അമിതവണ്ണം ജീവിത കാലം മുഴുവൻ ജാഗ്രത പുലർത്തേണ്ട മാറാരോഗമെന്ന് ലോകാരോഗ്യ സംഘടന
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അമിതവണ്ണം ജീവിത കാലം മുഴുവൻ ജാഗ്രത പുലർത്തേണ്ട മാറാരോഗമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂ.എച്ച്.ഒ). അമിതവണ്ണം കുറക്കുന്നതിൽ ഫലപ്രദമെന്ന് കണ്ടെത്തിയ ജി.എൽ.പി-1 മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പുറത്തിറക്കിയ മാനദണ്ഡങ്ങളിലാണ് പരാമർശം. അമിതവണ്ണം ചികിത്സിക്കാൻ ഈ വിഭാഗത്തിൽ പെട്ട മരുന്നുകൾ നീണ്ട കാലം കഴിക്കാൻ ശിപാർശ ചെയ്ത സംഘടന ഇത്തരം മരുന്നുകൾ കഴിക്കുന്നവർക്ക് അനുബന്ധമായി ജീവിത ശൈലി മാറ്റാനുള്ള പ്രത്യേക തെറാപ്പികളും നൽകണമെന്ന് നിർദേശിക്കുന്നു.
അമിതവണ്ണം ആജീവനാന്തകാലം ജാഗ്രത പുലർത്തേണ്ട അസുഖമാണെന്നാണ് ഡബ്ള്യൂ.എച്ച്.ഒ വ്യക്തമാക്കുന്നത്. ഇതിന് ഫലപ്രദമായി തടയിടാൻ നേരത്തെ തിരിച്ചറിയുന്നതും പരിശോധനകളും ആവശ്യമെങ്കിൽ അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മരുന്നും സർജറിയുമടക്കം ചികിത്സാ രീതികളും അവലംബിക്കാമെന്ന് സംഘടന വ്യക്തമാക്കുന്നു. ‘പൊണ്ണത്തടി ഒരു വിട്ടുമാറാത്ത രോഗമാണെന്നും സമഗ്രവും ആജീവനാന്തവുമായ പരിചരണത്തിലൂടെ ചികിത്സ സാധ്യമാണെന്നും പുതിയ മാർഗ്ഗനിർദ്ദേശം വ്യക്തമാക്കുന്നു. മരുന്നുകൾ കൊണ്ടുമാത്രം ഈ ആഗോള ആരോഗ്യ പ്രതിസന്ധി പരിഹരിക്കാനാവില്ലെങ്കിലും, ജി.എൽ.പി-1 ചികിത്സ ദശലക്ഷക്കണക്കിന് ആളുകളെ പൊണ്ണത്തടിയിൽ നിന്ന് രക്ഷപ്പെടാനും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും,’ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ലോകത്ത് നിലവിൽ നൂറുകോടിയിലധികം ആളുകൾ അമിത വണ്ണം മൂലമുള്ള ആരോഗ്യപ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതിൽ 188 ദശലക്ഷത്തോളം സ്കൂൾ പ്രായമായ വിദ്യാർഥികളും കൗമാരക്കാരുമാണ്. നടപടികൾ ഊർജ്ജിതമാക്കിയില്ലെങ്കിൽ 2030ഓടെ അമിതവണ്ണമുള്ളവരുടെ എണ്ണം ഇരട്ടിച്ചേക്കുമെന്നാണ് മുന്നറിയിപ്പുകൾ. പൊണ്ണത്തടി എന്നത് പ്രമേഹവും ഹൃദ്രോഗവുമടക്കം ഇതര ഗുരുതര ആരോഗ്യപ്രതിസന്ധികൾക്കും വഴിവെക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ, അമിത വണ്ണവും ടൈപ്പ്-2 പ്രമേഹവും ചികിത്സിക്കാൻ 12 ജി.എൽ.പി-1 തെറാപ്പികൾക്കാണ് ലോകാരോഗ്യസംഘടന അംഗീകാരം നൽകിയിട്ടുള്ളത്. ജി.എൽ.പി-1 റിസപ്റ്ററുകളെ ലക്ഷ്യമിടുന്ന 40ഓളം സംയുക്തങ്ങൾ ഇതിനകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഡബ്ള്യൂ.എച്ച്.ഒ പറയുന്നു.
