ഇന്ന് ലോക ഉറക്ക ദിനം:ഉറങ്ങാനും യന്ത്രസഹായം തേടി മലയാളികൾ
text_fieldsകൊച്ചി: നടക്കാനും സഞ്ചരിക്കാനും മാത്രമല്ല ഉറങ്ങാനും യന്ത്രസഹായം തേടി അലയുകയാണ് മലയാളികൾ. കോവിഡിനുശേഷം ഉറക്കക്കുറവും ഉറക്കത്തിനിടെ ശ്വാസതടസ്സവും അനുഭവപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ നോൺ ഇൻവേസീവ് വെന്‍റിലേഷൻ (എൻ.ഐ.വി) യന്ത്രങ്ങളുടെ ചികിത്സക്ക് ആവശ്യക്കാർ ഏറുകയാണ്. പൊതുവിൽ 35 ശതമാനം പേർക്ക് ഒബ്സ്ട്രക്ടിവ് സ്ലീപ് അപ്നിയ എന്ന രോഗവസ്ഥ ബാധിച്ചിട്ടുണ്ടെന്ന് കൊച്ചിൻ തൊറാസിക് സൊസൈറ്റി വ്യക്തമാക്കുന്നു.
ഉറക്കത്തിൽ തൊണ്ടയിലെ പേശികൾക്ക് ഇടക്കിടെയുണ്ടാകുന്ന സങ്കോചം മൂലം ശ്വാസനാളത്തിൽ തടസ്സം ഉണ്ടാകുകയും ശ്വസനം തടസ്സപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഒബ്സ്ട്രക്ടിവ് സ്ലീപ് അപ്നിയയെന്ന് സൊസൈറ്റി പ്രസിഡന്‍റ് ഡോ. സോഫിയ ഫിലിപ്പ് പറയുന്നു. ഒമ്പതു മുതൽ 38വരെ ശതമാനം പേരിൽ ഈ അവസ്ഥ കണ്ടുവരുന്നു. കൂടുതലും പുരുഷന്മാരാണ് രോഗബാധിതർ. ഹൃദയസ്തംഭനം, സ്ട്രോക്, ഹൃദയാഘാതം തുടങ്ങിയവയാണ് ഇതിന്‍റെ ഗുരുതര പ്രത്യാഘാതങ്ങൾ. കൂർക്കംവലി, പകൽ സമയത്തെ ഉറക്കച്ചടവ്, ഉറക്കത്തിലുള്ള ഞെട്ടൽ, രാവിലെയുള്ള തലവേദന, ക്ഷീണം, അലസത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അമിതവണ്ണം, കുറുകിയ കഴുത്ത് എന്നിവയുള്ളവരിൽ അസുഖത്തിന് സാധ്യത കൂടുതലാണ്. ഇവരിൽ ജീവിതശൈലിയുടെ മാറ്റം വരുത്തലുകളിലൂടെ രോഗം നിയന്ത്രിക്കാം. ശസ്ത്രക്രിയ വഴിയും ഇതിന് ചികിത്സയുണ്ട്. എങ്കിലും എൻ.ഐ.വി യന്ത്രങ്ങളാണ് ഇന്ന് കൂടുതലും ഉപയോഗിക്കുന്നത്. ശ്വാസത്തിന്‍റെ സമ്മർദം നിയന്ത്രിച്ച് ശ്വാസോച്ഛ്വാസം സുഗമമാക്കാനാണ് യന്ത്രം ഉപകരിക്കുന്നത്. മാസ്ക് പോലെ മുഖത്ത് ധരിക്കുന്നതുവഴി ശാന്തമായ ഉറക്കം ലഭ്യമാക്കുന്നതാണ് എൻ.ഐ.വി യന്ത്രങ്ങൾ.
''കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമായതോടെ കുട്ടികളും ഈ രോഗാവസ്ഥയുമായി ആശുപത്രികളിൽ എത്തുന്നുണ്ട്. 10 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ടോൺസിലസ് കൂടുതലാകാനും സ്ലീപ് അപ്നിയ കാരണമാകുന്നു. ഡ്രൈവർമാരിൽ 17 മുതൽ 27 ശതമാനം പേർക്കും ഈ അവസ്ഥയുണ്ട്. ഇത് അപകട നിരക്കും ഉയർത്തുന്നു'' -ഡോ. സോഫിയ ഫിലിപ്പ് വ്യക്തമാക്കി.
എല്ലാ വർഷവും മാർച്ച് 18ന് ലോക ഉറക്കദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ഈ വർഷം 'സുഖ നിദ്ര, ശാന്തമായ മനസ്സ്, സന്തുഷ്ടലോകം' എന്ന സന്ദേശം പകരുകയാണ് വൈദ്യലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

