Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right‘കാൻസർ രോഗിയല്ലേ, അവൻ...

‘കാൻസർ രോഗിയല്ലേ, അവൻ കെട്ടാൻ തീരുമാനിച്ചത് അവളുടെ സ്വത്ത് കിട്ടാനാ...’ -ഹൃദയം മുറിക്കുന്ന വാക്കുകൾ അതിജീവിച്ച് റസിയ

text_fields
bookmark_border
World Cancer Day cancer survivor
cancel
camera_alt

എ​.ഐ നിർമിത പ്രതീകാത്മക ചിത്രം

കുറച്ച് ദിവസം മുൻപാണ്, ഏതാണ്ട് ഒരു നാല് മണിയോടടുത്ത് കാണണം, ഒ.പിയിൽ തിരക്ക് കുറഞ്ഞ് വരുന്ന സമയം. ഡോർ തുറന്ന് അകത്തേക്ക് വന്ന ആളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. റസിയ (ശരിക്കുള്ള പേരല്ല) സുന്ദരമായ ചിരിയോടെ അടുത്ത് വന്നു. ഇനിയൊരു അരമണിക്കൂർ മറ്റൊരാൾക്കും ഒ പി യിൽ പ്രവേശനമുണ്ടാകില്ല. കാരണം അവൾക്കൊരുപാട് പറയാനുണ്ടാകും... ആവസാനം ഒ.പിയിൽ വന്ന ശേഷമുള്ള ആറ് മാസത്തെ ഇടവേളയിൽ സംഭവിച്ച അവളുടെ കഥകളും ഭർത്താവിന്റെ കഥകളും പിന്നെ മൂന്ന് വയസ്സ് പ്രായമുള്ള അവളുടെ തന്നെ തനി പകർപ്പായ കുഞ്ഞ് റസിയയുടെ കഥകളും...അങ്ങിനെയങ്ങിനെ... കുറേ പറയാൻ കാണും.

ചില പതിവ് രീതികളുണ്ട് റസിയയ്ക്ക്. ഭർത്താവിനെയും മകളേയും പുറത്തിരുത്തും. ഒറ്റയ്ക്കാണ് ഒ.പിയിലേക്ക് വരിക. കൈയ്യിലെ ബാഗിൽ കരുതിയ ഗൾഫ് മിഠായിയുടെ പാക്കറ്റ് ആദ്യം കൈമാറും. പിന്നെയൊരു ഷേക്ക് ഹാൻറ്, അത് കഴിഞ്ഞാണ് വർത്തമാനം.

മിഠായി കിട്ടി. ഞാനത് എന്റെ ബാഗിലേക്ക് മാറ്റി. ‘ബാഗിലേക്ക് മാറ്റിയത് നന്നായി, അ​ല്ലെങ്കിൽ പൊന്നു (മകളെ അങ്ങിനെയാണ് വിളിക്കുന്നത്) അകത്തേക്ക് വന്നാൽ കഴിഞ്ഞ തവണത്തേത് പോലെ ഇത് ഞാൻ തന്നെ തിരിച്ച് കൊണ്ട് പോകേണ്ടിവരുമായിരുന്നു’ -ചിരിച്ചുകൊണ്ടവൾ സംഭാഷണത്തിന് തുടക്കമിട്ടു. കുറച്ചേറെ സംസാരിച്ചു. പതിവ് ചെക്കപ്പുകളുടെ റിപ്പോർട്ട് കാണിച്ചു. കാൻസറെന്ന ഭീകരൻ വന്ന വഴിയിൽ പുല്ല് മുളയ്ക്കാത്ത രീതിയിൽ തിരിച്ചോടിയിട്ടുണ്ട്. എന്തായാലും തിരിച്ച് വരുന്ന ലക്ഷണമൊന്നും ഇപ്പോഴില്ല. കഴിഞ്ഞ ഏഴ് വർഷമായി കൃത്യമായ ഇടവേളകളിൽ റസിയ എത്തിച്ചേർന്ന് റിപ്പോർട്ട് കൈമാറുമ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു വിറയലുണ്ട്. കാൻസർ എന്ന ഭീകരനെ പുല്ലുപോലെ ഓടിച്ചവളാണ്. അവളോട് ഇഷ്ടം തോന്നി ആ ഭീകരൻ വീണ്ടും തിരിച്ച് വരുമോ എന്ന ഭയം. ‘ഒന്നും ഭയപ്പെടാനില്ല, ഞാൻ പൂർണ ആരോഗ്യവതിയാണ്’ -എൻ്റെ വാക്കുകൾക്ക് റസിയ പറഞ്ഞത് പതിവ് ശൈലിയിലുള്ള മറുപടി തന്നെയാണ്.

