Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആധാറിൽ സി.പി.എമ്മിന്...

ആധാറിൽ സി.പി.എമ്മിന് മനംമാറ്റമോ? ഹെൽത്ത് ഐ.ഡിക്ക് ആധാർ നിർബന്ധമാക്കിയതെന്തിന്

text_fields
bookmark_border
Unnique health ID
cancel

കോഴിക്കോട്: സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഇ-ഹെൽത്ത് വെബ് പോർട്ടലിൽ യുണീക് ഹെൽത്ത് ഐ.ഡി സൃഷ്ടിക്കുന്നതിനായി ആധാർ നിർബന്ധമാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നു. പൗരന്‍റെ സ്വകാര്യതയെ ഹനിക്കുന്ന ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാറിനെതിരെ സി.പി.എം മുൻകാലങ്ങളിൽ കൈക്കൊണ്ട നിലപാടുകളിൽ നിന്ന് വ്യതിചലിക്കുകയാണോയെന്നാണ് ചോദ്യമുയരുന്നത്. ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

വീട്ടിലിരുന്നും ആശുപത്രികളിൽ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്‍റ് എടുക്കാന്‍ സാധിക്കുന്ന ഇ-ഹെൽത്ത് വെബ്പോർട്ടലിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചത്. ഇ-ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒരാളുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും.

ഈ യുണീക് ഐഡി സൃഷ്ടിക്കാൻ ആധാർ വഴി മാത്രമേ സാധിക്കൂവെന്നതാണ് വിവാദങ്ങൾക്കിടയാക്കിയത്. യുനീക് ഐഡി സൃഷ്ടിക്കുന്നതെങ്ങിനെയെന്ന് മന്ത്രി വീണ ജോർജ് പറയുന്നു - https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒ.ടി.പി വരും. ഈ ഒ.ടി.പി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും.


ഈ യുണീക് ഐ.ഡി ഉപയോഗിച്ചാണ് ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കുക. ഇ-ഹെൽത്ത് കേരളയുടെ രജിസ്ട്രേഷൻ പോർട്ടലിൽ ആധാർ നമ്പർ അല്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളൊന്നും നൽകി യുണീക് ഐ.ഡി സൃഷ്ടിക്കാനുള്ള ഓപ്ഷൻ നിലവിൽ നൽകിയിട്ടില്ല.

സാമൂഹിക ക്ഷേമ പദ്ധതികളിൽ ആധാർ ഉപയോഗിക്കുന്നത് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകിയ സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ ആരോഗ്യ പദ്ധതിക്ക് ആധാർ നിർബന്ധമാക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം.


ഐ.ടി വിദഗ്ധനും പബ്ലിക് ഇന്‍ററസ്റ്റ് ടെക്നോളജിസ്റ്റുമായ അനിവർ അരവിന്ദ് ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. യുണീക് ഹെൽത്ത് ഐഡിയ്ക്ക് യാതൊരു ലീഗൽ അടിസ്ഥാനവും ഇന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇനി യുണീക്ക് ഹെൽത്ത് ഐഡി ഉപയോഗിക്കുകയാണെങ്കിൽ പോലും അതിനു ആധാർ നിർബന്ധമേയല്ല. നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ വെബ്സൈറ്റിൽ യുണീക്ക് ഹെൽത്ത് ഐ.ഡി നിർമിക്കാൻ ആധാർ കൂടാതെ ഡ്രൈവിങ് ലൈസൻസോ മൊബൈൽ നമ്പറോ ഉപയോഗിച്ചും സാധിക്കും. ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻ.ഡി.എച്ച്.എം) പോലും പാലിക്കുന്ന നിയമം എന്തുകൊണ്ട് കേരള ആരോഗ്യവകുപ്പ് പാലിക്കുന്നില്ലായെന്നും അനിവർ അരവിന്ദ് ചോദിക്കുന്നു.


