Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവെരിക്കോസ് വെയ്ന്‍ ...

വെരിക്കോസ് വെയ്ന്‍ ശ്രദ്ധ വേണം

text_fields
bookmark_border
vericose vain
cancel

സിരകള്‍ക്ക് യഥാർഥ രൂപം നഷ്ടപ്പെട്ട് വീര്‍ത്തും വളഞ്ഞുപുളഞ്ഞും കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. സിരാവീക്കം എന്നും ഇതറിയപ്പെടുന്നു. കാലുകളിലാണ് സാധാരണയായി വെരിക്കോസ് വെയ്ന്‍ കൂടുതലും കണ്ടുവരുന്നത്. കാലുകളിലെ രക്തം ശുദ്ധീകരിക്കുന്നതിനായി ഹൃദയത്തിലേക്ക് എത്തിക്കുന്നത് സിരകളാണ്, ശുദ്ധീകരിച്ച രക്തം തിരിച്ച് കൊണ്ടുവരുന്നത് ധമനികളും. ഗുരുത്വാകര്‍ഷണത്തിന് വിപരീതമായി പ്രവര്‍ത്തിച്ച് കാലുകളിലെ രക്തം ഹൃദയത്തിലെത്തിക്കുന്നതിന് സിരകള്‍ക്കുള്ള ക്ഷമത കുറയുന്നതാണ് ഈ രോഗാവസ്ഥക്കു പിന്നിലെ കാരണം.

സിരകളിലൂടെ ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെ ഒഴുക്ക് മാത്രമാണ് നടക്കേണ്ടത്, എന്നാല്‍ സിരകളില്‍ ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥകളുണ്ടെങ്കില്‍ രക്തം തിരിച്ച് സിരകളിലേക്കുതന്നെ ഒഴുകുകയോ സിരകളില്‍ രക്തം കട്ടപിടിച്ച് കിടക്കുകയോ ചെയ്യും. ഇങ്ങനെ തങ്ങിനില്‍ക്കുന്ന അശുദ്ധരക്തം സിരകളില്‍ മർദമേൽപിക്കുകയും വെരിക്കോസ് വെയ്ന്‍ എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യും. പ്രായംകൂടുന്നതോടെ സിരകളുടെ ഇലാസ്തികത നഷ്ടമാകുന്നതിനാല്‍ രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന വാല്‍വുകള്‍ ദുര്‍ബലമാകുന്നത് കാരണം രക്തം പൂര്‍ണമായും ഹൃദയത്തിലേക്ക് ഒഴുകുന്നത് സാധ്യമാകാതെ തിരിച്ച് സിരകളിലേക്കുതന്നെയെത്തും. ഈ അശുദ്ധ രക്തം തളംകെട്ടിനില്‍ക്കുന്ന ഭാഗങ്ങള്‍ തടിച്ചുപൊങ്ങുകയും നീല നിറത്തില്‍ കാണപ്പെടുകയും ചെയ്യും.

ലക്ഷണങ്ങളില്ലെങ്കിലും ശ്രദ്ധിക്കണം

തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമായ രീതിയില്‍ അനുഭവപ്പെടണമെന്നില്ല. കാലുകളിലെ നിറവ്യത്യാസം, സിരകള്‍ തടിച്ച് നീലനിറത്തിലേക്കു മാറുന്നത്, കണങ്കാലില്‍ കറുപ്പ് നിറം, കൂടുതല്‍ സമയം നില്‍ക്കുമ്പോഴും കാലുകള്‍ തൂക്കിയിടുന്ന സമയങ്ങളിലും വേദന തുടങ്ങിയവയാണ് വെരിക്കോസ് ബാധിച്ചവരില്‍ കണ്ടുവരുന്ന പ്രാരംഭ ലക്ഷണങ്ങള്‍. കാല്‍മുട്ടിന് താഴെയുള്ള ഭാഗത്താണ് വേദന കൂടുതലായി അനുഭവപ്പെടുക.

ലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗാവസ്ഥ ഗുരുതരമാകാന്‍ വഴിവെക്കും. ക്രമേണ ഈ ഭാഗത്ത് മുറിവുകള്‍ സംഭവിക്കുന്നതിനും രക്തം പുറത്തേക്കൊഴുകുന്നതിനും കാരണമാകും. ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിന് കാലതാമസമെടുക്കുകയും ചെയ്യും. ചിലരില്‍ വേദന അനുഭവപ്പെടുന്നില്ലെങ്കിലും വലിയതോതില്‍ രക്തമൊഴുകാന്‍ ഇത് കാരണമാകാറുണ്ട്.

