ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയാൻ ലോകാരോഗ്യ സംഘടനയുടെ കാമ്പയ്ൻ
text_fieldsവാഷിംങ്ടൺ: ഇത്തവണത്തെ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന ഏപ്രിൽ 7ന് ‘മാതൃ നവജാത ശിശു ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌ൻ ആരംഭിക്കുന്നു. ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷയുള്ള ഭാവി’ എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്‌ൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും മരണം തടയുക എന്നതാണ്. അമ്മമാരുടെയും കുട്ടികളുടെയും ദീർഘകാല ആരോഗ്യവും ക്ഷേമവും സംഘടന ഉയർത്തിക്കാട്ടും.
‘ആരോഗ്യകരമായ ഗർഭധാരണങ്ങളും ജനനങ്ങളും; മികച്ച പ്രസവാനന്തര ആരോഗ്യവും’ എന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഡബ്ല്യു.എച്ച്.ഒ പങ്കിടും. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഡാറ്റ പ്രകാരം അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 3,00,000 സ്ത്രീകൾ ഗർഭധാരണമോ പ്രസവമോ മൂലം മരിക്കുന്നു. ജനിച്ച് ആദ്യ മാസത്തിൽ തന്നെ 2 ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ മരിക്കുന്നു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗോള ആരോഗ്യ സഹായം സ്വീകരിക്കുന്ന വിദേശ സംഘടനകൾ, നിയമപരമായ ഗർഭഛിദ്രങ്ങൾ നൽകുന്നത് വിലക്കുകയും ഗർഭഛിദ്രത്തെക്കുറിച്ചുള്ള നിയമപരമായ പരിഷ്കാരങ്ങൾക്കായുള്ള വാദത്തെ തടയുകയും ചെയ്യുന്ന ഒരു നിർണായക വേളയിലാണ് ഈ കാമ്പെയ്ൻ വരുന്നത്. ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആരോഗ്യകരമായ ഗർഭഛിദ്രങ്ങൾ യു.എസ് സർക്കാർ അപ്രാപ്യമാക്കുന്നതിനാൽ അവരുടെ ശാരീരികവും പ്രത്യുൽപാദനപരവുമായ അവകാശങ്ങൾ നിഷേധിക്കുന്നതായി വിമർശനമുയരുന്നുണ്ട്.
ജനനത്തിന് മുമ്പും പ്രസവ സമയത്തും അതിനുശേഷവും ശാരീരികമായും വൈകാരികമായും പിന്തുണക്കുന്ന ഉയർന്ന നിലവാരമുള്ള പരിചരണം സ്ത്രീകൾക്കും കുടുംബങ്ങൾക്കും ആവശ്യമാണെന്ന് ഡബ്ല്യു.എച്ച്.ഒ വെബ്‌സൈറ്റ് പറയുന്നു.
‘മാതൃ-നവജാത ശിശു ആരോഗ്യത്തെ ബാധിക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ സംവിധാനങ്ങൾ വികസിക്കണം. ഇതിൽ നേരിട്ടുള്ള പ്രസവ സങ്കീർണതകൾ മാത്രമല്ല കൈകാര്യം ചെയ്യേണ്ടത്. മാനസികാരോഗ്യ അവസ്ഥകൾ, പകർച്ചവ്യാധിയില്ലാത്ത രോഗങ്ങൾ, കുടുംബാസൂത്രണം എന്നിവയും ഉൾപ്പെടുന്നു’ -അത് കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

