നൈട്രിക് ഓക്‌സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു
text_fieldsതിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നൈട്രിക് ഓക്‌സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്‌സൈഡ് തെറാപ്പി നല്‍കി രക്ഷപ്പെടുത്തിയത്. കേരളത്തില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉള്‍പ്പെടെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രം ലഭ്യമായ ഈ നൂതന ചികിത്സാ സംവിധാനമാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സാധ്യമാക്കിയത്.
വിജയകരമായ ചികിത്സയിലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ മെക്കോണിയം (കുഞ്ഞിന്റെ വിസര്‍ജ്യം) കലര്‍ന്ന് മൊക്കോണിയം ആസ്പിറേഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥമൂലം യുവതിയ്ക്ക് സിസേറിയന്‍ നടത്തി. ഇത് ഉള്ളില്‍ ചെന്നതോടെ ശ്വാസകോശ ധമനിയിലെ ഉയര്‍ന്ന രക്ത സമ്മര്‍ദം മൂലം കുഞ്ഞിന് ഗുരുതര ശ്വാസതടസം അനുഭവപ്പെട്ടു. ഉടന്‍ തന്നെ കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് നൈട്രിക് ഓക്‌സൈഡ് തെറാപ്പി അടിയന്തരമായി ലഭ്യമാക്കി.
ഇതിലൂടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. 14 ദിവസത്തെ വെന്റിലേറ്റര്‍ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ന്യൂബോണ്‍ ഐസിയുവില്‍ പൂര്‍ണ ആരോഗ്യത്തോടെ സുഖം പ്രാപിച്ചു വരുന്നു. ന്യൂബോണ്‍ ഐസിയുവിലെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വിലപ്പെട്ടതായി.
ശ്വാസതടസമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന നൂതന ചികിത്സയാണ് നൈട്രിക് ഓക്‌സൈഡ് തെറാപ്പി. ഗര്‍ഭാവസ്ഥയില്‍ മെക്കോണിയം അപൂര്‍വമായി അമ്‌ന്യൂട്ടിക് ഫ്‌ളൂറൈഡില്‍ കലരാന്‍ സാധ്യതയുണ്ട്. മെക്കോണിയം കലര്‍ന്ന അമ്‌ന്യൂട്ടിക് ഫ്‌ളൂറൈഡ് കുഞ്ഞിന് ശ്വാസതടസം ഉണ്ടാക്കും. ഈ സമയം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണ്. മരുന്നിലൂടെ ശ്വാസതടസം മാറ്റാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്കാണ് നൈട്രിക് ഓക്‌സൈഡ് തെറാപ്പി നടത്തുന്നത്.
വെന്റിലേറ്റര്‍ സഹായത്തോടെയുള്ള നൈട്രിക് ഓക്‌സൈഡ് തെറാപ്പി രക്തയോട്ടം കൂട്ടാനും കുഞ്ഞിനെ രക്ഷിച്ചെടുക്കാനും സാധിക്കുന്നു. ഈ ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളടക്കം അടുത്തിടെ സജ്ജമാക്കിയാണ് നൈട്രിക് ഓക്‌സൈഡ് തെറാപ്പി ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആരംഭിച്ചത്. നൈട്രിക് ഓക്‌സൈഡ് തെറാപ്പി വിജയകരമായി നടത്തി കുഞ്ഞിനെ രക്ഷിച്ച മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

