കോവിഡിൽനിന്ന് രക്ഷ നേടാൻ മുറിയിലെ വായുസഞ്ചാരം മെച്ചപ്പെടുത്തേണ്ടത് ഇങ്ങനെ
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന രാജ്യത്ത് പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി മുൻകരുതൽ മാർഗനിർദേശങ്ങളാണ് സർക്കാറുകൾ പുറപ്പെടുവിക്കുന്നത്. നിത്യജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ കോവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങളാണിവ. മാസ്ക് ധരിക്കേണ്ട രീതി മുതൽ സാനിറ്റൈസേഷൻ വരെ ഇതിൽ ഉൾപെടുന്നു. കോവിഡ് വ്യാപന സാധ്യത കുറയ്ക്കാൻ കെട്ടിടങ്ങളിലെ വെൻറിലേഷൻ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ് പടരാനുള്ള സാധ്യത കുറയ്ക്കാൻ വീടുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം വായു സഞ്ചാരം മെച്ചപ്പെടുത്താനാണ് സർക്കാർ മാർഗനിർദേശങ്ങളിൽ പറയുന്നത്. മതിയായ വായുസഞ്ചാരമുള്ള സ്ഥലത്താണ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നതെന്ന് ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു. വായുസഞ്ചാരം ഉറപ്പുവരുത്തി വൈറസിെൻറ അപകടകരമായ സാന്ദ്രത കുറയ്‌ക്കാൻ കഴിയുമെന്നാണ് വിദഗ്ധർ കരുതുന്നത്.
വീടുകളിൽ
- മലിനമായ വായു മറ്റൊരാളിലേക്ക് നേരിട്ട് ഒഴുകാൻ സാധ്യതയുള്ള രീതിയിൽ ഫാനുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കുക.
- എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുക. ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കുക.
- എക്സ്ഹോസ്റ്റ് ഫാൻ ഇല്ലെങ്കിൽ പെഡസ്റ്റൽ ഫാൻ പുറത്തേക്ക് തിരിച്ചു വെക്കുക.
- ക്രോസ് വെൻറിലേഷൻ ഇല്ലാത്ത വീടുകളിൽ ഗ്രാമപഞ്ചായത്ത് വഴി എക്‌സ്‌ഹോസ്റ്റ് ഫാൻ സ്ഥാപിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.
ജോലി സ്ഥലങ്ങളിൽ
- ജനലുകളും വാതിലുകളും അടച്ചിട്ട് എ.സി പ്രവർത്തിപ്പിക്കുമ്പോൾ രോഗപ്പകർച്ചാ സാധ്യത വർധിക്കുന്നു.
- ശുദ്ധവായു കൊണ്ടുവരാനും വൈറസ് കണങ്ങളെ നേർപ്പിക്കാനും എ.സികൾ പ്രവർത്തിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്നിടുക.
- പരമാവധി വായു സഞ്ചാരത്തിനായി എക്‌സ്‌ഹോസ്റ്റ് ഫാൻ സ്ഥാപിക്കുക.
കേന്ദ്രീകൃത എയർ മാനേജുമെൻറ് സംവിധാനങ്ങളുള്ള സ്ഥലങ്ങളിൽ
- ഓഫീസുകൾ, ഓഡിറ്റോറിയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയിൽ റൂഫ് വെൻറിലേറ്ററുകളും HEPA / റെഗുലർ ഫിൽട്ടറുകളുമാണ് സർക്കാർ നിർദേശിക്കുന്നത്. ഈ ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണം.
പൊതുഗതാഗത സംവിധാനങ്ങളിൽ
- വായുവിൻെറ ക്രോസ് ഫ്ലോ ഉറപ്പാക്കുക.
- ബസുകളിലും ട്രെയിനുകളിലും സാധ്യമെങ്കിൽ ജനലുകൾ തുറന്നിടുക.
- എ.സി ബസുകളിലും ട്രെയിനുകളിലും വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾ ഘടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

