Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇലക്ട്രിക് വിപണി...

ഇലക്ട്രിക് വിപണി കൈവിടാതെ ടാറ്റ; ഹാരിയർ ഇവിക്ക് പിന്നാലെ സഫാരിയുടെ ഇവി പതിപ്പും വിപണിയിലേക്ക്!

text_fields
bookmark_border
ഇലക്ട്രിക് വിപണി കൈവിടാതെ ടാറ്റ; ഹാരിയർ ഇവിക്ക് പിന്നാലെ സഫാരിയുടെ ഇവി പതിപ്പും വിപണിയിലേക്ക്!
cancel

ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇ.വി) വിപണിയിൽ തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാൻ ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ വാഹനനിരയിലെ ഏറ്റവും ജനപ്രിയവും ആഡംബരപൂർണ്ണവുമായ പ്രീമിയം എസ്‌.യു.വി 'സഫാരി' ഇനി സമ്പൂർണ്ണ ഇലക്ട്രിക് കരുത്തിൽ വിപണിയിലെത്തും. ടാറ്റ മോട്ടോഴ്‌സിന്റെ മൂന്ന് നിരകളുള്ള വാഹനത്തിലെ ആദ്യ ഇലക്ട്രിക് മോഡലായിരിക്കും സഫാരി. ആറ്, ഏഴ് സീറ്റ് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ടാറ്റ സഫാരി ഇ.വി ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ വിപണിയിലുള്ള ഹാരിയർ ഇ.വിയുടെ മുകളിലായിരിക്കും ടാറ്റയുടെ ഈ പുത്തൻ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ സ്ഥാനം.

സമീപവർഷങ്ങളിലായി തങ്ങളുടെ എല്ലാ പ്രമുഖ മോഡലുകൾക്കും ഇലക്ട്രിക് പതിപ്പുകൾ നൽകിക്കൊണ്ട് ടാറ്റ വിപണിയിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ടിഗോർ, ടിയാഗോ, നെക്സോൺ, പഞ്ച്, ഹാരിയർ എന്നിവക്ക് ശേഷം ആൾട്രോസ്, സിയേറ, സഫാരി എന്നിവയാണ് ടാറ്റയുടെ വാഹനനിരയിൽ വിപണിയിൽ എത്താനുള്ള ഇലക്ട്രിക് മോഡലുകൾ. ഇതിൽ, ഏറെ കാത്തിരിക്കുന്ന ടാറ്റ സിയേറ ഇ.വി ഈ വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയായിരിക്കും സഫാരി ഇ.വിയുടെ രംഗപ്രവേശനം. ഉത്സവ സീസണിലെ മികച്ച വിപണി സാധ്യതകൾ ലക്ഷ്യമിട്ടാണ് ടാറ്റ ഈ തന്ത്രപരമായ നീക്കം നടത്തുന്നത്.

ഡിസൈനിലെ ആകർഷണീയതയും പുത്തൻ മാറ്റങ്ങളും

വിപണിയിൽ ലഭ്യമായ സഫാരിയുടെ (ഐ.സി.ഇ) അതേ ഡിസൈൻ ശൈലി തന്നെയാണ് സഫാരി ഇ.വിയും പിന്തുടരുന്നത്. എങ്കിലും ഒരു ഇലക്ട്രിക് വാഹനത്തിന്റേതായ നിരവധി മാറ്റങ്ങൾ ഇതിൽ ദൃശ്യമാകും. ഹാരിയർ ഇ.വിയോട് സമാനമായ അപ്പർ ഗ്രില്ലാണ് സഫാരിയിലും നൽകിയിരിക്കുന്നതെന്ന് പരീക്ഷണ ഘട്ടത്തിലുള്ള വാഹനത്തിന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ മുൻ വശത്തെ ഡോറുകളിൽ എക്സ്ക്ലൂസീവ് ആയി 'ഇ.വി' ബാഡ്ജിങ്ങും നൽകിയിരിക്കുന്നു. സാധാരണ സഫാരിയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രിക് പതിപ്പിൽ വശങ്ങളിൽ 'സൈഡ് സ്റ്റെപ്പുകൾ' ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രായമായവർക്കും കുട്ടികൾക്കും വാഹനത്തിലേക്ക് എളുപ്പത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഏറെ സഹായകരമാകും.

വാഹനത്തിന്റെ പിൻഭാഗത്തും വലിയൊരു സാങ്കേതിക മാറ്റം പ്രകടമാണ്. മികച്ച ഹാൻഡ്‌ലിങ്ങും യാത്രാസുഖവും ഉറപ്പാക്കുന്നതിനായി ഫ്രീക്വൻസി ഡിപെൻഡന്റ് ഡാമ്പിങ് (Frequency-dependent damping) ഷോക്ക് അബ്സോർബറുകളോട് കൂടിയ അത്യാധുനിക 'മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷൻ' സംവിധാനമാണ് ഇ.വി പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. ഇത് ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് മികച്ച യാത്രസുഖം സമ്മാനിക്കും. ഇന്റീരിയർ ഫീച്ചറുകൾ നിലവിലുള്ള പ്രീമിയം സഫാരിക്ക് സമാനമായിരിക്കുമെങ്കിലും, ഇൻഫോടൈന്മെന്റ്, ക്ലസ്റ്റർ ഡിസ്‌പ്ലേകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായുള്ള പ്രത്യേക ഫീച്ചറുകളും ചാർജിങ് സ്റ്റാറ്റസ് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകും.

