എന്താണ് പോളിയോ..? അറിയാം ലോക പോളിയോ ദിനാചരണത്തെക്കുറിച്ച്...
text_fieldsചികിത്സയില്ലാത്ത ഒരു പകര്‍ച്ചവ്യാധിയാണ് പോളിയോ. പക്ഷേ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍ ഉണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ തന്നെ പോളിയോ തടയാം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 24ന് ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ വാക്‌സിനേഷനും പോളിയോ നിര്‍മാര്‍ജനത്തിനും വേണ്ടിയുള്ള അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനാചരണം. പോളിയോമൈലിറ്റിസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ച ജോനാസ് സാല്‍ക്കിന്‍റെ ഓർമക്കായാണ് ലോക പോളിയോ ദിനം ആചരിക്കാന്‍ തീരുമാനമായത്. 2026-ഓടെ പോളിയോ രഹിത ലോകം കൈവരിക്കുക എന്ന ആശയത്തോടെ 115ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം കഴിഞ്ഞ വർഷം ചേരുകയും വൈറസ് നിർമാർജനത്തിന് ആവശ്യമായ നടപടികൾ കൈകൊള്ളുകയും ചെയ്‌തിരുന്നു.
2014 മുതല്‍ പോളിയോ വിമുക്ത രാജ്യമാണ് ഇന്ത്യ. ഈ രോഗത്തിനെതിരെ രാജ്യം നേടിയ വിജയത്തിന്റെ സ്മരണക്കായി എല്ലാ വര്‍ഷവും മാര്‍ച്ച് 16 ദേശീയ വാക്സിന്‍ ദിനമായി ആചരിക്കുന്നുണ്ട്. ഒന്നിലധികം തവണ പോളിയോ വാക്‌സിന്‍ നൽകുന്നതിലൂടെ ഒരു കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഓരോ കുട്ടിക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിലൂടെ പോളിയോ നിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കുകയാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇന്ത്യയില്‍ പോളിയോ തുള്ളിമരുന്നിന്‍റെ ആദ്യ ഡോസ് വിതരണം ചെയ്തത് 1995 മാര്‍ച്ച് 16നായിരുന്നു. പള്‍സ് പോളിയോ പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് രണ്ട് തുള്ളി പോളിയോ വാക്സിനാണ് നല്‍കുന്നത്. ക്രമേണ ഈ പദ്ധതി വന്‍ വിജയമാവുകയായിരുന്നു. 2011 ജനുവരി 13ന് രണ്ടു വയസ്സുകാരിയിലായിരുന്നു ഇന്ത്യയിൽ അവസാനമായി പോളിയോ സ്ഥിരീകരിച്ചത്. 1988-ൽ വേൾഡ് ഹെൽത്ത് അസംബ്ലിയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പോളിയോ നിർമാർജനത്തിനായി ക്യമ്പയിനുകൾ ആരംഭിച്ചത്. ലോകാരോഗ്യ സംഘടന (WHO), യുണിസെഫ് (UNICEF), യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, റോട്ടറി ഇന്‍റർനാഷണൽ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗവി വാക്‌സിൻ അലയൻസ് തുടങ്ങിയ ഫൗണ്ടേഷനുകളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും ഈ മഹത്തായ ശ്രമത്തിൽ പങ്കാളികളായിരുന്നു.
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തുന്ന വൈറസ്, കേന്ദ്ര നാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നതോടെ പക്ഷാഘാതത്തിലേക്കും ആജീവനാന്ത പ്രത്യാഘാതങ്ങളിലേക്കും നയിക്കും. പോളിയോ വൈറസ് ബാധിച്ച വ്യക്തികളുടെ മലത്തില്‍ നിന്ന് അണുബാധ പകരാം. കൂടാതെ, പോളിയോ വൈറസ് ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് പോളിയോമൈലിറ്റിസിന് കാരണമാകും.
പോളിയോ തടയാന്‍ പ്രധാനമായും രണ്ട് തരം വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്‍ (IPV), ഓറല്‍ പോളിയോ വൈറസ് വാക്‌സിന്‍ (OPV). രോഗിയുടെ പ്രായത്തിനനുസരിച്ച് കാലിലോ കൈയിലോ ആണ് ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്‍ നൽകുന്നത്. 2000 മുതല്‍ അമേരിക്കയിൽ IPV മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ ഓറല്‍ പോളിയോ വൈറസ് വാക്‌സിന്‍ ഇപ്പോഴും ലോകമെമ്പാടും ഉപയോഗിക്കുന്നു. ടൈപ്പ്-1 (WPV1), ടൈപ്പ്-2 (WPV2), ടൈപ്പ്-3 (WPV3) എന്നിങ്ങനെ മൂന്ന് തരത്തിലാണ് വൈൽഡ് പോളിയോ വൈറസ് കാണപ്പെടുന്നത്. 1999-ൽ WPV2 പൂർണമായും നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. 2020-ലാണ് WPV3 തുടച്ചുനീക്കിയത്. 2022-ലെ റിപ്പോർട്ടുകൾ അനുസരിച്ച് പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നി രാജ്യങ്ങളിൽ മാത്രമാണ് ടൈപ്പ്-1 കേസുകളുള്ളത്. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ അഫ്ഗാനിസ്ഥാനിൽ അഞ്ച് പുതിയ കേസുകളാണുള്ളത്.
1988 മുതൽ ലോകത്താകമാനം പോളിയോ രോഗബാധിതരുടെ എണ്ണത്തിൽ 99 ശതമാനം കുറവുണ്ടായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോളിയോ വൈറസ് നിർമാർജനത്തിൽ വിജയം കൈവരിക്കാനായിട്ടുണ്ടെങ്കിലും വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

