Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകേൾക്കുന്നുണ്ടോ?

കേൾക്കുന്നുണ്ടോ?

text_fields
bookmark_border
കേൾക്കുന്നുണ്ടോ?
cancel

നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനമായ അവയവമാണ് ചെവി. സാങ്കേതികവിദ്യയുടെ അമിത ഉപയോഗ ഫലമായി കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകാനിടയുള്ള കേൾവി പ്രശ്നങ്ങൾ നിരവധിയാണ്. അതുകൊണ്ടായിരിക്കാം ഈ വർഷത്തെ ലോക കേൾവി ദിനത്തി‍െൻറ സന്ദേശം സുരക്ഷിത ശ്രവണം (Safe listening) എന്നാക്കിയത്. കേൾവി വൈകല്യമുണ്ടായ ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധം തന്നെയാണ്. പരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ, അശ്രദ്ധയോടെ, സുരക്ഷിതമല്ലാത്ത രീതിയിൽ ഇലക്ട്രിക് ഉപകരണങ്ങൾ കൈകാര്യം ചെയ്താൽ സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളാണ് ലോക കേൾവി ദിനത്തിൽ ഒരു ഓഡിയോളജിസ്റ്റ് എന്നനിലയിൽ സമൂഹത്തോട് എനിക്ക് പറയാനുള്ളത്.

കേൾവി സുരക്ഷിതമോ?

തുടർച്ചയായ ശബ്ദം കേട്ട് കഴിഞ്ഞാൽ താൽക്കാലികമായോ അല്ലാതെയോ വ്യക്തിയുടെ കേൾവി നിലയിൽ വ്യത്യാസം വരാതിരിക്കുകയും ചെവി വേദനയോ മറ്റുള്ളവരുടെ സംസാരമോ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ട് വരാതിരിക്കുകയും ചെയ്താൽ അയാൾ സുരക്ഷിതമായ രീതിയിലാണ് ജീവിതരീതി കൊണ്ടുപോകുന്നത് എന്ന് അനുമാനിക്കാം. എന്നാൽ, മേൽപ്പറഞ്ഞ കാര്യങ്ങൾ തുടർച്ചയായി ഒരാളിൽ കണ്ടുവരുകയാണെങ്കിൽ ആ വ്യക്തിയിൽ സുരക്ഷിതമായ ശ്രവണ രീതിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നമുണ്ടെങ്കിൽ പരിശോധിക്കണം.

കുട്ടികളിലെ കേൾവിക്കുറവ്

1. ജന്മനായുള്ള കേൾവിക്കുറവ് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കുഞ്ഞ് ജനിച്ചാൽ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനു മുന്നേ തന്നെ 'New born hearing screening' നടത്തുന്നുണ്ട്.

2. തുടർച്ചയായ ജലദോഷം ചെറിയ കുട്ടികളിൽ ചെവിയുടെ പാടക്ക് പിറകിലായി നീർക്കെട്ട് വരുത്തുകയും അതുമൂലം ചെറിയതോതിൽ കേൾവിക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിലുള്ള ഇ.എൻ.ടി വിഭാഗത്തി‍െൻറ ചികിത്സയിലൂടെയും ഓഡിയോളജി പരിശോധനകളിലൂടെയും ഇതിനെ പ്രതിരോധിക്കാൻ കഴിയും.

3. Progressive hearing loss അല്ലെങ്കിൽ സാവധാനം കേൾവിയിൽ വരുന്ന കുറവ്: രക്ഷിതാക്കളിൽ ആകുലതയുണ്ടാകുന്ന സാഹചര്യമാണ് കുട്ടികളിൽ കാണുന്ന ശ്രദ്ധക്കുറവ്, പഠനവൈകല്യം, സംസാരക്കുറവ് അതുമല്ലെങ്കിൽ അകാരണമായി കുട്ടികളിൽ കാണുന്ന ഉൾവലിയൽ. ഇങ്ങനെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ തീർച്ചയായും കേൾവി പരിശോധന നടത്തുന്നത് നല്ലതായിരിക്കും.

കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള കേൾവി സംബന്ധമായ ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ ചെവിയിൽനിന്നും മൂളുന്ന ശബ്ദമോ തുടർച്ചയായി അനുഭവിക്കുകയാണെങ്കിൽ ചെവിരോഗവിദഗ്ധരെയും കേൾവി പരിശോധനാ വിഭാഗത്തിലും കാണിച്ച് ചികിത്സ തേടണം. പനിയോ മുണ്ടിനീര്, അഞ്ചാംപനി പോലുള്ള അസുഖങ്ങളോ വന്ന് ചികിത്സതേടിയ ശേഷം കേൾവിക്ക് തകരാർ സംഭവിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. പെട്ടെന്ന് ഒരു കാരണവുമില്ലാതെ സംഭവിക്കുന്ന കേൾവിക്കുറവിനെ നിസ്സാരമായി കാണരുത്.

കുട്ടികളിലെ കേൾവിക്കുറവ് എങ്ങനെ മനസ്സിലാക്കാം?

സംസാരശേഷി എത്തിയിട്ടില്ലാത്ത ചെറിയ കുട്ടികളാണെങ്കിൽ അവർ സാധാരണയായി വലിയ ശബ്ദങ്ങൾ, കാളിങ് ബെൽ, മൊബൈൽ റിങ്ങുകൾ എന്നിവ കേൾക്കുമ്പോഴും പേര് വിളിക്കുമ്പോഴുമുള്ള പ്രതികരണങ്ങൾ നമ്മൾ സസൂക്ഷ്മം നിരീക്ഷിക്കണം. അവർ ഉറക്കത്തിൽ ഞെട്ടി ഉണരുകയോ മുഖത്തേക്കും മറ്റും നോക്കാതിരിക്കുകയോ ചെയ്യുകയും ഓരോ പ്രായത്തിലും അവർക്ക് ഉണ്ടാകേണ്ട ശബ്ദങ്ങൾ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളെ കേൾവി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ചെറുപ്പത്തിൽ നമ്മൾ സംസാരിക്കാൻ പഠിക്കുന്നത് ചുറ്റുപാടിൽ നിന്നുമുള്ള ശബ്ദങ്ങൾ കേട്ടാണ്. അതു തലച്ചോറിൽ പതിഞ്ഞ ശേഷമാണ് ശബ്ദങ്ങളായും വാക്കുകളായും വാചകങ്ങളായും നമ്മൾ സംസാരിക്കുന്നത്. സ്കൂൾ കുട്ടികളിൽ കേൾവിക്കുറവി‍െൻറ ലക്ഷണങ്ങൾ മനസ്സിലാക്കേണ്ടത് അധ്യാപകരുടെ കൂടി ചുമതലയാണ്. വിദ്യാർഥികളിൽ കണ്ടുവരുന്ന അകാരണമായ ഉൾവലിയൽ, പഠന നിലവാരത്തിൽ പിന്നാക്കം, ക്ലാസ് മുറികളിലും കളിസ്ഥലങ്ങളിലും പെട്ടെന്ന് ദേഷ്യം വരുക, തുടർച്ചയായി നിർദേശങ്ങൾ ആവർത്തിക്കാൻ ആവശ്യപ്പെടുക എന്നതെല്ലാം കുട്ടികളിലെ കേൾവിക്കുറവ് ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.

മുതിർന്നവരിലെ കേൾവിക്കുറവ്

മുതിർന്നവരിലെ കേൾവിക്കുറവിന് കാരണങ്ങൾ പലതുണ്ട്. ചെവിയുടെ പാടയോ ചെവിക്കകത്തുള്ള മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലുകളായ മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ് എന്നിവയിൽ സംഭവിച്ച തകരാറുകളോ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അവരിൽ കേൾവിക്കുറവും ഇടക്കുള്ള ചെവിയൊലിപ്പും വേദനയും ഉണ്ടായേക്കാം. ഇത്തരത്തിലുള്ള കേൾവിക്കുറവ് ചികിത്സിച്ചു മാറ്റാം. ചെവിയുടെ ഏറ്റവും ഉള്ളിലുള്ള അവയവമായ കോക്ലിയയിൽ സംഭവിക്കുന്ന മാറ്റങ്ങൾകൊണ്ട് കുട്ടികളിലും മുതിർന്നവരിലും കേൾവിക്കുറവ് സംഭവിക്കാം. കോക്ലിയയിലോ കേൾവിയുടെ ഞരമ്പിനൊ സംഭവിക്കാവുന്ന തകരാറുകൊണ്ട് കേൾവിക്കുറവ് സംഭവിച്ചാൽ മരുന്നുകൊണ്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്.