'എൻ്റെ ഡോക്ടറേ, എനിക്കെന്ത് പേടി, പേടി മുഴുവൻ ഡോക്ടർക്കല്ലേ. ഇതിലും വലിയത് ചാടിക്കടന്നവനാണ് ഈ കെ കെ ജോസഫ്...' ചിരിച്ചുകൊണ്ട് ഇതും പറഞ്ഞ് ഇതിനിടയിൽ റൂമിലേക്ക് കയറി വന്ന ഭർത്താവും കുഞ്ഞുമൊരുമിച്ച് യാത്ര പറഞ്ഞ് റസിയ പുറത്തിറങ്ങി.

ഒൻപത് വർഷം മുൻപ് ഒ.പിയിൽ ആദ്യമായെത്തിയ റസിയയുടെ മുഖം മെല്ലെ മനസ്സിലേക്ക് കടന്ന് വന്നു. അന്നവൾ ബി ടെക്കിന് പഠിക്കുന്നു. 20 വയസ്സായിരുന്നു എന്നാണ് ഓർമ. പാതിചെമ്പിച്ച സുന്ദരമായ മുടി മറച്ചുവെച്ച തട്ടത്തിൻറെ ഇടയിലൂടെ പുറത്തേക്ക് പറന്നുകൊണ്ടിരുന്നു. അതിസുന്ദരമായിരുന്നു അവളുടെ ചിരി. സൗമ്യതയോടെയുള്ള വർത്തമാനം. രോഗം കാൻസറാണെന്നറിഞ്ഞിട്ടും അതിനോട് പോയി പണി നോക്കാൻ പറയൂ എന്ന് തോന്നിക്കുന്ന നിശ്ചയ ദാർഢ്യം. പാലക്കാട്ടുകാരിയാണ്. വീട്ടിലുള്ള പുരുഷന്മാരെല്ലാവരും വിദേശത്താണ്. ഉമ്മയും ആൻറിയുമാണ് കൂടെയുള്ളത്. നിർത്താതെ വിതുമ്പിക്കൊണ്ടാണ് ഇരുവരും എൻറെ മുന്നിലിരുന്നത്. പക്ഷെ റസിയക്ക് മാത്രം ഒരു കൂസലുമില്ല.

പരിശോധനകൾ നടത്തി. അസുഖം കാൻസർ തന്നെ എന്ന് ഒന്നുകൂടി ഉറപ്പിച്ചു. ചികിത്സ രീതികൾ അവർക്ക് പറഞ്ഞുകൊടുത്തു. 'ഡോക്ടർ എന്ത് വേണേലും ചെയ്തോളൂ, ഞാനിതാ ഇങ്ങനെ ഇരുന്ന് തരാം' ചിരിച്ചുകൊണ്ട് റസിയയുടെ മറുപടി ഇപ്പോഴും കാതിലുണ്ട്. റേഡിയേഷനും കീമോയുമെല്ലാം ചെയ്‌തു. സുന്ദരമായ ചെമ്പിച്ച മുടികൾ സാവധാനം കൊഴിഞ്ഞു... ആളാകെ ക്ഷീണിച്ചു. പക്ഷെ, അപ്പോഴും അഴകാർന്ന ചെഞ്ചുണ്ടിലെ സുന്ദരമായ പുഞ്ചിരിക്ക് മാത്രം ഒരു മാറ്റവും സംഭവിച്ചില്ല.

തുടർച്ചയായ ചികിത്സയിലൂടെ ഞങ്ങൾ ഒരുപാടടുത്തു. ചികിത്സക്ക് റസിയയുടെ ശരീരത്തെ ക്ഷീണിപ്പിക്കാൻ സാധിച്ചെങ്കിലും അവളുടെ ആത്മവിശ്വാസത്തെ നിറം കെടുത്താനായില്ല. ഓരോ തവണയും അവളത് തെളിയിച്ചുകൊണ്ടിരുന്നു. സാവധാനം അസുഖം ആ ശരീരത്തെ വിട്ടൊഴിഞ്ഞ് തുടങ്ങി. കൃത്യമായ ഇടവേളകളിൽ അവൾ എന്നെ കാണാനെത്തും.

ചികിത്സ കഴിഞ്ഞ് ഏതാണ്ട് മൂന്ന് വർഷം കഴിഞ്ഞിരിക്കണം. ആരോഗ്യമൊക്കെ വീണ്ടെടുത്ത് വീണ്ടും സുന്ദരിയായ രൂപമാണ് മുന്നിലുള്ളത്. മുഖത്തെ പുഞ്ചിരിക്ക് തിളക്കം ഒരൽപ്പം കൂടിയത് പോലെ തോന്നി...

'എന്ത് പറ്റി റസിയാ, ഇന്ന് പതിവിലും സന്തോഷത്തോടെയാണല്ലോ?'

