എബോള ഭീതിയിൽ ലോകം: കോംഗോയിൽ 220 മരണം; പ്രതിരോധം പാളുന്നതായി ലോകാരോഗ്യ സംഘടന
text_fieldsകോംഗോയിൽ പടരുന്ന എബോള വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നു. നിലവിൽ 220 പേർ വൈറസ് ബാധ കാരണം മരിച്ചതായാണ് സംശയിക്കുന്നത്. രോഗബാധ തിരിച്ചറിയുന്നതിലുണ്ടായ കാലതാമസം പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും, നിലവിൽ സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.
കോംഗോയിൽ ഇതുവരെ 900ലധികം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഇറ്റൂരി പ്രവിശ്യയിൽ നിന്ന് 200 കിലോമീറ്റർ ദൂരേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. കോംഗോക്ക് പുറമെ ഉഗാണ്ടയിലും ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ പടർന്നുപിടിക്കുന്ന എബോളയുടെ 'ബണ്ടിബുഗ്യോ' വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സിനോ ചികിത്സയോ ലഭ്യമല്ലാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നത്. കൂടാതെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. കോംഗോയിൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് പലയിടത്തും അക്രമങ്ങൾ നടക്കുന്നത്.
രോഗവ്യാപനം തടയുന്നതിനായി വടക്കുകിഴക്കൻ കോംഗോയിൽ 50ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, രോഗവ്യാപനത്തിന്റെ വേഗത അമിതമായതിനാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

