ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും? ഏഴ് വർഷം വയറ്റിൽ കിടക്കുമോ? സത്യാവസ്ഥ ഇതാണ്...
text_fieldsച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആളുകൾക്കിടയിൽ പല മിഥ്യാധാരണകളും ഉണ്ട്. ച്യൂയിങ് ഗം വിഴുങ്ങിയാൽ അത് ദഹിപ്പിക്കപ്പെടാതെ പല വർഷങ്ങളോളം നിങ്ങളുടെ വയറ്റിൽ തന്നെ ഇരിക്കുമെന്ന് പറയുന്ന പല കഥകളും നിങ്ങൾ കേട്ടിട്ടുണ്ടാവാം. സത്യത്തിൽ ഇത് അത്ര അപകടകരമല്ല. ച്യൂയിങ് ഗം ഉണ്ടാക്കിയിരിക്കുന്നത് പഞ്ചസാര, ഫ്ലേവറുകൾ, മധുരം എന്നിവ കൂടാതെ റബ്ബർ പോലുള്ള ഒരു 'ഗം ബേസ്' ഉപയോഗിച്ചാണ്. ഈ ഗം ബേസ് ആണ് ചവക്കാൻ കഴിയുന്ന പശിമയുള്ള ഭാഗം. ച്യൂയിങ് ഗമ്മിലെ പഞ്ചസാരയും ഫ്ലേവറുകളും മറ്റ് ചേരുവകളും ദഹന എൻസൈമുകൾക്ക് ദഹിപ്പിക്കാൻ കഴിയും. എന്നാൽ ഗം ബേസ് ഭാഗം ദഹിപ്പിക്കാൻ കഴിയില്ല. ദഹിക്കാത്ത മറ്റ് ഭക്ഷണങ്ങളെപ്പോലെ ഗം ബേസ് വയറ്റിൽ നിന്നും കുടലിലൂടെ കടന്ന് പോകും.
നിങ്ങൾ ആകസ്മികമായി ഗം വിഴുങ്ങുമ്പോൾ അത് വർഷങ്ങളോളം നിങ്ങളുടെ വയറ്റിൽ പറ്റിപ്പിടിക്കുന്നില്ല. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഗം ബേസ് മറ്റ് ദഹിക്കാത്ത മാലിന്യങ്ങൾക്കൊപ്പം (വിസർജ്ജനം വഴി) ശരീരത്തിൽ നിന്ന് പുറത്തുപോകും. അതുകൊണ്ട് തന്നെ ച്യൂയിങ് ഗം ഏഴ് വർഷം വയറ്റിൽ കിടക്കും എന്ന പ്രചാരണത്തിൽ ഒരു സത്യവുമില്ല. ഗം വിഴുങ്ങിയാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. നിങ്ങളുടെ ശരീരത്തിന് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാം. വിഴുങ്ങിയ ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങിയാല്‍ മാത്രമേ അപകട സാധ്യതകളെ പറ്റി ഭയക്കേണ്ടതുള്ളൂ.
സാധാരണ സാഹചര്യങ്ങളിൽ ഒരു തവണ ച്യൂയിങ് ഗം വിഴുങ്ങുന്നത് പ്രശ്നമല്ല. എന്നാൽ ചില അപൂർവ സാഹചര്യങ്ങളിൽ ഇത് പ്രശ്‌നമുണ്ടാക്കാം. ഒരാൾ വലിയ അളവിൽ ച്യൂയിങ് ഗം വിഴുങ്ങുകയോ അല്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ തുടർച്ചയായി പല ഗമ്മുകൾ വിഴുങ്ങുകയോ ചെയ്താൽ ഇത് ദഹനനാളത്തിൽ പ്രത്യേകിച്ച് കുടലിൽ തടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്. കുട്ടികളാണ് ച്യൂയിങ് ഗം വിഴുങ്ങുന്നതെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കാരണം അവർക്ക് ദഹനനാളത്തിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

