അമീബിക് മസ്തിഷ്കജ്വരം: വേണം, അതിജാഗ്രത
text_fieldsഅമീബിക് മസ്തിഷ്കജ്വരം: വേണം, അതിജാഗ്രത
മലപ്പുറം: 10,000 പേരിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്കജ്വരം എന്നുപറഞ്ഞ് നിസാരമാക്കുന്നതിന് മുമ്പ് ചില കണക്കുകൾ നോക്കാം. ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് സംസ്ഥാനത്ത് ഏഴു പേർ മരിക്കുകയും 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം 17 പേരും മരണപ്പെടുകയും 66 പേർക്ക് ഇതുവരെ രോഗം പിടിപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ തന്നെ പറയുന്നു. ജില്ലയിൽ ഒരു വർഷത്തിനിടെ ആറു പേർ മരിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇനിയിത്തിരി ഭയം ആകാം. അതിലേറെ ജാഗ്രതയും...
എങ്ങനെ ബാധിക്കുന്നു?
നെഗ്ലേറിയ ഫൗലേരി എന്ന അമീബ വിഭാഗത്തിൽ പെട്ട സൂഷ്മാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് പ്രൈമറി അമീബിക് മേനിഞ്ചോ എൻസെഫലൈറ്റിസ് (പി.എ.എം) എന്ന അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. ഒഴുക്കില്ലാതെ കെട്ടിക്കികിടക്കുന്ന കുളങ്ങളിലോ കിണറുകളിലോ മറ്റിടങ്ങളിൽ നിന്നോ കുളിക്കുന്നത് വഴി രോഗാണു മൂക്കിലൂടെ തലച്ചോറിൽ എത്തുന്നു
തലച്ചോറിന്റെ ചുറ്റുമുള്ള മെനിഞ്ചസ് എന്ന നേർത്ത ആവരണത്തെ ആക്രമിക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ രാസവസ്തുക്കളെ ഭക്ഷിക്കുകയുംചെയ്യുന്നു
രോഗത്തിന്റെ ഉറവിടം
നെഗ്ലേറിയ ഫൗലേരി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബയാണ്. സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ, കിണറുകൾ, നീർച്ചാലുകൾ എന്നിവിടങ്ങളിലെല്ലാം ഇതുകാണപ്പെടുന്നു. ഇവയിൽനിന്ന് വെള്ളം കുടിക്കുന്നത് കൊണ്ട് അമീബ ശരീരത്തിൽ പ്രവേശിക്കില്ല. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപ്പില്ല. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗാണു പടരില്ല.
രോഗ ലക്ഷണങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 3-9 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നു. തീവ്രമായ പനി, തലവേദന, ഛർദി, എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവ കാണപ്പെടുന്നു. കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ രോഗം അധികമായി ബാധിക്കുന്നത്. അണുബാധയേറ്റാൽ മരണത്തിന് സാധ്യതയേറെയാണ്. നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.
പ്രതിരോധ മാർഗങ്ങൾ
രോഗം വരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് പ്രധാന മാർഗം. രോഗ ലക്ഷണങ്ങൾ കണ്ടാൽ അവയെ അവഗണിക്കാതെ പെട്ടെന്ന് ഡോക്ടറെ കാണിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക. പ്രധാനമായും ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിങ് പൂൾ, കുളങ്ങൾ, കിണറുകൾ എന്നിവയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാതിരിക്കുക. മൂക്കിലേക്ക് വെള്ളം കയറ്റികൊണ്ട് മുഖം കഴുകാതിരിക്കുക. വെള്ളത്തിനടിയിലുള്ള മണ്ണോ ചളിയോ ഇളക്കാതിരിക്കുക. വെള്ളവുമായി ബന്ധപ്പെടുമ്പോൾ എപ്പോഴും രോഗത്തെ കുറിച്ചുള്ള ചിന്തയും മുൻകരുതലും ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

