എന്താണ് കപ്പിങ് തെറപ്പി/ഹിജാമ ?
text_fieldsശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്തു കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിങ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികിത്സ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോർണിങ്, സക്കിങ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്.
പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ ഈ ചികിൽസ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. വലിച്ചെടുക്കുക എന്ന അർഥം വരുന്ന ഹജ്മ എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമ എന്ന പദം ഉണ്ടായത്.
രക്തയോട്ടം മെച്ചപ്പെടുത്തുക, മനുഷ്യശരീരത്തിലെ വിഷാംശം കുറക്കുക, വേദനയും തലവേദനയും ഒഴിവാക്കുക, നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുക, ചലനത്തിന്റെും വഴക്കത്തിന്റെയും വ്യാപ്തി വർധിപ്പിക്കുക തുടങ്ങിയവക്ക് ഇത് ഏറെ ഫലപ്രദമായ ചികിത്സാ രീതിയാണ്.
സുരക്ഷിതമായ ചികിത്സാ രീതിയായാണ് കപ്പിങ് തെറപ്പി അറിയപ്പെടുന്നതെങ്കിലും ഗർഭിണികൾ, അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്ഷയം, ഹൃദ്രോഗം, ഹൃദയാഘാതം, പേസ് മേക്കർ ഇംപ്ലാന്റേഷൻ, പാരമ്പര്യമായുള്ള ഹെമറാജിക് രോഗം എന്നിവയുള്ളവർക്ക് ഇത് അനുയോജ്യമല്ലെന്ന് പി.എച്ച്.സി കേന്ദ്രങ്ങൾ വ്യക്തമാക്കി. കടുത്ത വിളർച്ച, വൃക്ക തകരാറുകൾ എന്നിവക്ക് ഈ ചികിത്സാ രീതി പ്രായോഗികമല്ലെന്നും അധികൃതർ അറിയിച്ചു.