തുടർച്ചയായി നിന്നാൽ

ഒരുപാട് സമയം തുടര്‍ച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് വെയ്ന്‍ കൂടുതലായി കണ്ടുവരുന്നത്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചതുമൂലം ഏറെനാള്‍ ഒരേ രീതിയില്‍ കിടപ്പിലാകുന്നവരില്‍, സിരകളില്‍ രക്തം കട്ടപിടിക്കുന്നതുമൂലം രോഗസാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവരിലും വെരിക്കോസ് വെയ്ന്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ചിലരില്‍ പാരമ്പര്യ ഘടകങ്ങളും ഇതിലേക്കു നയിക്കുന്നു.

ഗര്‍ഭിണികളില്‍ ഗര്‍ഭപാത്രം വികസിക്കുന്നതിനനുസരിച്ച് പ്രധാന സിരകളില്‍ മർദം സംഭവിക്കുന്നത് കാരണമോ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വഴിയോ വെരിക്കോസ് വെയ്ന്‍ കണ്ടുവരാറുണ്ട്. എന്നാല്‍, ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും. ഇല്ലെങ്കില്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

സങ്കീർണമാകാതെ നോക്കാം

കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ പ്രായം കൂടുന്നതിനനുസരിച്ച് വെരിക്കോസ് വെയ്ന്‍ സങ്കീര്‍ണമാകും. രോഗിയെ നേരിട്ട് പരിശോധിക്കുന്നതിലൂടെയോ ടെസ്റ്റുകള്‍ വഴിയോ വെരിക്കോസ് വെയ്ന്‍ നിര്‍ണയിക്കാം. സാധാരണ ഡോപ്ലര്‍ അള്‍ട്രാസൗണ്ട് ടെസ്റ്റ്‌ വഴിയാണ് രോഗം കണ്ടെത്തുന്നത്. വീനോഗ്രാം പരിശോധനാരീതിയും ചിലരില്‍ ആവശ്യമായി വരാറുണ്ട്. രോഗം ഗുരുതരമായവരില്‍ മരുന്നുകള്‍കൊണ്ട് ഫലം കണ്ടെത്താന്‍ സാധിക്കില്ല. വ്യത്യസ്ത രീതിയിലുള്ള ശസ്ത്രക്രിയകള്‍ നിലവില്‍ ലഭ്യമാണ്. വെരിക്കോസ് വെയ്ന്‍ ബാധിച്ച സിരകള്‍ നീക്കംചെയ്യുക മാത്രമാണ് രോഗിക്ക് ആശ്വാസം ലഭിക്കുന്നതിനുള്ള മാർഗം. ശരീരത്തെ വലിയരീതിയില്‍ മുറിവേൽപിക്കാത്ത റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ പോലുള്ളവയിലൂടെ വളരെ വേഗത്തില്‍ വെരിക്കോസ് വെയ്ന്‍ സുഖപ്പെടുത്താന്‍ സാധിക്കും.

ജീവിതശൈലി പ്രധാനം

ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു പരിധി വരെ വെരിക്കോസ് വെയ്ന്‍ നിയന്ത്രിക്കാന്‍ സാധിക്കും. വ്യായാമമില്ലാത്ത ജീവിതരീതിയും അമിതവണ്ണവും വെരിക്കോസ് വെയ്ന്‍ രൂപപ്പെടുന്നതിന് പ്രധാന കാരണമാണ്. തുടര്‍ച്ചയായ വ്യായാമംകൊണ്ട് കാലുകളിലെ രക്തയോട്ടം മെച്ചപ്പെടുത്താനും അതുവഴി വെരിക്കോസ് വെയ്ന്‍ സാധ്യത തടയാനുമാകും. രോഗം ബാധിച്ചവരില്‍, കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനും ആരോഗ്യകരമായ ജീവിതശൈലി സഹായിക്കും. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങള്‍ ഏറെ ഗുണംചെയ്യും. ചിലരില്‍ ഒരു തവണ ശസ്ത്രക്രിയ നടത്തിയ രോഗം ഭേദമായി നിശ്ചിത കാലയളവിനുശേഷം വീണ്ടും കണ്ടുവരാനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ച് പ്രായം കുറഞ്ഞവരില്‍. അതിനാല്‍ ജീവിതശൈലിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.

ഡോ. അനു ആന്റണി വർഗീസ് (MS FIAGES FALS Consultant lap and robotic surgeon)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varicose veins
News Summary - Varicose veins
Next Story