പ്രായമായവരിലും ജന്മനാ വൈകല്യമുള്ളവരിലുമാണ് ഇത്തരത്തിലുള്ള കേൾവിക്കുറവ് കൂടുതലായി സംഭവിക്കാറുള്ളത്. വ്യക്തമായ കേൾവി പരിശോധനയിലൂടെയും ചെവി വിദഗ്ധരുടെ ചികിത്സാ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരത്തിൽ സംഭവിക്കുന്ന കേൾവി കുറവ് പരിഹരിക്കാം. കോക്ലിയ തകരാർ മൂലമുള്ള കേൾവിക്കുറവിന് ശ്രവണസഹായി പരിഹാരമാണ്. ശ്രവണസഹായികൊണ്ട് കേൾവി തിരിച്ചു കിട്ടുന്നില്ലെങ്കിൽ അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗപെടുത്തുന്ന കോക്ലിയർ ഇംപ്ലാന്‍റ് പോലുള്ള ശസ്ത്രക്രിയ എല്ലാ രാജ്യങ്ങളിലും ലഭ്യമാണ്. ജിനെ തെറപ്പി (gene therapy) പോലുള്ള വിശാലമായ അത്യാധുനിക ചികിത്സ രീതികളും ഇപ്പോഴുണ്ട്.


ഹെഡ്സെറ്റുകൾ കേൾവിക്കുറവുണ്ടാക്കുമോ?

പുതിയ കാലത്തെ വർധിച്ചുവരുന്ന ഗെയിം പോലുള്ള വിനോദങ്ങൾക്കായി ഉപയോഗിക്കുന്ന ഗെയിമിങ് ഹെഡ്സെറ്റുകൾ അമിതമായി ഉപയോഗിക്കുന്ന കുട്ടികളിൽ കേൾവിക്കുറവ് സംഭവിച്ചേക്കാം. ശരിയായ രീതിയിലുള്ള ബോധവത്കരണം കുട്ടികളിലും രക്ഷിതാക്കളിലും നടത്തിയില്ലെങ്കിൽ ഭാവിതലമുറയിൽ കേൾവിക്കുറവുളള രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനക്ക് സാധ്യത കൂടുതലാണ്.

മനുഷ്യ‍െൻറ ചെവിയിൽ 90 ഡി.ബിയുടെ മുകളിൽ തുടർച്ചയായ ശബ്‌ദം കേൾക്കുകയാണെങ്കിൽ അത്തരക്കാരിൽ കേൾവിക്കുറവ് സംഭവിക്കാൻ സാധ്യത കൂടുതലാണ്. കുട്ടികൾക്ക് ഗെയിമിങ് ഹെഡ്സെറ്റ് വാങ്ങി കൊടുക്കുമ്പോൾ നോയ്സ് കാൻസലേഷൻ (Noise Cancellation) പോലുള്ള സാങ്കേതിക വിദ്യയുള്ള ഹെഡ്സെറ്റുകൾ വാങ്ങി നൽകുന്നതാണ് ഉത്തമം. അപകടകരമായ ശബ്ദത്തിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

(അൽഐൻ ഊദ് അൽ തൗബ ഹെൽത്ത് സെന്‍ററിൽ അംബുലേറ്ററി ഹെൽത്ത് സർവീസിൽ ഓഡിയോളജിസ്റ്റാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safe hearing Tipsheadsets cause hearing lossDeafness in childrenDeafness in adults
News Summary - What to look for in a safe hearing
Next Story