എന്താണ് റെട്രോഗ്രേഡ് അംനേഷ്യ? ലക്ഷണങ്ങൾ, ചികിത്സ
text_fieldsഏതാനും സിനിമകളിലൂടെയും മറ്റും മലയാളിക്ക് പരിചിതമായിരുന്ന ഒരു അസുഖമാണ് റെട്രോഗ്രേഡ് അംനേഷ്യ. പത്മരാജന്റെ 'ഇന്നലെ' എന്ന സിനിമ ഈയൊരു അസുഖത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നായതിനാൽ ഈ ഒരു അസുഖത്തെ കുറിച്ച് വലിയ ചർച്ചകൾ ഉയർന്നുവന്നിരുന്നില്ല. എന്നാൽ, അടുത്ത കാലത്ത് മലയാളികൾ കൂടുതൽ ചർച്ച ചെയ്ത അസുഖങ്ങളിലൊന്നാണിത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്, ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയാണെന്നും നടന്നതൊന്നും ഓർമയില്ലെന്നുമുള്ള റിപ്പോർട്ട് ഡോക്ടർമാർ നൽകിയത്. തുടർന്ന്, ഈ അസുഖം ഏറെ ചർച്ചചെയ്യപ്പെട്ടു.
ഏതെങ്കിലും വലിയ ആഘാതത്തിനോ അപകടത്തിനോ ശേഷം ഓര്‍മ്മകള്‍ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവിനെ ബാധിക്കുന്ന ഒരുതരം ഓര്‍മ്മ നഷ്ടത്തെയാണ് റെട്രോഗ്രേഡ് അംനേഷ്യ എന്ന് പറയുന്നത്. ഏത് കാലയളവ് വരെയുള്ള ഓര്‍മകളാണ് നഷ്ടപ്പെട്ടതെന്നത് ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് പരുക്കിന് മുന്‍പ് താന്‍ ആരായിരുന്നെന്ന് പോലും ഓര്‍മയില്ലാത്ത വിധത്തില്‍ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മകളെല്ലാം നഷ്ടമാകാം. ചിലര്‍ക്ക് അപകടത്തിന് മുന്‍പുള്ള ചെറിയ കാലത്തെ ഓര്‍മകള്‍ മാത്രം നഷ്ടപ്പെടുന്ന അവസ്ഥയുമാകാം.
റെട്രോഗ്രേഡ് അംനേഷ്യ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
മസ്തിഷ്‌കത്തിലെ ഓര്‍മകള്‍ സംഭരിക്കുന്ന ഭാഗത്ത് ഏല്‍ക്കുന്ന കനത്ത ആഘാതം കൊണ്ട് ഓര്‍മകള്‍ നഷ്ടപ്പെടാം. ഈ ഭാഗത്ത് പരുക്കേല്‍ക്കുകയോ ജീര്‍ണിക്കുകയോ സ്‌ട്രോക്ക് വരികയോ ചെയ്യുമ്പോള്‍ ഓര്‍മകള്‍ ഇത്തരത്തില്‍ നഷ്ടമാകാം. ഇവ പലപ്പോഴും സ്‌കാനിംഗിലൂടെ തിരിച്ചറിയപ്പെടണമെന്നില്ല.
ശരീരത്തിനുണ്ടാകുന്ന പരുക്കുകള്‍ പോലെ മനസിനേല്‍ക്കുന്ന കനത്ത ആഘാതം കൊണ്ടും ഓര്‍മകള്‍ നഷ്ടമാകാം. തീവ്രമായ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി മനസ് കണ്ടെത്തുന്ന മാര്‍ഗവുമാകാം ഈ ഓര്‍മ നഷ്ടമാകല്‍. ഇത് ബോധമനസ് അറിഞ്ഞുകൊണ്ടല്ല. മയക്കുമരുന്നുകളുടെയോ മദ്യത്തിന്റെയോ ആധിക്യം കൊണ്ട് പലര്‍ക്കും താല്‍ക്കാലികമായി മെമ്മറി ബ്ലാക്ക് ഔട്ടുണ്ടായേക്കാം. ഇത് ഭൂരിഭാഗം കേസുകളിലും താല്‍ക്കാലികമായിരിക്കും.
എന്തൊക്കെ ഓര്‍മകളാണ് നഷ്ടമാകുക?
റെട്രോഗ്രേഡ് അംനേഷ്യ കൊണ്ട് ഓര്‍മകള്‍ മാത്രമേ നഷ്ടമാകുന്നുള്ളൂ. മുന്‍പ് ഓരോരുത്തരും ആര്‍ജിച്ച കഴിവുകള്‍, സ്‌കില്‍സ്, ഭാഷകള്‍ മുതലായവ നഷ്ടമാകാറില്ല. ഉദാഹരണത്തിന് ഒരാള്‍ തനിക്ക് ഒരു കാര്‍ ഉണ്ടോ ഇല്ലയോ എന്നത് മറന്നേക്കാം, പക്ഷേ അയാള്‍ ഡ്രൈവിംഗ് മറന്നുപോകില്ല. ആളുകളുടെ പേരുകള്‍, മുഖങ്ങള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, അപകടങ്ങള്‍ എന്നിവയെ സംബന്ധിച്ച ഓര്‍മകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പുതിയ കഴിവുകള്‍ ആര്‍ജിക്കുന്നതിനും തടസമുണ്ടാകില്ല.
റെട്രോഗ്രേഡ് അംനേഷ്യയ്ക്ക് ചികിത്സയുണ്ടോ?
ഈ അവസ്ഥയ്ക്ക് പൂര്‍ണമായി വികസിപ്പിച്ച ചികിത്സാരീതികളോ മരുന്നുകളോ ഇല്ല. എന്നിരിക്കിലും തെറാപ്പി സെഷനുകളിലൂടെ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ നടത്താം. ഓര്‍മ നഷ്ടമുണ്ടായതിന്റെ കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തി അതിന് ചികിത്സ നല്‍കുകയും ചെയ്യാറുണ്ട്.