കരുത്തുറ്റ വേരിയന്റുകളും ഡ്രൈവിങ് മോഡുകളും

ഉപഭോക്താക്കളുടെ ആവശ്യാനുസരണം മൂന്ന് പ്രധാന വേരിയന്റുകളിലാണ് ടാറ്റ സഫാരി ഇ.വി അവതരിപ്പിക്കാൻ സാധ്യതയുള്ളത്. സ്റ്റാൻഡേർഡ് റേഞ്ച് റിയർ വീൽ ഡ്രൈവ്, എക്സ്റ്റെൻഡഡ് റേഞ്ച് റിയർ വീൽ ഡ്രൈവ്, എക്സ്റ്റെൻഡഡ് റേഞ്ച് ഓൾ വീൽ ഡ്രൈവ്. ഇതിൽ സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ് RWD മോഡലുകളിൽ സിംഗിൾ മോട്ടോർ സംവിധാനമാകും ഉണ്ടാകാൻ സാധ്യത. ഇവ 235 എച്ച്.പി (175 kW) കരുത്തും 315 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡ് വേരിയന്റിൽ 65 kWh എൽ.എഫ്.പി ബാറ്ററിയും, എക്സ്റ്റെൻഡഡ് വേരിയന്റിൽ വലിയ 75 kWh എൽ.എഫ്.പി ബാറ്ററിയും ഉപയോഗിക്കും.

ഓഫ്-റോഡ് പ്രേമികൾക്കായി എക്സ്റ്റെൻഡഡ് റേഞ്ച് AWD പതിപ്പും ടാറ്റ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ പിന്നിലെ മോട്ടോറിന് പുറമെ മുൻവശത്ത് 156 എച്ച്.പി (116 kW) കരുത്തും 164 എൻ.എം ടോർക്കും നൽകുന്ന മറ്റൊരു മോട്ടോർ കൂടി അധികമായി ഉണ്ടാകും. ഇവ രണ്ടും ചേർന്ന് ആകെ 390 എച്ച്.പി (291 kW) കരുത്തും കടുപ്പമേറിയ 504 എൻ.എം ടോർക്കും വാഹനത്തിന് സമ്മാനിക്കും. വാഹനത്തിൽ പ്രത്യേകമായി നൽകിയിരിക്കുന്ന 'ബൂസ്റ്റ്' (Boost) ഡ്രൈവ് മോഡിലൂടെ ഉയർന്ന ടോർക്ക് പൂർണ്ണമായും പ്രയോജനപ്പെടുത്താം. കൂടാതെ സ്നോ/ഗ്രാസ് (Snow/Grass), മഡ്-റട്സ് (Mud-Ruts), സാൻഡ് (Sand), റോക്ക് ക്രോൾ (Rock Crawl) തുടങ്ങിയ അഡ്വാൻസ്ഡ് ടെറൈൻ മോഡുകളും ഇ.വി പതിപ്പിലുണ്ടാകും. 75 kWh ബാറ്ററിയാണ് ഈ AWD പതിപ്പിൽ സ്റ്റാൻഡേർഡായി വരുന്നത്.

റേഞ്ചും ചാർജിങ് ശേഷിയും

വലിയ എസ്‌.യു.വി എന്ന നിലയിൽ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ മികച്ച റേഞ്ചാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പ് ഒറ്റ ചാർജിങ്ങിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമ്പോൾ, വലിയ ബാറ്ററിയുള്ള എക്സ്റ്റെൻഡഡ് റേഞ്ച് RWD, AWD പതിപ്പുകൾ 600 കിലോമീറ്റർ വരെ ഉയർന്ന റേഞ്ച് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിൽ നിന്ന് മറ്റ് ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് നേരിട്ട് വൈദ്യുതി നൽകാൻ സാധിക്കുന്ന വെഹിക്കിൾ-ടു-ലോഡ് (V2L) ബൈ-ഡയറക്ഷണൽ ചാർജിങ് സാങ്കേതികവിദ്യ സഫാരി ഇ.വിയുടെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭ്യമായിരിക്കും എന്നത് വാഹനത്തിന്റെ വലിയൊരു സവിശേഷതയാണ്. ഇത് കാമ്പിങ്ങിനും ഔട്ട്ഡോർ ആവശ്യങ്ങൾക്കും ഇത് ഏറെ ഉപകാരപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric VehicleTata MotorsTata SafariTata Harrier evAuto News
News Summary - Tata not giving up on the electric market After Harrier EV, Safari's EV version is also coming to the market!
Next Story