ഗർഭിണികളൊഴികെ മുതിർന്നവരിൽ ഈ മരുന്നുകളുടെ ഉപയോഗം ഡബ്ള്യൂ.എച്ച്.ഒ ശിപാർശ ചെയ്യുമ്പോഴും ഇവയുടെ ദീർഘകാല ഉപയോഗത്തെ പിന്തുണക്കുന്ന രീതിയിൽ കൃത്യമായ ഡാറ്റകളൊന്നും ലഭ്യമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മരുന്നുകളുടെ തുടർച്ചയായി ദീർഘകാല ഉപയോഗത്തിന് അനുകൂലമായ രീതിയിൽ വിവരങ്ങളൊന്നും നിലവിലില്ലെന്ന് മാനദണ്ഡങ്ങൾ രൂപീകരിച്ച വിദഗ്ദ സംഘത്തിന് നേതൃത്വം നൽകിയ ഡോ. നികോള മാഗ്രിനിയും വ്യക്തമാക്കുന്നു.
‘ശരീരത്തിലുണ്ടാവുന്ന മാറ്റത്തിനനുസരിച്ച് മരുന്നിന്റെ അളവ് കുറച്ചുകൊണ്ടുവരാനും ഒരുവർഷത്തിന് ശേഷം പരിമിതപ്പെടുത്താനും തക്ക രീതിയിൽ ക്രമീകരിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണ്,’ മാഗ്രിനി വ്യക്തമാക്കുന്നു. ജി.എൽ.പി-1 തെറാപ്പി സാർവത്രികമാക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണ് തിങ്കളാഴ്ച ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാർഗനിർദേശങ്ങൾ.
നിലവിലെ സാഹചര്യത്തിൽ പരമാവധി കണക്കിലാക്കിയാൽ തന്നെ, 100 ദശലക്ഷം ആളുകൾക്കാണ് ജി.എൽ.പി-1 തെറാപ്പി നൽകാനാവുക. ഇത് ആഗോളതലത്തിൽ അമിതവണ്ണത്തിൽ വലയുന്നവരിൽ 10 ശതമാനം മാത്രമാണെന്നും സംഘടന പറയുന്നു. ഉയർന്ന ചിലവും കുറഞ്ഞ ഉദ്പാദനവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളുമാണ് ചികിത്സ സാർവത്രികമാക്കുന്നതിന് വെല്ലുവിളിയാവുന്നത്.
വിശാലമായ ലഭ്യത ഉറപ്പാക്കാൻ ഈ മരുന്നുകളെ ലോകാരോഗ്യ സംഘടന അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്നുകളുടെ ജനറിക് പതിപ്പുകൾ വികസിപ്പിക്കാനും ഡബ്ള്യൂ.എച്ച്.ഒ നിർദ്ദേശിച്ചിട്ടുണ്ട്.
അമിത വണ്ണം കാര്യക്ഷമമായി ചികിത്സിക്കുന്നതിന് അനുയോജ്യമായ കൂടുതൽ മാറ്റങ്ങൾ ഡബ്ള്യൂ.എച്ച്.ഒ നിർദേശിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ പരിശീലനം, ചികിത്സ തേടുന്നവർക്കായി രജിസ്ട്രികളും റഫറൽ നിർദേശങ്ങളും രൂപീകരിക്കുക, മരുന്നുകളുടെ സംഭരണവും വിതരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുക, ശക്തമായ നിരീക്ഷണ ചട്ടക്കൂടുകൾ ആവിഷ്‍കരിക്കുക എന്നീ നിർദേശങ്ങളും ഇതിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

