
ബഡ്ജറ്റ് ഫ്രണ്ട്ലി ഇ.വി സ്കൂട്ടറുമായി ഏഥർ; വില 1.30 ലക്ഷം മുതൽ
text_fieldsഅടുത്തിടെയാണ് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ എയർ ഇ.വി പുറത്തിറക്കിയത്. അതിന് പിന്നാലെ വൈദ്യുത വാഹന വിപണിയിലെ മറ്റൊരു പ്രധാന കമ്പനിയായ ഏഥറും തങ്ങളുടെ വിലകുറഞ്ഞ സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 450 എസ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന്‍റെ പുത്തൻ ടീസർ കമ്പനി പുറത്തുവിട്ടു. സ്കൂട്ടറിന്‍റെ വില പ്രഖ്യാപനവും ഏഥർ നടത്തിയിട്ടുണ്ട്. 1.30 ലക്ഷം രൂപ മുതലാണ് പുതിയ ഇ.വിയുടെ വില.മോഡലിന്റെ പ്രീ-ബുക്കിങ് രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 2500 രൂപ ടോക്കണ്‍ തുക നല്‍കി ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.
ഏഥറിന്‍റെ വിലകൂടിയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ വാഹനത്തിന്‍റെ റേഞ്ച് കുറവാണ്. 115 കിലോമീറ്ററാണ് പുതിയ സ്കൂട്ടറിന്‍റെ റേഞ്ച്. 450 എക്സ് എന്ന കൂടിയ മോഡലിന് 146 കിലോമീറ്റർ റേഞ്ചാണുള്ളത്. എന്നാൽ ഉയർന്ന വേഗത രണ്ടിനും ഒരുപോലെയാണ്, മണിക്കൂറിൽ 90 കിലോമീറ്റർ. ഓഗസ്റ്റ് 11ന് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോഡലിന്റെ ലോഞ്ചിന് മുന്നോടിയായാണ് ടീസര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ടീസര്‍ ചിത്രത്തില്‍ ഏറ്റവും പുതിയ ഏഥര്‍ 450 എസിന്റെ പിന്‍ഭാഗമാണ് കാണിക്കുന്നത്. സ്‌കൂട്ടറിന് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ടച്ച് ഇന്റര്‍ഫേസ്, നാവിഗേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഇല്ലാതെയാകും ഏഥര്‍ 450 എസ് എത്തുക. കേന്ദ്ര സര്‍ക്കാര്‍ ഫെയിം 2 സബ്‌സിഡി വെട്ടിക്കുറച്ചതോടെ പ്രീമിയം ഇവികള്‍ക്ക് വില വർധിച്ചിരുന്നു. ഇതോടെയാണ് കമ്പനികൾ വിലകുറഞ്ഞ മോഡലുകൾ അവതരിപ്പിക്കാൻ തുടങ്ങിയത്.
ഏഥർ ഇലക്ട്രികിന്റെ വിജയകരമായ 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുത്തന്‍ സ്‌കൂട്ടറും പണികഴിപ്പിച്ചിരിക്കുന്നത്. ചെറിയ 3kWh ബാറ്ററി പായ്ക്ക് ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 8.58 bhp പവറും 26 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള മോട്ടോറാണ് നൽകുന്നത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. ഒല S1 എയറുമായാണ് വാഹനം വിപണിയില്‍ മത്സരിക്കുന്നത്. 1,09,999 രൂപയാണ് ഓല S1 എയറിന്റെ പ്രാരംഭ വില. ഇത് വൈകാതെ 1.19 ലക്ഷം രൂപയായി ഉയരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
