ആദ്യ ദിവസംതന്നെ 15,000 ബുക്കിങ്; എതിരാളികളെ വിറപ്പിച്ച എം.ജിയുടെ പുതിയ വാഹനം ഇതാണ്
text_fieldsന്യൂഡൽഹി: ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ എം.ജി വിൻഡ്‌സറിന്റെ പുതിയ പതിപ്പായി 'എം.ജി വിൻഡ്സർ ഇ.വി പ്രൊ' പുറത്തിറക്കിയത്. പഴയ മോഡലിനെ അപേക്ഷിച്ച് ആകർഷകമായ രൂപവും ശക്തമായ ഇലക്ട്രിക് മോട്ടോറും വലിയ ബാറ്ററി പാക്കുമുള്ള വിൻഡ്‌സർ ഇ.വി പ്രൊ ആദ്യ ദിവസം തന്നെ 15.000ത്തിലധികം ബുക്കിങ്ങുകളാണ് നേടിയത്. ടാറ്റ, മഹീന്ദ്ര എന്നീ ഇന്ത്യൻ കമ്പനികൾക്ക് എം.ജി വിൻഡ്സർ ഇ.വി പ്രൊ ശക്തമായ ഒരു എതിരാളിയാണ്.
ആദ്യത്തെ 8000 ബുക്കിങ്ങുകൾക്ക് മാത്രമായി 17.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയാണ് കമ്പനി നൽകിയത്. എന്നാൽ എം.ജിയുടെ പ്രതീക്ഷകളെ തെറ്റിച്ച് 15.000ത്തിലധികം ബുക്കിങ്ങുകൾ വിൻഡ്സർ ഇ.വി പ്രൊ നേടി. ബാറ്ററി ആസ്-എ-സർവീസ് (ബി.എ.എ.എസ്) സ്കീം പ്രകാരം ഈ വൈദ്യുത വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 12.50 ലക്ഷം രൂപയാണ്. ഈ പദ്ധതി പ്രകാരം, ബാറ്ററിയുടെ വില ഉൾപ്പെടുന്നില്ല. എന്നാൽ ഉപഭോക്താക്കൾ ബാറ്ററിയുടെ വാടക നൽകണം. പിന്നീട് വാഹന ഉടമ ഓടിച്ച കിലോമീറ്ററിനെ അടിസ്ഥാനമാക്കി പ്രതിമാസ അടിസ്ഥാനത്തിൽ ചാർജ് ഈടാക്കും.
പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ ഒഴികെ, എം.ജി വിൻഡ്സർ ഇ.വി പ്രോയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിങും അതിന്റെ ചെറിയ ബാറ്ററി പാക്കിന് സമാനമാണ്. പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ ഉള്ള സാധാരണ വിൻഡ്‌സർ ഇ.വിയിൽ നിന്ന് വ്യത്യസ്തമായി, പ്രോ വേരിയന്റിന് ഇളം നിറത്തിലുള്ള കാബിൻ തീം സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിൽ വി.2.വി (വെഹിക്കിൾ-ടു-വെഹിക്കിൾ), വി.2.എൽ (വെഹിക്കിൾ-ടു-ലോഡ്) എന്നീ ഫീച്ചറിവുകൾ ഉൾപെടുത്തതിനാൽ മറ്റ് ഇലക്ട്രിക് വാഹനങ്ങളും ബാഹ്യ ഉപകരണങ്ങളും യഥാക്രമം ചാർജ് ചെയ്യാം എന്നുള്ളതും വിൻഡ്സർ ഇ.വി പ്രോയുടെ പ്രത്യേകതയാണ്. കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) ലെവൽ 2 വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കും.
എം.ജി വിൻഡ്സർ ഇ.വി പ്രോയുടെ ഏറ്റവും ടോപ് വേരിയന്റിൽ 52.9 കെ.ഡബ്ല്യു.എച്ച് എൽ.എഫ്.പി ബാറ്ററി പാക്ക് ലഭിക്കുന്നു. ഇത് ഒറ്റചാർജിൽ 449 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു. ഈ ബാറ്ററി പാക്ക് 136 ബി.എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. 7.4 കെ.ഡബ്ല്യു.എച്ച് എ.സി ചാർജർ ഉപയോഗിച്ച് വിൻഡ്സർ ഇ.വി പ്രൊ പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ എടുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ 60 കെ.ഡബ്ല്യു ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയുന്നതും വിൻഡ്സർ ഇ.വി പ്രോയുടെ മറ്റൊരു പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

