എ.ഐ കാമറകൾ കണ്ണുതുറന്നു; നിയമലംഘനം റെക്കോഡിൽ
text_fieldsഎ.ഐ കാമറ
കോഴിക്കോട്: എ.ഐ കാമറകൾ പൂർണമായും പ്രവർത്തനക്ഷമമായതോടെ ജില്ലയിലെ വാഹന നിയമലംഘനം പിടികൂടുന്നത് റെക്കോഡിലെത്തി. സെപ്റ്റംബറിലെ ഓണത്തിരക്കും വാഹനപ്പെരുപ്പവുമാണ് നിയമലംഘനക്കണക്ക് വർധിപ്പിക്കാനിടയാക്കിയ മറ്റൊരു കാരണം. പ്രവർത്തനരഹിതമായ മുഴുവൻ എ.ഐ കാമറകളും കഴിഞ്ഞ മാസത്തോടെ പ്രവർത്തനക്ഷമമായതും എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തനവും മുൻകാലങ്ങളിലൊന്നുമില്ലാത്തവിധമാണ് നിയമലംഘനങ്ങൾ പിടികൂടിയത്.
ഹെൽമറ്റ് ധരിക്കാത്തതിന് കഴിഞ്ഞ ആഗസ്റ്റിൽ 19879 നിയമലംഘനങ്ങളായിരുന്നു പിടികൂടിയിരുന്നതെങ്കിൽ 30877 വാഹനങ്ങൾക്കാണ് സെപ്റ്റംബറിൽ പിഴവീണത്. ജൂണിൽ 12188 നിയമലംഘനങ്ങൾക്കാണ് എൻഫോഴ്സ്മെന്റ് പിഴയിട്ടത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആഗസ്റ്റിൽ 10971പേർക്കും സെപ്റ്റംബറിൽ 16822 പേർക്കും പിഴ നൽകി. ജൂണിൽ 6325 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് സെപ്റ്റംബറിൽ 390 പേരെ നിയമനടപടിക്ക് വിധേയമാക്കി. ആഗസ്റ്റിൽ 246 ഉം ജൂണിൽ 181 ചലാനുകളുമായിരുന്നുണ്ടായത്. മൂന്നുപേരെ വെച്ച് ഇരുചക്രവാഹനമോടിച്ചതിന് ആഗസ്റ്റിൽ 585 ഉം സെപ്റ്റംബറിൽ 1134 പേരിൽനിന്നും പിഴയിട്ടു. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നാലു വാഹനങ്ങൾ രണ്ട് ഷെഡ്യൂളുകളിലായി പ്രവർത്തിച്ചു.
ഡീസലടിക്കാൻ കാശില്ല; വാഹനങ്ങൾ രണ്ടരമാസമായി കട്ടപ്പുറത്ത്
ഡീസലടിക്കാൻ കാശില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ നാല് വാഹനങ്ങൾ കട്ടപ്പുറത്ത്. നിയമലംഘനങ്ങൾ പിടികൂടുന്നത് റെക്കോഡിലെത്തുമ്പോഴും വകുപ്പിന്റെ നാലുവാഹനങ്ങൾ മാത്രമാണ് പരിശോധനക്കിറങ്ങുന്നത്. ഉദ്യോഗസ്ഥരെ വിവിധ ഷെഡ്യൂളുകളിലാക്കിയാണ് റോഡ് പരിശോധനക്കിറങ്ങുന്നത്. ഇന്നു വരും നാളെ വരുമെന്ന് ഫിനാൻസ് വിഭാഗം പറയുന്നുണ്ടെങ്കിലും കാത്തിരിപ്പ് നീളുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് രണ്ട് ഇലക്ട്രിക് വാഹനമാണുള്ളത്. ഇവക്ക് അധികനേരം ചാർജ് ലഭിക്കാത്തതിനാൽ ദീർഘദൂര പരിശോധന നടത്താനും കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

