Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപശ്ചിമേഷ്യൻ സംഘർഷം;...

പശ്ചിമേഷ്യൻ സംഘർഷം; ഹീലിയം ഇറക്കുമതി തടസപ്പെട്ടാൽ എം.ആർ.ഐ സ്കാനിങുകൾ പ്രതിസന്ധിയിലാകും?

text_fields
bookmark_border
പശ്ചിമേഷ്യൻ സംഘർഷം; ഹീലിയം ഇറക്കുമതി തടസപ്പെട്ടാൽ എം.ആർ.ഐ സ്കാനിങുകൾ പ്രതിസന്ധിയിലാകും?
cancel

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഊർജ വിതരണം തടസപ്പെട്ടതോടെ രാജ്യത്തെ ആരോഗ്യ മേഖലയും പ്രതിസന്ധിയിലാവുകയാണ്. ഹീലിയം ഇറക്കുമതി തടസപ്പെടുന്നത് എം.ആർ.ഐ സ്കാനിങുകൾ നിലക്കാൻ കാരണമാകും. പ്രകൃതി വാതകത്തിന്‍റെയും ലിക്വിഫൈഡ് ഹീലിയത്തിന്‍റെയും പ്രധാന ഉറവിടമായ ഖത്തറിലെ റാസ് ലഫാൻ ഇന്‍റസ്ട്രിയൽ സിറ്റിക്ക് നേരെയുണ്ടായ ആക്രമണം ആശങ്കകൾ സൃഷ്ടിക്കുന്നതാണ്.

ഇത് ഹീലിയം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ എം.ആർ.ഐ സേവനങ്ങൾ നിലക്കാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് അഥവാ എം.ആർ.ഐ, ആധുനിക ആരോഗ്യ രംഗത്ത് രോഗനിർണയത്തിന് സഹായിക്കുന്ന പ്രധാന ഉപകരണമാണ്. നാഡീസംബന്ധമായ തകരാറുകളും സന്ധിയിലെ പരിക്കുകൾ മുതൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വരെ കണ്ടെത്തുന്നതിനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

ഇന്ത്യയിലെ സ്വാകാര്യ- സർക്കാർ ആശുപത്രികളിലായി ഏകദേശം 5000-7000 എം.ആർ.ഐ മെഷീനുകൾ ഉണ്ട്. ഇതിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്തവയാണ്. എന്നിരുന്നാലും, വോക്സൽഗ്രിഡ്സ് ഇന്നൊവേഷൻ പോലുള്ള ഇന്ത്യൻ നിർമ്മാതാക്കൾ നവീകരിക്കുകയോ പ്രാദേശികമായി നിർമ്മിക്കുകയോ ചെയ്യുന്ന മെഷീനുകളും ഉണ്ട്. ഇതിൽ മിക്കവയുടെയും സൂപ്പർകണ്ടക്റ്റിംഗ് കാന്തങ്ങളെ തണുപ്പിക്കുന്നതിൽ ദ്രാവക ഹീലിയത്തിന് നിർണായക പങ്കുണ്ട്.

മിക്ക ആധുനിക എം.ആർ.ഐ സ്കാനറുകളും സീറോ ബോയിൽ-ഓഫ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ഫിക്കി ആരോഗ്യ മേഖലയുടെ മെന്ററും മഹാജൻ ഇമേജിംഗ് ആൻഡ് ലാബ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഹർഷ് മഹാജൻ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതിനാൽ പഴയ മെഷീനുകളിൽ നിന്ന് വ്യത്യസ്തമായി ഇടക്കിടെ ഇവ റീഫിൽ ചെയ്യേണ്ട ആവശ്യമില്ല. ഇത് തുടർച്ചയായ ഹീലിയം വിതരണത്തെ ആശ്രയിക്കുന്നത് ഗണ്യമായി കുറക്കുന്നു.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ള ബഹുഭൂരിപക്ഷം എം.ആർ.ഐ മെഷീനുകളിലും ഇൻസ്റ്റാളേഷൻ സമയത്ത് മാത്രമാണ് ഹീലിയം ആവശ്യമായി വരുന്നത്. പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ സാങ്കേതിക തകരാറുകളോ ചോർച്ചയോ വരാത്തിടത്തോളം കാലം ഹീലിയമില്ലാതെ മെഷീനുകൾക്ക് പ്രവർത്തിക്കാനാകും.

എന്നാൽ, പഴയ എം.ആർ.ഐ യൂണിറ്റുകൾക്ക് ഇപ്പോഴും ഇടക്കിടെ ഹീലിയം റീഫില്ലുകൾ ആവശ്യമായി വന്നേക്കാം. ഹീലിയം ഉത്പാദനത്തിൽ ഖത്തറിനോടൊപ്പം തന്നെ പ്രധാനികളാണ് യു.എസും ആസ്ട്രേലിയയും. ഹീലിയം ആഗോളതലത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണെന്നും വിപണി മുമ്പും തടസങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ശൃംഖലകളിലെ വ്യവസായ വിദഗ്ധർ പറയുന്നു.

സംഘർഷം ഗണ്യമായി വർധിക്കുകയും ഒന്നിലധികം ഉത്പാദന കേന്ദ്രങ്ങളെ ഒരേസമയം ബാധിക്കുകയും ചെയ്യുന്നില്ലെങ്കിൽ പൂർണമായ വിതരണ പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ ഹീലിയത്തിന്‍റെ വിലയിൽ വർധനവുണ്ടാകുന്നത് രോഗികളെ വലച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heliumMRIimports
News Summary - Will MRI scans be in crisis if helium imports are disrupted?
Next Story