ആരോഗ്യ കേരളം കെട്ടിപ്പെടുക്കുകയാണ് അടിസ്ഥാന ആവശ്യമെന്ന് വീണ ജോർജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ കേരളം കെട്ടിപ്പെടുക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഏലൂർ നഗരസഭാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒരു ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോൾ അതിന്റെ ലക്ഷ്യം ഉള്ളടക്കത്തിൽ മാറ്റം വരുത്തുക എന്നതാണ്. മറ്റ് ലാബുകളിലും ദൂരെയുള്ള ആശുപത്രികളിലും നടത്തേണ്ട പരിശോധനകൾ നമ്മുടെ ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന സാഹചര്യം ഉണ്ടാകണം. ശ്വാസ് , ആശ്വാസ് ക്ലിനിക്ക് എന്നിവ ഉൾപ്പെടുന്ന സ്പെഷ്യാലിറ്റി ക്ലിനിക്ക് ഇവിടെ ഉണ്ടാകണം. പ്രദേശത്തുള്ളവർക്ക് രോഗമുണ്ടായാൽ ആദ്യം ആരോഗ്യ കേന്ദ്രത്തെ സമീപിക്കാനാകണം.
ഇ- ഹെൽത്ത് നടപ്പിലാക്കുന്നതോടെ കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയുമായും ബന്ധപ്പെടുത്താനാകും. ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ രോഗിയുടെ ഐ.ഡിവഴി മനസിലാക്കാനാകും. മൂന്ന് ഡോക്ടർമാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടാകും. വൈകിട്ട് ആറുവരെ ഒ.പി സൗകര്യം ലഭ്യമാകും. സംസ്ഥാന സർക്കാരിന്റെ നാലു മിഷനുകളിൽ ഒന്നായ ആർദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളജുകളിലും എത്തുന്ന രോഗികൾക്ക് അവിടുത്തെ പൊതു അന്തരീക്ഷം രോഗി സൗഹൃദവും ജനസൗഹൃദവും ആക്കുക എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്.
ആർദ്രം മിഷന്റെ ലക്ഷ്യങ്ങളായ രോഗ നിർമ്മാർജ്ജനം, രോഗ പ്രതിരോധം, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, അവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നുള്ളതാണ്. യോജകമണ്ഡലങ്ങളിലായി 30 വയസിന് മുകളിൽ പ്രായമുള്ള 1.69 ലക്ഷം ആളുകളാണ് ഉള്ളത്. അതിൽ 60 ലക്ഷത്തിലധികം പേരെ ആശാവർക്കർമാർ വീടുകളിൽ പോയി സ്ക്രീനിങ് നടത്തിയിട്ടുണ്ട്. കാൻസർ പോലുള്ളവയുടെ രോഗ ലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടാൻ ശ്രമിക്കണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

