Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകൊതിപ്പിക്കുന്ന വിലയിൽ...

കൊതിപ്പിക്കുന്ന വിലയിൽ ആൾട്ടോ കെ 10 അവതരിപ്പിച്ചു; തിരഞ്ഞെടുക്കാൻ ആക്സസറി പാക്കേജുകളും

text_fields
bookmark_border
2022 Maruti Suzuki Alto K10 launched in India at Rs 3.99 lakh
cancel

മാരുതി സുസുകിയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ആൾട്ടോ K10 ന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 3.99 ലക്ഷം മുതൽ 5.84 വരെയാണ് (എക്സ്-ഷോറൂം, ഡൽഹി) വില. മൂന്നാം തലമുറ ആൾട്ടോ K10 അതിന്റെ മുൻഗാമിയേക്കാൾ വലുതാണ്. വാഹനത്തിലേക്ക് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ തിരികെ കൊണ്ടുവന്നതും പ്രത്യേകതയാണ്. ഗ്ലിന്റോ, ഇംപാക്ടോ എന്നീ രണ്ട് ആക്സസറി പാക്കേജുകളും ആൾട്ടോയിൽ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒന്നാമ​ത്തെ ആക്സസറി പാക്കേജുകൾ തെരഞ്ഞെടുക്കുന്നവർക്ക് ക്രോമിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിരവധി കോസ്മെറ്റിക് അപ്‌ഡേറ്റുകൾ അവരുടെ വാഹനങ്ങളിൽ ലഭിക്കും. രണ്ടാമത്തേതിൽ കോൺട്രാസ്റ്റ് ഓറഞ്ച് ആക്‌സന്റുകളാണ് ലഭിക്കുക.

ഹാർട്ട്‌ടെക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ ആൾട്ടോയിൽ സെലേറിയോയിൽ കാണുന്ന 67 എച്ച്പി, 1.0 ലിറ്റർ കെ10 സി പെട്രോൾ എഞ്ചിനാണുള്ളത്. സി.എൻ.ജി പതിപ്പ് പിന്നീട് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. സ്റ്റാൻഡേർഡ്, എൽഎക്സ് ഐ, വിഎക്സ് ഐ, വിഎക്സ് ഐ പ്ലസ് എന്നീ നാല് വകഭേദങ്ങളിൽ വാഹനം ലഭിക്കും. വിഎക്സ്ഐ, വിഎക്സ് ഐ പ്ലസ് എന്നീ മോഡലുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്സും മാരുതി നൽകുന്നുണ്ട്. 5.49 ലക്ഷം രൂപ മുതൽ 5.83 ലക്ഷം രൂപ ഈ വേരിയന്റുകളുടെ വില.


പുറത്തിറക്കലിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ നേരത്തേ കമ്പനി പങ്കുവച്ചിരുന്നു. കേവലം മുഖം മിനുക്കല്‍ മാത്രമല്ല കാര്യമായ രൂപമാറ്റവുമായാണ് വാഹനം എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ നൽകി ഇപ്പോൾ ബുക്ക് ചെയ്യാം.ഡിസൈനില്‍ കാര്യമായ മാറ്റമാണ് ആൾട്ടോയിൽ വരുത്തിയിരിക്കുന്നത്. രണ്ട് വശങ്ങളിലും പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, സെലേറിയോയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്‌ലാമ്പ്, ഗാര്‍ണിഷ് നല്‍കി അലങ്കരിച്ചിട്ടുള്ള വലിയ ഗ്രില്ല്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് ആക്‌സെന്റ്, ആക്‌സെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള നീളത്തില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് പുതിയ ആള്‍ട്ടോ കെ10-ന്റെ മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.


ഡോറിലൂടെ പിന്നിലേക്ക് നീളുന്ന ഷോര്‍ഡര്‍ ലൈന്‍, താഴെ ഭാഗത്തായി സ്ഥാനമുറപ്പിച്ചിട്ടുള്ള ക്ലാഡിങ്ങ്, റിയര്‍ വ്യൂ മിററിലുള്ള കവര്‍ എന്നിവയാണ് വശങ്ങളുടെ സൗന്ദര്യം. പൂര്‍ണമായും ഡിസൈന്‍ മാറിയാണ് ടെയ്ല്‍ ലൈറ്റ് ഒരുങ്ങിയിരിക്കുന്നത്. ഫോഗ്‌ലാമ്പിന് സമാനമായി ഡിസൈനില്‍ റിഫ്‌ളക്ഷന്‍ സ്ട്രിപ്പ് ബമ്പറില്‍ നല്‍കിയിട്ടുണ്ട്. ബമ്പറിന്റെ താഴെയായി ക്ലാഡിങ്ങും റെഡ് സ്ട്രിപ്പും നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ടി ഭാവത്തിനായി റൂഫ് സ്‌പോയിലറും പിന്‍ഭാഗത്ത് ഒരുക്കിയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

പുതുമയോടെയാണ് അകത്തളവും ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റലായി മാറിയിട്ടുള്ള ബേസിക് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാരുതിയുടെ മറ്റ് ഹാച്ച്ബാക്കുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും മാറിയിട്ടുള്ള എയര്‍ കണ്ടീഷന്‍ മൊഡ്യൂള്‍ എന്നിവയാണ് അകത്തളത്തില്‍ പുതുമ പകരുന്നത്. ഡോര്‍ പാഡുകളിലും ഇന്നര്‍ ഹാന്‍ഡിലിലുമുണ്ട് മാറ്റങ്ങള്‍. രണ്ടാം നിര സീറ്റുകളുടെ ലേഔട്ട് മുന്‍ മോഡലിലേത് തുടരും.


ഫീച്ചറുകളുടെ കാര്യത്തിലും വാഹനം സമ്പന്നമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഏഴ് ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, ഡിജിറ്റൽ സ്പീഡോമീറ്റർ, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷക്കായി എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രിറ്റെൻഷനറുകൾ എന്നിവ ലഭിക്കും.


ബജറ്റ് കാർ സെഗ്‌മെന്റിൽ താങ്ങാനാവുന്ന ഓപ്ഷനായ ആൾട്ടോയുടെ നേരിട്ടുള്ള എതിരാളി റെനോ ക്വിഡ് മാത്രമാണ്. 20 വർഷത്തിനിടെ മാരുതി സുസുകി ആൾട്ടോ മൊത്തം 43 ലക്ഷം യൂനിറ്റുകളാണ് വിറ്റഴിച്ചത്. ഇന്നുവരെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നാണിത്.

Show Full Article
TAGS:Maruti Suzuki Alto K10 launched 
News Summary - 2022 Maruti Suzuki Alto K10 launched in India at Rs 3.99 lakh
Next Story