എതിരാളികളേ ജാവോ... പുത്തൻ ബുള്ളറ്റ് 350 എത്തി, രാജാവിന്‍റെ പടയോട്ടം തുടരും
text_fieldsപതിറ്റാണ്ടുകളായി നിരത്തുകളെ പ്രകമ്പനം കൊള്ളിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 യുടെ പുതിയ തലമുറ മോട്ടോർസൈക്കിൾ പുറത്തിറക്കി. ചെന്നൈയിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് വാഹനം അവതരിപ്പിച്ചത്. ക്ലാസിക് 350, ഹണ്ടർ 350, മെറ്റിയർ 350 എന്നിവയിൽ ഉപയോഗിച്ചുവരുന്ന ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ നിർമിച്ചിരിക്കുന്നത്.
പുത്തൻ ബുള്ളറ്റ് 350
ഒറ്റ നോട്ടത്തിൽ തന്നെ ആരേയും ആകർഷിക്കുന്ന രൂപമായി ബുള്ളറ്റ് 350 മാറി എന്നുതന്നെ പറയാം. ഏറെക്കുറെ പുതുതലമുറ ക്ലാസിക് 350 യുടെ രൂപത്തിന് സമാനമായാണ് ബുള്ളറ്റ് 350 എത്തിയിരിക്കുന്നത്. ഹെഡ് ലാമ്പും ടെയിൽ ലാമ്പും ക്ലാസികിനോട് ഏറെ സാമ്യമുള്ളതാണ്. എന്നാൽ, സിംഗിൾ പീസ് സീറ്റാണുള്ളത്. പിൻ ടയറിന് വലിപ്പക്കുറവെന്ന ഏറെ നാളായുള്ള പരാതിയും ഇത്തവണ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ടയർ സൈസ് കമ്പനി വർധിപ്പിച്ചു.
പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കും ട്വിൻ ഷോക്ക് അപ്സോർബേർസുമാണ് ഉള്ളത്. 300 എം.എം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുമുണ്ട്. ഉയർന്ന സ്പെക്ക് പതിപ്പുകൾക്ക് 270 എം.എം റിയർ ഡിസ്‌ക് ബ്രേക്കും ലഭിക്കും. സിംഗിൾ പീസ് സീറ്റ്, കൂടുതൽ നേരായ റൈഡിങ് പൊസിഷനുള്ള ഹാൻഡിൽ ബാർ, ദീർഘചതുരാകൃതിയിലുള്ള സൈഡ് ബോക്സുകൾ എന്നിവ ക്ലാസിക് 350 യിൽ നിന്ന് വ്യത്യമാണ്.
അഞ്ച് നിറങ്ങളിൽ ബുള്ളറ്റ് 350 ലഭ്യമാണ്. അവയിൽ ചിലത് ബ്ലാക്ക് ഔട്ട് എഞ്ചിൻ ഫിനിഷുള്ളവയാണ്. റോയൽ എൻഫീൽഡിന്റെ MiY കോൺഫിഗറേറ്റർ വഴി, വാങ്ങുന്നവർക്ക് ട്രിപ്പർ നാവിഗേഷൻ പോഡും അലോയ് വീലുകളും അധികമായി സജ്ജീകരിക്കാനാവും.
എഞ്ചിൻ
പുതുതലമുറ ക്ലാസിക് 350 ൽ ഉള്ള അതേ എയർ-കൂൾഡ്, 349 സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ് ബുള്ളറ്റ് 350 യിലും ഉള്ളത്. 20 എച്ച്.പി പവറും 27 എൻ.എം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. പുതിയ ഫ്രെയിമിലാണ് ഈ എഞ്ചിൻ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ 'വിറയൽ' എന്ന ചീത്തപേര് ഇല്ലാതാവും. 5 സ്പീഡ് ട്രാൻസ്മിഷൻ തന്നെയാണുള്ളത്.
വില
നിലവിലുണ്ടായിരുന്ന ബുള്ളറ്റ് 350 മോട്ടോർസൈക്കിളിന് 1.60 ലക്ഷം രൂപ മുതൽ 1.69 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില. മിലിട്ടറി, സ്റ്റാൻഡേർഡ്, ബ്ലാക്ക് ഗോൾഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ബൈക്കിന്റെ വില ടോപ്പ്-സ്പെക്ക് വേരിയന്റിന് 2.15 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്. 1.73 ലക്ഷം രൂപ (എക്സ് ഷോറൂം) ആണ് പ്രാരംഭ വില. മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് പതിപ്പുകൾക്ക് 1,73,562 രൂപ മുതൽ വില ആരംഭിക്കുന്നു. സ്റ്റാൻഡേർഡ് മെറൂൺ, സ്റ്റാൻഡേർഡ് ബ്ലാക്ക് പതിപ്പുകൾക്ക് 1,97436 രൂപ വരെയാണ് വില.
ബ്ലാക്ക് ഗോൾഡ് പതിപ്പിന് 2,15,801 രൂപ വരെയാണ് വില. ബേസ്-സ്പെക്ക് മിലിട്ടറി പതിപ്പുകൾക്ക് പിൻ ഡ്രം ബ്രേക്കാണ് ഉള്ളത്. ഉയർന്ന വേരിയന്റുകൾക്ക് പിന്നിൽ ഡിസ്ക് ലഭിക്കും. വില നിർണയത്തിൽ പുതിയ ബുള്ളറ്റ് 350, ഹണ്ടർ 350 നും ക്ലാസിക് 350 നും ഇടയിൽ ഇടംപിടിക്കും. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

