ഇൻഷുറൻസ് രംഗത്തേക്ക് പുതിയ ചുവടുവെപ്പുമായി എഥർ എനർജി; ഉപഭോക്താക്കൾക്കായി പുതിയ കമ്പനി തുറക്കുന്നു
text_fieldsഎഥർ എനർജി
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളായ എഥർ എനർജി (Ather Energy) വാഹന ഇൻഷുറൻസ് വിതരണ രംഗത്തേക്ക് പുതിയ കമ്പനിയുമായി എത്തുന്നു. തങ്ങളുടെ വർധിച്ചുവരുന്ന ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ കമ്പനി (Subsidiary) ആരംഭിച്ചതായി എഥർ അറിയിച്ചു. ഒരു 'കോർപ്പറേറ്റ് ഏജന്റായി' പ്രവർത്തിക്കുന്ന ഈ പുതിയ കമ്പനി, രാജ്യത്തുടനീളമുള്ള വിവിധ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് എഥർ ഉപഭോക്താക്കൾക്ക് വാഹന ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കും.
ഇലക്ട്രിക് വാഹനങ്ങൾ, ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, സർവീസിങ്, ആക്സസറികൾ എന്നിവക്കൊപ്പം ഇൻഷുറൻസ് കൂടി ഉൾപ്പെടുത്തി സമഗ്രമായ ഒരു സേവന ശൃംഖല ഉപഭോക്താക്കൾക്ക് നൽകുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം. നിലവിലുള്ള പരമ്പരാഗത ഇൻഷുറൻസ് രീതികൾക്ക് പകരം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗ രീതികൾക്ക് അനുയോജ്യമായ പ്രത്യേക ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാൻ ഈ പുതിയ പദ്ധതി സഹായിക്കും. ഇൻഷുറൻസ് പുതുക്കുന്ന പ്രക്രിയ ലളിതമാക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യമായ സേവനം നൽകാനും ഇത് സഹായിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക് തന്നെ ഈ സേവനം നൽകുന്നതിനാൽ അധിക ചെലവില്ലാതെ കമ്പനിക്ക് വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ വിജയം.
'വാഹന ഉടമസ്ഥതയുടെ നിർണ്ണായക ഭാഗമാണ് ഇൻഷുറൻസ്. അത് എഥർ പുതിയ സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വ്യക്തവുമായ സേവനം നൽകാൻ കമ്പനിക്ക് കഴിയുമെന്ന്' എഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിങ് ഫോകേല പറഞ്ഞു. നിലവിൽ പെർഫോമൻസ് സ്കൂട്ടറായ 450എക്സ്, ഫാമിലി സ്കൂട്ടറായ റിസ്‌ത എന്നീ മോഡലുകളാണ് ബംഗളൂരു ആസ്ഥാനമായുള്ള എഥർ വിപണിയിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