ഇന്‍റർനെറ്റ് അടിസ്ഥാന അവകാശമായ സംസ്ഥാനത്ത് ഓൺലൈൻ അടിസ്ഥാന സർവിസുകളുടെ ബുക്കിങിന് ആധാർ ബന്ധിത മൊബൈലേ ഉപയോഗിക്കാവൂ എന്നത് അടിസ്ഥാന അവകാശ‌നിഷേധമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അനിവർ അരവിന്ദിന്‍റെ പോസ്റ്റ് വായിക്കാം...

1. യുണീക് ഹെൽത്ത് ഐഡിയ്ക്ക് യാതൊരു ലീഗൽ അടിസ്ഥാനവും ഇന്നില്ല. ഒരു നിയമവും ഇക്കാര്യത്തിലില്ല എന്നു മാത്രമല്ല ഇതു ഇഷ്യൂ ചെയ്യുന്ന NHA എന്നത് ഒരു നോട്ടിഫൈഡ് അതോറിറ്റിയുമല്ല. അപ്പോൾ ഇത് ഫോഴ്സ് ചെയ്യുന്നതെന്തിനാണ്?

2. ഇനി യുണീക്ക് ഹെൽത്ത് ഐഡി ഉപയോഗിക്കുകയാണെങ്കിൽ പോലും അതിനു ആധാർ നിർബന്ധമേയല്ല. അങ്ങനെയാക്കാൻ എന്തുകൊണ്ട് നിയമപ്രകാരം സാധ്യമേ അല്ല എന്നും മൊബൈൽ നമ്പറോ ആധാറോ മറ്റു ഐഡികളോ ഉപയോഗിച്ച് ഹെൽത്ത് ഐഡി നിർമ്മിയ്ക്കാം എന്നും മുൻ NHA ചീഫ് ഇന്ദുഭൂഷൺ പറഞ്ഞിട്ടുണ്ട് . NDHM വെബ്സൈറ്റിൽ ഹെൽത്ത് ഐഡി നിർമ്മിയ്ക്കാൻ ഡ്രൈവിങ് ലൈസൻസോ മൊബൈൽ നമ്പറോ ഉപയോഗിയ്ക്കാനുമാവും. (സ്ക്രീൻഷോട്ട് ഇവിടെ) അതായത് ഈ ആധാർ ഫോഴ്സിങ് നിയമവിരുദ്ധമാണെന്നു മാത്രമല്ല ഇരട്ടി ഡാറ്റ ശേഖരണവും ഇൻഫർമേഷണൽ പ്രൈവസി ലംഘനവുമാണ് . NDHM പോലും പാലിക്കുന്ന നിയമം എന്തുകൊണ്ട് കേരള ആരോഗ്യവകുപ്പ് പാലിക്കുന്നില്ല?

3. വാക്സിനെടുത്തവരിൽ വലിയ ഒരു പങ്ക് ആളുകൾക്ക് അവരുടേ അറിവോ സമ്മതമോ കൂടാതെ ഹെൽത്ത് ഐഡി ഏകപക്ഷീയമായി ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇത് വാക്സിൻ സർട്ടിഫിക്കറ്റിൽ കാണാം. ഇവയിൽ പലതും ആധാർ ബന്ധിതവുമല്ല. എന്നിട്ടും അതു പുനരുപയോഗിക്കൽ പോലുമല്ലാതെ ആധാർ അടിസ്ഥാനമായി പുതിയ ഹെൽത്ത് ഐഡി ഫോഴ്സ് ചെയ്യുന്നതെന്തിനാണ്

ഇന്റർനെറ്റ് അടിസ്ഥാന അവകാശമായ സംസ്ഥാനത്ത് ഓൺലൈൻ അടിസ്ഥാന സർവ്വീസുകളുടെ ബുക്കിങിന് ആധാർ ബന്ധിത മൊബൈലേ ഉപയോഗിക്കാവൂ എന്നത് അടിസ്ഥാന അവകാശ‌നിഷേധമാണ്.

Show Full Article
TAGS:Aadhaar Unique health ID Anivar Aravind 
News Summary - Will the CPM change its mind on Aadhaar? Why Aadhaar is mandatory for Health ID
Next Story