'ക്ലാസായി' ക്ലാസിക് സ്കൂട്ടറുകളുടെ സംഗമം
text_fieldsമലപ്പുറത്തിന് സമീപം കൊളായിക്കുന്നിൽ സംഘടിപ്പിച്ച പഴയകാല സ്കൂട്ടറുകളുടെ സംഗമം
മലപ്പുറം: ഗതകാല സ്മരണകളുണർത്തി ഒരുപറ്റം ക്ലാസിക്, വിന്റേജ് സ്കൂട്ടർ സ്നേഹികളുടെ സംഗമം. വിന്റേജ് ആൻഡ് ക്ലാസിക് സ്കൂട്ടട്ടേഴസ് ക്ലബ് കേരള (വി.സി.എസ്.സി) മലപ്പുറം യൂനിറ്റിന്റെ നേതൃത്വത്തിലാണ് പഴയകാല സ്കൂട്ടർ പ്രദർശനവും മലപ്പുറം നഗരത്തിന് സമീപത്തെ കൊളായിക്കുന്നിലേക്ക് യാത്രയും ഒരുക്കിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് തങ്ങളുടെ പ്രിയപ്പെട്ട സ്കൂട്ടറുകളുമായി ഒത്തുചേർന്നത്. ആൽവിൻ പുഷ്പക്, വെസ്പ, ബജാജ് ചേതക്, അവന്തി കെൽവിനേറ്റർ, ബജാജ് സൂപ്പർ തുടങ്ങി 1968 മുതൽ 1998 വരെയുള്ള മോഡലുകളിലായി ഇരുപതോളം സ്കൂട്ടറുകൾ പങ്കെടുത്തു. ഇതിൽ പലതും കേരളത്തിൽ ഇന്ന് അപൂർവമാണ്. പുലരിയിൽ കോടമൂടിയ കുന്നിൻമുകളിലൂടെ അവ ഒരേ വേഗത്തിൽ നീങ്ങിയപ്പോൾ ഫോട്ടോയും വിഡിയോയുമെടുത്ത് കാഴ്ചക്കാരും ആവേശമേറ്റി.
വർധിച്ചുവരുന്ന ലഹരി ഉപയോഗം തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ ക്ലബിലെ മുതിർന്ന അംഗവും മുൻ ആർമി ഉദ്യോഗസ്ഥാനുമായ ശങ്കര നാരായണൻ ബോധവത്കരണ ക്ലാസെടുത്തു. പഴയകാല വാഹനങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകത കൂടി വിളിച്ചോതുന്നതായി സംഗമം. സ്കൂട്ടറുകളുടെ പരിപാലനം, പ്രചാരണം എന്നിവക്കുപുറമെ സാമൂഹിക സേവന പ്രവർത്തനങ്ങളും ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. പരിപാടിക്ക് അഡ്മിൻ ആഷിഖ് വാഴക്കാട് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

