വെളുക്കാൻ ക്രീം തേക്കാം, പക്ഷേ കിഡ്നി അടിച്ചുപോകാതെ നോക്കണം!; 35 കാരന് മെംബറേനിയസ് നെഫ്രോപ്പതി ബാധിച്ചതെങ്ങനെ, മുന്നറിയിപ്പുമായി നെഫ്രോളജിസ്റ്റ്
text_fieldsശരീരസൗന്ദര്യം വർധിപ്പിക്കാൻ വിവിധ തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നവരാണ് പലരും. മുഖത്തും കഴുത്തിലുമുള്ള കറുത്ത പാടുകൾ മാറ്റാനും തൊലി തിളങ്ങാനും യുവത്വം നിലനിർത്താനും ക്രീമുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ പരസ്യങ്ങളിലെ വാഗ്ദാനങ്ങൾ മാത്രമാണ് ബഹുഭൂരിഭാഗം പേരും നോക്കാറുള്ളത്. അതിൽ ശരീരത്തിന് ദോഷകരമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നവർ തുലോം കുറവാണ്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന മെർക്കുറി അടക്കമുള്ള രാസപദാർത്ഥങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇത്തരത്തിൽ മെർക്കുറി അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണ് ‘മൈഷുഗർ’ കൂട്ടായ്മയിലെ ഡോ. ഇ.ടി. അരുൺ തോമസിന്റെ ഫേസ്ബുക്ക് വീഡിയോ.
മെർക്കുറി അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നവർക്ക് നെഫ്രോട്ടിക് സിൻഡ്രോം വരാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ മുഖത്തും മറ്റും തേക്കുന്ന ക്രീമിൽ നിന്ന് മെർക്കുറി രക്തം വലിച്ചെടുക്കുമെന്നും അത് കിഡ്നി തകരാറിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ ക്രീമുകളും മറ്റ് സൗന്ദര്യവർധക ഉൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ വളരെയേറെ ജാഗ്രത പാലിക്കണം. ഇത്തരം ഉൽപ്പന്നങ്ങൾ മിക്കപ്പോഴും ജീവൻ തന്നെ അപകടത്തിലാക്കും. മാത്രമല്ല, അമിതവണ്ണം മുഖത്തും കഴുത്തിലും കറുത്ത പാടുകൾ വരാൻ ഇടയാക്കുമെന്നും വണ്ണം കുറയ്ക്കലല്ലാതെ ഇതിന് മറ്റ് പരിഹാരങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെയടുത്ത് ചികിത്സ തേടിയ 35 കാരന്റെ അനുഭവം പങ്കുവെച്ചാണ് ഡോ. അരുൺ തോമസിന്റെ മുന്നറിയിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
"വെറും 35 വയസ്സുള്ള പ്രവാസി യുവാവ് മൂത്രത്തിൽ പത, കാലിൽ മുഴുവൻ നീര് തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. ടെസ്റ്റ് ചെയ്തപ്പോൾ മൂത്രത്തിലൂടെ പ്രോട്ടീൻ ലീക്ക്. രക്തത്തിലുള്ള ആൽബുമിൻ, പ്രോട്ടീൻ എന്നിവയെല്ലാം മൂത്രത്തിലൂടെ ലീക്ക് ചെയ്യുന്ന അവസ്ഥ. ഗൾഫിലായിരുന്ന യുവാവ് ഉടൻ നാട്ടിലെത്തി വിദഗ്ധ ചികിത്സ തേടി. കിഡ്നി ബയോപ്സി ചെയ്തപ്പോൾ അസുഖം മെംബറേനിയസ് നെഫ്രോപ്പതി (Membranous Nephropathy) ആണെന്ന് തിരിച്ചറിഞ്ഞു.
മുഖത്ത് വെളുക്കാൻ ക്രീം തേക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു. നെറ്റിയുടെ സൈഡിലും കഴുത്തിലുമുള്ള കറുപ്പ് മാറാൻ ക്രീം തേക്കുന്നുണ്ടെന്നായിരുന്നു മറുപടി. നാലുമാസമായി തേക്കുന്നുണ്ടെന്നും പറഞ്ഞു. ക്രീമിന്റെ പേര് ചോദിച്ച് നെറ്റിൽ സെർച്ച് ചെയ്തപ്പോൾ അത് അമേരിക്കയിൽ 10 വർഷം മുമ്പ് നിരോധിച്ചതാണ്. ഉയർന്ന അളവിൽ മെർക്കുറി ഉള്ള ക്രീം ആയിരുന്നു അത്. വെളുക്കുന്നതിനാണ് മെർക്കുറി ഫേഷ്യൽ ക്രീമിൽ ചേർക്കുന്നത്. പെട്ടെന്ന് തന്നെ വെളുത്ത നിറം വരാൻ ഇത് സഹായിക്കും. പക്ഷേ അത് താൽക്കാലികമായിരിക്കും. ഇങ്ങനെ മുഖത്ത് തേക്കുന്ന ഫേഷ്യൽ ക്രീമിൽ അടങ്ങിയ മെർക്കുറി, രക്തം വലിച്ചെടുക്കും. ഇത് കിഡ്നിയെ തകരാറിലാക്കും.
ഇതിൽ ഏറ്റവും വലിയ തമാശ മറ്റൊന്നായിരുന്നു, നേരത്തെ 60 കിലോ മാത്രം ഭാരമുണ്ടായിരുന്ന യുവാവ് ഗൾഫിൽ പോയതിന് ശേഷം ഭക്ഷണം നിയന്ത്രണമില്ലാതെ കഴിച്ച് 95 കിലോ ആയി. ഈ അമിതവണ്ണം കാരണമുള്ള 'അക്കാന്തോസിസ് നൈഗ്രിക്കൻസ്' (Acanthosis Nigricans) ആണ് ഈ കറുപ്പിന് കാരണം. ഇത് മാറാൻ ഒരു ക്രീം തേച്ചിട്ടും കാര്യമില്ല. വണ്ണം കുറയ്ക്കൽ മാത്രമാണ് പരിഹാരം. കേരളത്തിൽ ഇപ്പോൾ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്" എന്ന് ഡോ. അരുൺ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരത്തെയും കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.

