റോയൽ എൻഫീൽഡിന്‍റെ വാഹനനിരയിലേക്ക് 650 സി.സി ക്രൂസർ വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. നേരത്തേ ചില ടെസ്റ്റ് ഡ്രൈവ് ചിത്രങ്ങൾ പുറത്തുവന്നിരുന്നെങ്കിലും റോയൽ ഒന്നും ഉറപ്പിച്ച് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ പുതിയൊരു ടെസ്റ്റ് ഡ്രൈവ് ചിത്രംകൂടി പുറത്തുവന്നിരിക്കുകയാണ്. 650 സിസി പാരലൽ ട്വിൻ എഞ്ചിനാണ് ചിത്രങ്ങളിൽ കാണുന്ന വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്റർസെപ്ടറിനും കോണ്ടിനെന്‍റൽ ജി.ടിക്കുമൊക്കെ മുകളിൽ പുതിയ ഷാസിയിൽ റോയലിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായിരിക്കും ഇതെന്നാണ് സൂചന.
ഇതുവരെയുള്ള വിവരങ്ങൾ
ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്‍റൽ ജിടി 650 എന്നിവയിൽ നിന്നുള്ള 650 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളാണ് വാഹനത്തിനുള്ളത്. ടെസ്റ്റ് ബൈക്കിന് ക്രോമിന് പകരം കറുത്ത കെയ്സുകളാണ് നൽകിയിരിക്കുന്നതെങ്കിലും ഇരുവശത്തുമുള്ള എഞ്ചിൻ കെയ്സുകൾ റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്ക് സമാനമാണ്. റോയൽ എൻഫീൽഡ് ഈ ബൈക്കിനായി തികച്ചും വ്യത്യസ്തമായൊരു ഫ്രെയിം പരീക്ഷിക്കുന്നതായാണ് സൂചന.
ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്‍റൽ ജിടി 650 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വശത്തുള്ള മെറ്റൽ ട്യൂബിംഗ് തികച്ചും വ്യത്യസ്തമാണ്. ഇരട്ട റിയർ ഷോക്കുകൾ ഒരു കോണിൽ കൂടുതൽ ഘടിപ്പിച്ചിരിക്കുന്നു. മറ്റ് ക്രൂയിസറുകളിലേതുപോലെ ഈ ബൈക്കിനും മുന്നിൽ യുഎസ്ഡി ഫോർക്ക് ഷോക്ക് അബ്സോർബറുകൾ നൽകിയിരിക്കുന്നതും ദൃശ്യമാണ്.