മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം; 'വെർച്വൽ ഓട്ടോപ്സി' കേരളത്തിലും വരുമോ?
text_fieldsപ്രിയപ്പെട്ട ഒരാളുടെ വിയോഗം തളർത്തിയ മനസ്സുമായി നിൽക്കുന്ന ബന്ധുക്കൾക്ക് ഏറ്റവും വലിയ മാനസികാഘാതമാകാറുള്ളത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കീറിമുറിക്കേണ്ടി വരുന്നു എന്നത് ആലോചിക്കുമ്പോഴാണ്. എന്നാൽ, ഇതിന് പകരമായി മൃതദേഹത്തിൽ ഒട്ടും തന്നെ ക്ഷതമേൽപ്പിക്കാതെ മരണകാരണം കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന ആധുനിക സംവിധാനമാണ് വെർച്വൽ ഓട്ടോപ്സി (Virtual Autopsy) അഥവാ വിർട്ടോപ്സി (Virtopsy).
തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ ഫോറന്‍സിക് വിഭാഗമാണ് പദ്ധതിരേഖ കഴിഞ്ഞ സർക്കാറിന് സമർപ്പിച്ചത്. രാജ്യത്തെ പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളായ ഡൽഹി എയിംസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഈ സംവിധാനം ഇപ്പോൾ വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു.
ന്യൂഡൽഹി എയിംസ്, ഷില്ലോങ്, ഋഷികേശ് തുടങ്ങിയയിടങ്ങളിൽ നിലവിലുള്ള വെർച്വൽ ഓട്ടോപ്‌സി ഒരാശുപത്രിയിൽ സജ്ജമാക്കുന്നതിന് 15 മുതൽ 20 കോടി രൂപ വരെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സി.ടി, എം.ആർ.ഐ. സ്‌കാനറുകൾ, വിവിധ സോഫ്റ്റ്‌വേറുകൾ, വർക്ക് സ്റ്റേഷനുകൾ തുടങ്ങി ഫോറൻസിക് വിഭാഗത്തിന് പ്രത്യേകമായി സജ്ജമാക്കേണ്ടി വരും. ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും വേണം. പ്രവർത്തനസജ്ജമായി വരാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും എടുക്കുമെന്നും ഡോക്ടർമാർ പറയുന്നു.
എന്താണ് വെർച്വൽ ഓട്ടോപ്സി?
പരമ്പരാഗതമായി ചെയ്യുന്നതുപോലെ മൃതദേഹം കീറിമുറിച്ച് ആന്തരികാവയവങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നതിന് പകരം, അത്യാധുനിക സ്കാനിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണിത്. മൃതദേഹം പൂർണ്ണമായി സി.ടി, എം.ആർ.ഐ സ്കാനിങ്ങിന് വിധേയമാക്കുന്നു. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ശരീരത്തിന്റെ ഉൾഭാഗം, അസ്ഥികൾ, പേശികൾ, ആന്തരിക അവയവങ്ങൾ എന്നിവയുടെ കൃത്യമായ 3D ദൃശ്യങ്ങൾ ഡോക്ടർമാർക്ക് കമ്പ്യൂട്ടർ സ്ക്രീനിൽ കാണാൻ സാധിക്കും. ഫോറൻസിക് വിദഗ്ദ്ധർ ഈ ഡിജിറ്റൽ ദൃശ്യങ്ങൾ പരിശോധിച്ച് മരണകാരണം വിലയിരുത്തുന്നു.
സാധാരണ പോസ്റ്റ്മോർട്ടത്തിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമ്പോൾ, വെർച്വൽ ഓട്ടോപ്സി വെറും 10 മുതൽ 30 മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകും. ഇതുവഴി മൃതദേഹം വിട്ടുകിട്ടാനുള്ള വൈകൽ ഒഴിവാക്കാം. സാധാരണ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ചെറിയ അസ്ഥിഭംഗങ്ങൾ, ശരീരത്തിനുള്ളിലെ വായുവിന്റെ സാന്നിധ്യം, ഒളിച്ചിരിക്കുന്ന വെടിയുണ്ടകൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ സ്കാനിങ്ങിലൂടെ വളരെ കൃത്യമായി കണ്ടെത്താനാകും.
വെർച്വൽ ഓട്ടോപ്സിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ദൃശ്യങ്ങൾ എക്കാലത്തേക്കുമായി ഡിജിറ്റലായി സൂക്ഷിച്ചുവെക്കാം എന്നതാണ്. ഭാവിയിൽ കേസ് പുനരന്വേഷിക്കുകയോ കോടതിയിൽ പുനഃപരിശോധന ആവശ്യമായി വരികയോ ചെയ്താൽ, മൃതദേഹം കല്ലറയിൽ നിന്ന് വീണ്ടുമെടുത്ത് പരിശോധിക്കേണ്ടി വരില്ല. പകരം സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്കാൻ റിപ്പോർട്ടുകൾ വീണ്ടും പരിശോധിച്ചാൽ മതിയാകും.
വിഷബാധ പോലുള്ള ചില പ്രത്യേക കേസുകളിൽ ആന്തരിക ദ്രാവകങ്ങളുടെ രാസപരിശോധന ആവശ്യമായി വരുമ്പോൾ മാത്രം, ചെറിയ സൂചികൾ ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ വ്യാപകമായ ഈ അത്യാധുനിക ഫോറൻസിക് രീതി ഇന്ത്യയിലും കൂടുതൽ മെഡിക്കൽ കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ, പോസ്റ്റ്മോർട്ടം നടപടികളിലൂടെ കടന്നുപോകേണ്ടി വരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മാനസിക സങ്കടങ്ങൾക്ക് അതൊരു വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

