നല്ല ഭക്ഷണ ശീലങ്ങള്‍ എല്ലാവരും ഏറ്റെടുക്കണമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: നല്ല ഭക്ഷണശീലങ്ങള്‍ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് മന്ത്രി വീണ ജോര്‍ജ്. ചെറുധാന്യ വര്‍ഷം 2023ന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചെറുധാന്യ ഭക്ഷ്യവിഭവ പ്രദര്‍ശന മത്സരവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓര്‍മ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കേണ്ടത് പ്രധാനമാണ്. കേരളത്തിലെ ഭക്ഷണ ശീലങ്ങള്‍ ഋതുക്കള്‍, കാര്‍ഷികോത്സവങ്ങള്‍, വിളവെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്. ആ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു വിഭാഗമാണ് ചെറുധാന്യങ്ങള്‍.
മറ്റേത് വിഭാഗങ്ങളേക്കാള്‍ പോഷണ ഗുണമുള്ളതാണ് ചെറുധാന്യങ്ങള്‍ എന്ന ബോധ്യത്തിന്റെയടിസ്ഥാനത്തിലാണ് 2023, ഐക്യരാഷ്ട്രസഭ ചെറുധാന്യങ്ങളുടെ വര്‍ഷമായി ആചരിക്കുന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെറുധാന്യങ്ങള്‍ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗപ്രതിരോധം. വിളര്‍ച്ച മുക്ത കേരളത്തിനായാണ് വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് വിവ കേരളം ആവിഷ്‌ക്കരിച്ചത്. വിളര്‍ച്ച ഏറ്റവും കുറവ് കേരളത്തിലാണ് എങ്കിലും പൂര്‍ണമായും വിളര്‍ച്ച മുക്തി നേടുകയാണ് ലക്ഷ്യം. 97,000ത്തോളം പേരെ സ്‌ക്രീന്‍ ചെയ്തു. ഒരു ശതമാനത്തോളം പേര്‍ക്ക് ഗുരുതര രോഗമുള്ളവരാണ്. 21 ശതമാനത്തോളം പേര്‍ക്ക് ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ അനീമിയ മുക്തി നേടാനാകും.
വലിയ രീതിയില്‍ ഇരുമ്പിന്റെ അംശം ഉള്‍ക്കൊള്ളുന്നതാണ് ചെറു ധാന്യങ്ങള്‍. ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കുന്നതിനും പോഷണത്തിനും ചെറുധാന്യത്തിലൂടെ കഴിയും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദഹനത്തിന് സഹായിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന് ആവശ്യമുള്ളതും നിലനില്‍പ്പിനും ആവശ്യമായ മിക്ക പോഷണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും ആ പരാതിയില്‍ നടപടി സ്വീകരിച്ചോ എന്നറിയാനും പരാതിയുള്ള സ്ഥാപനങ്ങളുടെ വീഡിയോകളും ഫോട്ടോകളും അപ് ലോഡ് ചെയ്യാനും സാധിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഡോ. വീണ എന്‍. മാധവന്‍, മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെകെ അബ്ദുള്‍ റഷീദ്, ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണര്‍ എം.ടി. ബേബിച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

