എംഎൽഎ ഫണ്ടിലൂടെ ആദ്യമായി കെഎസ്ആർടിസിക്ക് പുത്തൻ ബസ്; മാതൃകയായി അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ
text_fieldsകൊയിലാണ്ടി എംഎൽഎ അഡ്വ.കെ. പ്രവീൺ കുമാർ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാനുള്ള തുക കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറുന്നു
കോഴിക്കോട്: കേരളത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎയാണ് അഡ്വ.കെ. പ്രവീൺ കുമാർ. കെ.എസ്.ആർ.ടി.സിയിലേക്ക് പുതിയ ബസുകൾ സംഭാവന ചെയ്യാൻ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരത്തെ സർക്കാറിന് കീഴിലുള്ള ഗതാഗത വകുപ്പ് അനുമതി നൽകിയതിന് തൊട്ടുപിന്നാലെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് മൂന്ന് ബസ് വരെ സംഭാവന നൽകാൻ ജനപ്രതിനിധികൾക്കും അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊയിലാണ്ടി എംഎൽഎ അഡ്വ.കെ. പ്രവീൺ കുമാർ ബസ് വാങ്ങാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്.
നേരത്തെ, അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസാണ് ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ പണം സംഭാവന നൽകിയത്. ബസ് വാങ്ങാനായി മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയ ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറിയിരുന്നു. പിന്നീട്, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപയും സംഭാവന നൽകിയിരുന്നു. കാലപ്പഴക്കം ചെന്ന ബസുകൾ നിരത്തുകളിൽ നിന്നും പിൻവലിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ സംഭാവനകൾ സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്നും പുതിയ ബസ് വാങ്ങുന്നതിന് 40 ലക്ഷം രൂപയുടെ പ്രൊപ്പോസൽ അഡ്വ.കെ. പ്രവീൺ കുമാർ കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി. കോഴിക്കോട് ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമായത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് വാങ്ങുന്നതിനായി തുക നീക്കിവെക്കുന്ന സംസ്ഥാനത്തെ ആദ്യ എംഎൽഎ എന്ന നിലയിൽ ഈ പദ്ധതി ശ്രദ്ധേയമാണ്.
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ ബസ് ലഭ്യമാക്കുന്നത്. ബസ് സർവീസ് നടത്തേണ്ട റൂട്ട് ജനപ്രതിനിധികളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്ന് എംഎൽഎ അറിയിച്ചു.
തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എംഎൽഎ കൂടിയായ ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി.ജോൺ ഉൾപ്പെടെയുള്ള നിരവധി എംഎൽഎമാർ കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. സേവനം വ്യാപിപ്പിക്കുന്നതിനുമുള്ള ഇത്തരം ജനകീയ ഇടപെടലുകൾ പൊതുഗതാഗത രംഗത്തിന് കൂടുതൽ കരുത്തേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

