഏകദേശം 99,000 രൂപ മുതൽ 1.25 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന വില. കൂടാതെ ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ (BaaS) മാതൃക കൂടി വന്നാൽ വില ഇനിയും കുറയാൻ സാധ്യതയുണ്ട്. ഏഥറിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട മാസ്-മാർക്കറ്റ് ഫാമിലി ഇലക്ട്രിക് വാഹനമായി കൊണാർക്ക് മാറുമെന്നാണ് ഓട്ടോമൊബൈൽ ലോകത്തിന്റെ വിലയിരുത്തൽ. ഔദ്യോഗിക ലോഞ്ചിനായി ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വലിയ ആകാംക്ഷയോടെയാണ് ഉപഭോക്താക്കൾ ഈ പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ScooterAther EnergyAuto NewsAther Konarc
News Summary - ഇലക്ട്രിക് വിപണിയിലേക്ക് ഏഥറിന്റെ പുത്തൻ കരുത്ത്; 'കോണാർക്ക്' ഉടൻ വിപണിയിൽ
Next Story