ഒറ്റ ചാർജിൽ 400 കിലോമീറ്റർ റേഞ്ച്! തരംഗമാകാൻ സിമ്പിൾ എനർജിയുടെ ജെൻ 2 'സിമ്പിൾ അൾട്രാ' സ്കൂട്ടർ
text_fieldsസിമ്പിൾ എനർജി ജെൻ 2 സിമ്പിൾ അൾട്രാ
ബംഗളൂരു: ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പുതിയ ചരിത്രം കുറിച്ച സിമ്പിൾ എനർജി, തങ്ങളുടെ രണ്ടാം തലമുറ സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ചു. സിമ്പിൾ വൺ, സിമ്പിൾ വൺ എസ് എന്നിവയുടെ പുതിയ പതിപ്പുകൾക്കൊപ്പം റെക്കോഡ് റേഞ്ചുള്ള 'സിമ്പിൾ അൾട്രാ' മോഡലുമായാണ് കമ്പനി ഇത്തവ എത്തിയത്.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടറെന്ന അവകാശവാദം ഉന്നയിച്ചാണ് സിമ്പിൾ അൾട്രാ എത്തുന്നത്. മോഡലിൽ തന്നെ ഏറ്റവും വലിയ ബാറ്ററി പാക്കായ 6.5 kWh സജ്ജീകരണത്തിലാണ് സിമ്പിൾ അൾട്രാ എത്തുന്നത്. ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (ഐ.ഡി.സി) റേഞ്ച് അനുസരിച്ച് ഒറ്റ ചാർജിൽ 400 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. വെറും 2.77 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുന്ന സ്കൂട്ടറിന്റെ ഏറ്റവും ഉയർന്ന വേഗത പരിധി 115 km/h ആണ്.
സിമ്പിൾ എനർജി നേരത്തെ പുറത്തിറക്കിയ സിമ്പിൾ വൺ മോഡലിനും അതിശയിപ്പിക്കുന്ന റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്തിരുന്നത്. 1,69,999 രൂപയായിരുന്നു വേരിയന്റ് ഒന്നിന്റെ വില. 4.5 kWh ബാറ്ററി പാക്കിൽ എത്തുന്ന സ്കൂട്ടറിന് 236 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സിമ്പിൾ വൺ, വേരിയന്റ് രണ്ടിന്റെ 5 kWh ബാറ്ററി പാക്കിന് 1,77,999 രൂപയാണ് എക്സ് ഷോറൂം വില. 265 കിലോമീറ്റർ റേഞ്ച് വേരിയന്റ് രണ്ട് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ജെൻ 2 സീരിസിൽ പുതിയ മോഡലാണ് സിമ്പിൾ വൺ എസ്. 3.7 kWh ചെറിയ ബാറ്ററി പക്കാണ് ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. 190 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന സ്കൂട്ടറിന് 1,49,999 രൂപയാണ് എക്സ് ഷോറൂം വില. പരിമിത കാലത്തേക്ക് 1,39,999 രൂപ എന്ന പ്രാരംഭ എക്സ് ഷോറൂം വിലയിൽ സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
മുൻ മോഡലുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയതുമാണ് ജെൻ 2 സ്കൂട്ടറുകൾ. ഇതോടെയൊപ്പം കൂടുതൽ സ്റ്റോറേജ് സൗകര്യവും സ്കൂട്ടറുകൾക്ക് ലഭിക്കുന്നു. ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, നാല് ലെവലുകളുള്ള റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയ സുരക്ഷ ഫീച്ചറുകൾക്ക് പുറമെ ആറ് വ്യത്യസ്ത റൈഡിങ് മോഡുകളും എൽ.ടി.ഇ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സ്മാർട്ട് ഡാഷ്‌ബോർഡ്, നാവിഗേഷൻ, ഒ.ടി.എ (OTA) അപ്‌ഡേറ്റുകൾ, ഫൈൻഡ് മൈ വെഹിക്കിൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും ലഭിക്കുന്നു.
നിലവിൽ കൊച്ചി ഉൾപ്പെടെ രാജ്യത്തുടനീളം 61ലധികം ഷോറൂമുകൾ സിമ്പിൾ എനർജിക്കുണ്ട്. ഡീലർഷിപ്പുകൾ വഴിയും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും സ്കൂട്ടറുകൾ ബുക്ക് ചെയ്യാം. 2026 മാർച്ചോടെ ഡീലർഷിപ്പുകളുടെ എണ്ണം 150 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

