ഫ്ലിപ്കാർട്ടിന് പിന്നാലെ ആമസോണും; റോയൽ എൻഫീൽഡ് ബൈക്കുകൾ ഇനിമുതൽ ആമസോൺ വഴിയും സ്വന്തമാക്കാം
text_fieldsരാജ്യത്തെ മുൻനിര ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് ഇരുചക്ര വാഹനങ്ങൾ വിൽക്കുന്നതിനായി ഈയടുത്ത് റോയൽ എൻഫീൽഡുമായി കൈകൊടുത്തിരുന്നു. ഇതേ പാത പിന്തുടരുകയാണ് മറ്റൊരു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണും. 350 സി.സി മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് രണ്ട് പ്ലാറ്റ്ഫോമുകളിലുമായി വിൽപ്പന നടത്തുന്നത്.
റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹണ്ടർ 350, ബുള്ളറ്റ് 350, മെറ്റിയർ 350, ഗോവൻ ക്ലാസിക് 350 എന്നീ ബൈക്കുകൾ ആമസോൺ വഴി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് വഴിയും ഇതേ മോഡലുകളാണ് റോയൽ എൻഫീൽഡ് വിൽപ്പന നടത്തുന്നത്. കാലക്രമേണ വലിയ ബൈക്കുകളായ ഹിമാലയൻ 450, ഗറില്ല 450, സ്ക്രം 450 മോഡലുകളും 650 സി.സിയിൽ ഉൾപ്പെടുന്ന കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നീ മോഡലുകളും വിൽപ്പന നടത്താൻ സാധിക്കുമെന്നാണ് റോയൽ എൻഫീൽഡ് പ്രതീക്ഷിക്കുന്നത്.
ആമസോൺ ഇന്ത്യയുടെ സഹായത്തോടെ വിൽപ്പന ആരംഭിക്കുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഫ്ലെക്സിബിൾ പേയ്മെൻ്റ് ഓപ്ഷനുകൾ കമ്പനി അനുവദിക്കുന്നുണ്ട്. അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വാഹനം വാങ്ങിക്കാൻ സാധിക്കും. ആദ്യഘട്ടത്തിൽ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് ഈ അവസരം ലഭിക്കുക. ഈ നഗരങ്ങളിൽ ഉപഭോക്താക്കൾ സെലക്ട് ചെയ്യുന്ന ഡീലർഷിപ്പുകളിൽ നിന്നും ഇഷ്ട്ടമുള്ള സർവീസ് സെന്ററുകൾ തിരഞ്ഞെടുക്കാം. ഇതോടൊപ്പം ഓൺലൈൻ സ്റ്റോറിൽ നിന്നും ആക്സസറികൾ, റൈഡിങ് ഗിയറുകൾ എന്നിവ ആവശ്യാനുസരണം വാങ്ങിക്കാനും അവസരമുണ്ട്. നേരത്തെ ബംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ സെപ്റ്റംബർ 22 മുതലാണ് ഫ്ലിപ്കാർട്ട് റോയൽ എൻഫീൽഡ് ബൈക്കുകളുടെ വിൽപ്പന ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

