എന്താണ് മോണോഡയറ്റ്.. ഗുണദോഷങ്ങൾ എന്തൊക്കെ...
text_fieldsസെലിബ്രിറ്റികൾ ഉൾപ്പെടെ പലരും പിന്തുടരുന്ന ഭക്ഷണ രീതിയാണ് മോണോട്രോഫിക് ഡയറ്റ് അഥവാ മോണോ ഡയറ്റ്. ഭാരം കുറക്കാനും മറ്റും ലക്ഷ്യമിട്ട് ഒരു ഭക്ഷണ ഇനം മാത്രം ദിവസങ്ങളോളം കഴിക്കുന്ന രീതിയാണത്. കലോറി കുറഞ്ഞ വിവിധ പഴവർഗങ്ങളും പച്ചക്കറികളും, മുട്ട, തവിടരി, ചിക്കൻ ബ്രെസ്റ്റ്, ഉരുളക്കിഴങ്ങ് തുടങ്ങി പലതും മോണോ ഡയറ്റിന്റെ ഭാഗമായി കഴിക്കാറുണ്ട്. പെട്ടെന്ന് ഭാരം കുറയുന്നതും ലളിതവും പിന്തുടരാൻ എളുപ്പവുമായതാണ് മോണോ ഡയറ്റിലേക്ക് ആളുകൾ ആകർഷിക്കപ്പെടാൻ കാരണം.
പാചകത്തിനായി അധികം മെനക്കെടേണ്ട. കാർബോഹൈഡ്രേറ്റ് ഒഴിവാക്കാൻ ദിവസങ്ങളോളം മുട്ടയുടെ വെള്ള അല്ലെങ്കിൽ ഉരുളക്കിഴങ്ങ് മാത്രം കഴിച്ചാൽ രണ്ടാഴ്ച കൊണ്ട് ശരീരഭാരം കുറയും. എന്നാൽ, ഇത് ആരോഗ്യകരമായ ഭക്ഷണരീതിയായോ ഭാരം കുറക്കാനുള്ള ശരിയായ വഴിയായോ കാണാനാവില്ല. സന്തുലിതവും സമീകൃതവുമായ വൈവിധ്യമാർന്ന ഭക്ഷണം പാകമായ അളവിൽ കഴിക്കുകയും ആവശ്യത്തിന് വ്യായാമം ചെയ്യുകയുമാണ് ശരിയായ രീതി.
ശ്രദ്ധിക്കണം, ഇക്കാര്യങ്ങൾ
പോഷകക്കുറവ്: ശരീരത്തിനാവശ്യമായ വിവിധ പോഷകങ്ങളും ധാതുക്കളും പല ഭക്ഷണത്തിൽനിന്നാണ് ലഭിക്കുക. ഒന്നുമാത്രം കഴിച്ചാൽ ചില പോഷക ഘടകങ്ങളുടെ കുറവുണ്ടാകും. രോഗപ്രതിരോധ ശേഷി കുറയാൻ ഇത് കാരണമാകും.
പേശി ബലക്ഷയം: പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും ആവശ്യത്തിന് കാർബോഹൈഡ്രേറ്റും ശരീരത്തിന് ലഭിച്ചില്ലെങ്കിൽ പേശികൾ ദുർബലമാകും.
ആരോഗ്യ പ്രശ്നങ്ങൾ: നല്ലതാണെങ്കിലും ഒരു ഭക്ഷണം കൂടുതലായി കഴിക്കുന്നത് ചിലപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമാകും. ഉദാഹരണമായി ഇളനീർ അമിതമായി സ്ഥിരമായി കുടിച്ചാൽ ഹൃദയമിടിപ്പിന്റെ താളത്തെ ബാധിക്കും. പഴം സ്ഥിരമായി കഴിച്ചാൽ പ്രമേഹത്തിന് കാരണമാകും, പാൻക്രിയാറ്റിക് പ്രവർത്തനത്തെ ബാധിക്കും.
മടുപ്പ്: ഒരു ഭക്ഷണം മാത്രം സ്ഥിരമായി കഴിച്ചാൽ മടുപ്പിന് കാരണമാവുകയും പിന്നീട് പല ഭക്ഷണവും വാരിവലിച്ച് കഴിക്കുകയും ചെയ്യാനിടയുണ്ട്. ഇത് തുടക്കത്തിൽ കുറഞ്ഞ ശരീരഭാരം പെട്ടെന്നുതന്നെ കൂടാൻ വഴിയൊരുക്കും.
ഭാരവർധനക്കും സാധ്യത: ചോക്ലറ്റുകൾ പോലുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണമായതിനാൽ ആവശ്യത്തിലധികം കഴിക്കാനും സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

