അമിതവണ്ണം: കുട്ടികൾക്ക് മരുന്നും ശസ്ത്രക്രിയയും വേണ്ടെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ : കുട്ടികളിലും കൗമാരക്കാരിലും അതിവേഗം വർധിച്ചു വരുന്ന അമിതവണ്ണം നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടന തങ്ങളുടെ ആദ്യത്തെ ആഗോള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ മേഖലയിലുള്ളവർക്കും ആശുപത്രി സംവിധാനങ്ങൾക്കും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിചരണം നൽകാൻ സഹായിക്കുന്ന രീതിയിലാണ് ഈ പുതിയ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2024-ൽ ലോകത്താകെ അഞ്ച് മുതൽ പത്തൊൻപത് വയസ്സുവരെയുള്ള പതിനേഴ് കോടി കുട്ടികളാണ് അമിതവണ്ണം മൂലമുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നത്. ഇതിൽ അഞ്ചിനും ഒൻപതിനും ഇടയിൽ പ്രായമുള്ള ഏഴ് കോടി കുട്ടികളും, പത്തിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള പത്ത് കോടി കൗമാരക്കാരും ഉൾപ്പെടുന്നു.
1990-ന് ശേഷം ഈ പ്രായപരിധിയിലുള്ള കുട്ടികളിലെ അമിതവണ്ണ നിരക്ക് രണ്ട് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി, അതായത് നാലിരട്ടിയായാണ് വർധിച്ചിരിക്കുന്നത്. പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള മാരകമായ രോഗങ്ങളിലേക്ക് ഇത് കുട്ടികളെ ചെറുപ്പത്തിൽ തന്നെ നയിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിലെ അമിതവണ്ണം കുറക്കുന്നതിനായി കൃത്യമായ ആഹാരക്രമം, കായികാധ്വാനം വർധിപ്പിക്കൽ, കുട്ടികളുടെ പെരുമാറ്റ രീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവക്കാണ് സംഘടന പ്രധാനമായും മുൻഗണന നൽകുന്നത്. മാതാപിതാക്കളുടെയോ പരിചാരകരുടെയോ കൃത്യമായ മേൽനോട്ടത്തിൽ നടത്തുന്ന ഡിജിറ്റൽ ആരോഗ്യ ഇടപെടലുകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
എന്നാൽ ഒൻപത് വയസ്സുവരെയുള്ള കുട്ടികളിലെ അമിതവണ്ണത്തിന് മരുന്നുകൾ നൽകിയുള്ള ചികിത്സയോ ശരീരഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയകളോ പാടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പത്തിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ ജീവിതശൈലീ മാറ്റങ്ങളിലൂടെ ഫലം ലഭിക്കാതെ വരുമ്പോൾ മാത്രമേ അംഗീകൃത മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ പരിഗണിക്കാൻ പാടുള്ളൂ.
ശരീരഭാരം കുറക്കുക എന്നതിലുപരി കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യവും മാനസികവും സാമൂഹികവുമായ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അമിതവണ്ണമുള്ള കുട്ടികൾ അനുഭവിക്കുന്ന വിഷാദം, കുറഞ്ഞ ആത്മവിശ്വാസം, സമൂഹത്തിൽ നേരിടുന്ന അവഹേളനങ്ങൾ എന്നിവ അവരുടെ മാനസികാരോഗ്യത്തെ കടുത്ത രീതിയിൽ തകർക്കുന്നുണ്ട്. അതിനാൽ അമിതവണ്ണത്തിനുള്ള ചികിത്സയോടൊപ്പം തന്നെ കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകൾക്കും തുടക്കത്തിൽ തന്നെ പരിഹാരം കാണണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

