ടെസ്‌ലയിൽ ഒരു യുഗം അവസാനിക്കുന്നു; മോഡൽ എസും മോഡൽ എക്സും നിർത്തലാക്കാനൊരുങ്ങി കമ്പനി
text_fieldsടെസ്‌ല മോഡൽ എക്സ്
കാലിഫോർണിയ: ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല, തങ്ങളുടെ ഐകോണിക് മോഡലുകളായ 'മോഡൽ എസ്', 'മോഡൽ എക്സ്' എന്നിവയുടെ ഉത്പാദനം നിർത്തുന്നതായി റിപ്പോർട്ടുകൾ. കമ്പനി സി.ഇ.ഒ ഇലോൺ മസ്ക് ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2026ന്റെ രണ്ടാം പകുതിയോടെ ഈ മോഡലുകൾ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടെസ്‌ലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മോഡലുകളാണിവ. എന്നിരുന്നാലും, പുതിയ വിപണി സാഹചര്യങ്ങളും മാറുന്ന മുൻഗണനകളുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. കാലിഫോർണിയയിലെ ഫ്രീമോണ്ട് ഫാക്ടറിയിൽ ഈ മോഡലുകൾ നിർമ്മിച്ചിരുന്ന ലൈനുകൾ ഇനി 'ഒപ്റ്റിമസ്' (Optimus) എന്ന പേരിൽ ടെസ്‌ല വികസിപ്പിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കും.
മോഡൽ 3, മോഡൽ വൈ എന്നീ ജനപ്രിയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ മോഡൽ എസ്, എക്സ് എന്നിവയുടെ വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടെസ്‌ലയുടെ മൊത്തം വിൽപ്പനയുടെ ചെറിയൊരു ശതമാനം മാത്രമാണ് ഇപ്പോൾ ഈ മോഡലുകൾ പങ്കിടുന്നത്. സ്വയം നിയന്ത്രിത വാഹനങ്ങളായ 'റോബോടാക്സി' (Robotaxi), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.
നിലവിൽ ഈ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആവശ്യമായ സാങ്കേതിക പിന്തുണയും സർവീസും കമ്പനി തുടർന്നും നൽകുമെന്ന് മസ്ക് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ പുതിയ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം പകുതി വരെ മാത്രമേ അതിനുള്ള അവസരം ലഭിക്കൂ. ഒറ്റചാർജിൽ 650 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന മോഡൽ എസിന് മൂന്ന് സെക്കൻഡിനുള്ളിൽ 100 കി.മീ വേഗത കൈവരിക്കാനുള്ള ശേഷിയുണ്ട്. ഫാൽക്കൺ വിങ്' (Falcon-wing) ഡോറുകളും ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന സൗകര്യവുമാണ് മോഡൽ എക്സ് എസ്.യു.വിയുടെ പ്രധാന ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

