ഇന്ത്യക്കാർക്ക് കുറഞ്ഞ വിലയിൽ ചെറു ഇലക്ട്രിക് കാറുമായി ഹ്യുണ്ടായി
text_fieldsഇന്ത്യക്കാർക്കായി ചെറു ഇലക്ട്രിക് കാർ വിപണിയിലെത്തിക്കാനൊരുങ്ങി ഹ്യുണ്ടായി. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലാവും വാഹനം അവതരിപ്പിക്കുകയെന്നാണ് കമ്പനി പറയുന്നത്. കൊറിയൻ കമ്പനിയായ ഹ്യുണ്ടായ്, ഈ വർഷം മുതൽ കൂടുതൽ പ്രീമിയം മോഡലുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ട്.
ഇതോടൊപ്പം ഇന്ത്യക്കായി ചെറിയ ഇലക്ട്രിക് കാർ വികസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി വ്യക്തമാക്കിയത്. 2028 നുള്ളിൽ ഇന്ത്യയിൽ ആറ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ഹ്യുണ്ടായി ഉദ്ദേശിക്കുന്നത്. ഇതിൽ ഒന്നായിരിക്കും ചെറു ഇലക്ട്രിക് കാർ.
അടുത്ത ആറ് വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ കൊണ്ടുവരുന്നതിന് 40 ബില്യൺ രൂപയുടെ നിക്ഷേപ പദ്ധതിയാണ് ഹ്യുണ്ടായി ആസൂത്രണം ചെയ്യുന്നത്. ചാർജിങ് സംവിധാനങ്ങൾ, ഉത്പാദനം, വിൽപന എന്നിവ ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 2019ൽ പുറത്തിറക്കിയ 'കോന' ആയിരുന്നു ഹ്യുണ്ടായുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ.
ഉയർന്ന വിലയും പൊതു ചാർജിങ് സംവിധാനത്തിന്‍റെ പരിമിതിയും കാരണം കോനയുടെ വിൽപ്പന മന്ദഗതിയിലായിരുന്നു. അതേസമയം, ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ അയോണിക് 5 എന്ന ക്രോസ്ഓവർ ഉടൻ വിപണിയിലെത്തും. ഒറ്റ തവണ ചാർജ്ജ് ചെയ്താൽ 480 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
40 ലക്ഷത്തോളം രൂപയാണ് അയോണിക് 5ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മൊത്തം കാർ വിൽപ്പനയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇവികൾ ഉള്ളത്. എന്നാൽ, മലിനീകരണവും ഇന്ധന ഇറക്കുമതിയും കുറക്കുന്ന ശ്രമത്തിന്‍റെ ഭാഗമായി 2030 ഓടെ 30 ശതമാനം വിഹിതമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

