മുടി കൊഴിച്ചിലിന് കാരണം എണ്ണയല്ല; ഈ 4 പോഷകങ്ങളുടെ കുറവാണെന്ന് ന്യൂട്രീഷനിസ്റ്റ്
text_fieldsമുടി കൊഴിച്ചിൽ തടയാൻ വിലകൂടിയ എണ്ണകളും സെറങ്ങളും ബയോട്ടിൻ സപ്ലിമെന്റുകളും മാറിമാറി പരീക്ഷിച്ച് മടുത്തവർക്ക് കൃത്യമായ വിശദീകരണവുമായി പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്‌നീത് ബത്ര. മുടി വേരുകളിൽ നിന്ന് അമിതമായി കൊഴിയുന്നത് പുറമെ പുരട്ടുന്ന ഉൽപ്പന്നങ്ങളുടെ കുറവുകൊണ്ടല്ലെന്നും, മറിച്ച് ശരീരത്തിന് ആവശ്യമായ ചില പ്രധാന പോഷകങ്ങളുടെ അഭാവം കൊണ്ടാണെന്നും അവർ വ്യക്തമാക്കുന്നു. ശരീരത്തിൽ പോഷകക്കുറവ് ഉണ്ടാകുമ്പോൾ ഹൃദയം, ശ്വാസകോശം തുടങ്ങിയ പ്രധാന ആന്തരികാവയവങ്ങളുടെ സംരക്ഷണത്തിനായി തലയോട്ടിയിലേക്കുള്ള പോഷക വിതരണം ശരീരം തനിയെ പരിമിതപ്പെടുത്തുന്നതാണ് മുടികൊഴിച്ചിലിന് വഴിവെക്കുന്നത്.
ഫെറിറ്റിൻ (അയൺ കുറവ്), ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്ത അവസ്ഥ, സിങ്ക്, കോപ്പർ എന്നിവയുടെ കുറവാണ് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന നാല് പ്രധാന കാരണങ്ങളെന്ന് ലവ്‌നീത് ബത്ര ചൂണ്ടിക്കാണിക്കുന്നു. ഫെറിറ്റിൻ കുറയുമ്പോൾ തലയോട്ടിയിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയുന്നു. മുടിയുടെ ഘടന രൂപപ്പെടുന്ന കെരാറ്റിൻ പ്രോട്ടീൻ ആയതിനാൽ ഭക്ഷണത്തിൽ പ്രോട്ടീൻ കുറയുന്നത് ഹെയർ ഫോളിക്കിളുകളെ ബലഹീനമാക്കും. കൂടാതെ കോശ വളർച്ചയ്ക്ക് സിങ്കും, മുടിയുടെ ബലത്തിനും അകാലനര തടയുന്നതിനും കോപ്പറും അത്യന്താപേക്ഷിതമാണ്.
ദൈനംദിന ഭക്ഷണക്രമത്തിലൂടെ തന്നെ ഈ കുറവുകൾ പരിഹരിക്കാൻ സാധിക്കും. അയൺ ലഭിക്കാൻ ഹലിം വിത്തുകൾ, ചീരയിലകൾ, ബജ്‌റ, എള്ള് എന്നിവയും പ്രോട്ടീന് വേണ്ടി ഗ്രീക്ക് യോഗേട്ട് , പനീർ, ചെറുപയർ, മുട്ട എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പംകിൻ സീഡ്, തണ്ണിമത്തൻ കുരു, കടല, കശുവണ്ടി എന്നിവ സിങ്കിന്റെയും കറുത്ത എള്ള്, കറുപ്പ് കറുപ്പൻ വിത്തുകൾ (പോപ്പി സീഡ്സ്), ബദാം, രാജ്മ എന്നിവ കോപ്പറിന്റെയും മികച്ച ഉറവിടങ്ങളാണ്. ഭക്ഷണത്തോടൊപ്പം അല്പം നാരങ്ങാനീര് ചേർക്കുന്നത് ശരീരത്തിൽ അയൺ കൂടുതൽ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുമെന്നും അവർ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