"ഊം, അതേ ഡോക്ടറേ (മുഖത്തൊരു ചെറിയ നാണം), എനിക്കൊരു പ്രൊപ്പോസൽ വന്നു. ബന്ധുവാണ്. എന്റെ അസുഖമൊക്കെ അറിയുന്ന ആളാണ്. വേറെ ആരോടും പറഞ്ഞിട്ടില്ല. കല്യാണം കഴിക്കാനാകുമോ എന്ന് ഡോക്ടറോട് ചോദിച്ചിട്ട് ഓക്കെ ആണെങ്കിൽ വീട്ടിൽ പറയാം എന്നുകരുതി. അതാ ഇക്കയേയും കൂട്ടി നേരെ ഇങ്ങോട്ട് വന്നത്’’.

എനിക്കും സന്തോഷം തോന്നി. കാൻസർ രോഗിയാണെന്നറിഞ്ഞിട്ടും പെൺകുട്ടിക്ക് ജീവിതം കൊടുക്കാൻ തയ്യാറായ നല്ല മനുഷ്യനോട് ബഹുമാനവും തോന്നി. റസിയ ആളെ റൂമിലേക്ക് വിളിച്ചു. ഞാൻ കാര്യങ്ങളെല്ലാം വിശദമായി തന്നെ പറഞ്ഞ് കൊടുത്തു. നിലവിൽ യാതൊരു പ്രശ്‌നവുമില്ല, ദാമ്പത്യത്തിനോ കുഞ്ഞുങ്ങളുണ്ടാകുന്നതിനോ കുഴപ്പമില്ല. അപകടവും അസുഖവുമൊക്കെ ആർക്കും എപ്പോഴും വരാമല്ലോ. ധൈര്യമായി മുന്നോട്ട് പോയിക്കൊള്ളാൻ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ വീണ്ടും വന്നു. കഴിഞ്ഞ തവണത്തെ അത്ര സന്തോഷം മുഖത്തില്ല. ‘കാര്യം വീട്ടിലവതരിപ്പിച്ചു ഡോക്ടറേ, എല്ലാവർക്കും സമ്മതമായിരുന്നു. പക്ഷെ ഇടയ്ക്കൊരു വല്യാപ്പ ഉടക്കിട്ടു. കാൻസർ ബാധിച്ച പെണ്ണല്ലേ, എന്തായാലും മരിക്കും, അത് ഉറപ്പാണത്രേ, മരണം ഉറപ്പായ പെണ്ണിനെ കെട്ടുന്നത് സ്വത്ത് കൈക്കലാക്കാനല്ലേ എന്നാണ് ചോദ്യം. അവൻറെ വീട്ടിലും ഇതേ പ്രശ്‌നം. മരണം ഉറപ്പായ പെണ്ണിനെ കെട്ടി ജീവിതം തുലയ്ക്കരുത് എന്നാണ് അവിടത്തെ വാദം...’ -റസിയ പറഞ്ഞു നിർത്തി. ഒന്നും പറയാനാവാതെ ഞാൻ റസിയയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

'എന്റെ ബാപ്പാക്കും ഉമ്മാക്കും എൻറെ സന്തോഷമാണ് വലുത്. അതുകൊണ്ട് ഞങ്ങൾ ഒന്നാകാൻ തീരുമാനിച്ചു ഡോക്ടറെ. ഇഷ്ടപ്പെട്ടവർക്ക് ഒരുമിച്ച് ജീവിക്കാല്ലോ, എന്നായാലും ഒരു ദിവസം മരണം ഉറപ്പാണല്ലോ എന്നാണ് ഇക്കയുടെ നിലപാട്...’ അവൾ പറഞ്ഞു.

എനിക്ക് സന്തോഷം തോന്നി. എത്രകാലമായാലും അവർ സന്തോഷത്തോടെ ജീവിക്കട്ടെ. ഇരുവർക്കും ആശംസകൾ നൽകി. വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹശേഷം ഇരുവരും ഗൾഫിലേക്ക് താമസം മാറി. അവൾക്കവിടെ നല്ലൊരു മൾട്ടിനാഷണൽ കമ്പനിയിൽ എൻജിനിയറായി ജോലി ലഭിച്ചു. സുഖം, സന്തോഷം, സ്വസ്ഥം.. ഇപ്പോഴും ഓരോ ആറുമാസം കൂടുമ്പോഴും ഇവിടേക്ക് വരും. ആറുമാസം കഴിഞ്ഞുള്ള അടുത്ത വരവിനായി യാത്രപറയാൻ.....

കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റാണ് ലേഖിക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancerCancer Survivorworld cancer day
News Summary - World Cancer Day cancer survivor
Next Story