വൈദ്യുത വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ അന്വേഷിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി
text_fieldsന്യൂഡൽഹി: വൈദ്യുത ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളിൽ അന്വേഷണം നടത്തുമെന്ന് റോഡ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗിരിധർ അരമനി. വൈദ്യുത വാഹനങ്ങളുടെ ഡിസൈൻ, ഉത്പാദനം, വിതരണം, ബാറ്ററി ഉത്പാദനം എന്നിവയെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ ശേഷം ആവശ്യമെങ്കിൽ ഇ.വി വാഹന നിർമാതാക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകുമെന്നും ഗിരിധർ അരമനി പറഞ്ഞു.
ബാറ്ററികൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനികളോട് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത -ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. പോരായ്മകളുള്ള വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും കമ്പനികളോട് മന്ത്രി അഭ്യർഥിച്ചിരുന്നു. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകും. ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ പുണെയിൽ തീപിടിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കേന്ദ്ര അഗ്നി-സ്ഫോടന സുരക്ഷ വിഭാഗത്തിനാണ് അന്വേഷണച്ചുമതല (സി.എഫ്.ഇ.ഇ.എസ്). തീപിടിത്തമുണ്ടായ സാഹചര്യത്തിൽ 1,444 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചതായി ഒല വ്യക്തമാക്കിയിരുന്നു. ഒകിനാവ ഓട്ടോടെക് 3000 സ്കൂട്ടറുകളും പ്യുർ ഇ.വി 2000 യൂനിറ്റുകളും തിരികെവിളിച്ചിരുന്നു.

