Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഗര്‍ഭാശയ മുഴകള്‍;...

ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ

text_fields
bookmark_border
ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ
cancel
ഗര്‍ഭാശയ ഭിത്തിയിലും ഗര്‍ഭാശയത്തിനു പുറത്തും ഫൈബ്രോയ്ഡുകള്‍ വളരാറുണ്ട്. അമിതമായി വളരുന്ന സാഹചര്യത്തില്‍ ഇത് പ്രയാസങ്ങള്‍ സൃഷ്ടിക്കും

ഗര്‍ഭപാത്രത്തിന്‍റെ പേശികളില്‍ രൂപംകൊള്ളുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ മുഴകള്‍ എന്നറിയപ്പെടുന്നത്. സ്ത്രീകളില്‍ ആശങ്കക്ക് വഴിവെക്കുന്നതുകൂടിയാണ് ഈ അവസ്ഥ. ഫൈബ്രോയ്ഡുകള്‍ പലവിധത്തില്‍ കാണപ്പെടുന്നതിനാല്‍ ഏതെല്ലാമാണ് അപകടകരമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. സാധാരണ 15നും 55നുമിടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡുകള്‍ക്ക് സാധ്യതയുള്ളത്. ഇതില്‍ത്തന്നെ 35നും 45നുമിടയിലുള്ള സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ അമിതമാകുന്നതാണ് ഫൈബ്രോയ്ഡുകള്‍ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണം.

യഥാര്‍ഥത്തില്‍ ഗര്‍ഭാശയത്തിന്‍റെ ഭാഗമായുള്ള മൃദുപേശികളാണ് ഫൈബ്രോയ്ഡുകളായി രൂപപ്പെടാറുള്ളത്. അതേസമയം, ഗര്‍ഭാശയത്തില്‍ കണ്ടുവരുന്ന എല്ലാതരം ഫൈബ്രോയ്ഡുകളും അപകടകാരികളല്ല. ചിലത് മാത്രമാണ് ശാരീരിക അസ്വസ്ഥതകളിലേക്കും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നയിക്കാറുള്ളത്.

ലക്ഷണങ്ങള്‍

രോഗാവസ്ഥ അനുഭവിക്കുന്ന 60-70 ശതമാനം പേരിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നില്ല. എന്നാല്‍, ചിലരില്‍ വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ആര്‍ത്തവ സമയത്തെ അസാധാരണമായ വയറുവേദന, അമിതമായ രക്തസ്രാവം തുടങ്ങിയവ ലക്ഷണങ്ങളില്‍ ചിലതാണ്. ഫൈബ്രോയ്ഡുകളുടെ വലുപ്പം കൂടുന്തോറും സമീപ ഭാഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുകവഴി ഇടക്കിടെ മൂത്രമൊഴിക്കല്‍, മലബന്ധം തുടങ്ങിയവയെല്ലാം അനുഭവപ്പെട്ടേക്കാം. ചിലരില്‍ ഗ്യാസ്ട്രിക് പ്രശ്നങ്ങളും ഇതിന്‍റെ ഭാഗമായി അനുഭവപ്പെടാറുണ്ട്.

പ്രധാനമായും മൂന്നു തരത്തിലാണ് ഫൈബ്രോയ്ഡുകള്‍ കാണപ്പെടാറുള്ളത്. സബ്സെറോസെല്‍ ഫൈബ്രോയ്ഡുകള്‍: ഗര്‍ഭാശയത്തിനു പുറത്ത് വളരുന്ന മുഴകള്‍. അകാരണമായി വയറുവീര്‍ക്കുന്നപോലെ അനുഭവപ്പെടുക. തുടര്‍ച്ചയായ ഏമ്പക്കം, ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, മലവിസർജനം കൃത്യമായി നടക്കാതിരിക്കുക തുടങ്ങിയവ ഇതിന്‍റെ ലക്ഷണങ്ങളാണ്.

ഇൻട്രാമ്യൂറല്‍ ഫൈബ്രോയ്ഡുകള്‍: ഗര്‍ഭാശയത്തില്‍ ഒട്ടിക്കിടക്കുന്ന ഫൈബ്രോയ്ഡുകളാണ് ഇത്. ആര്‍ത്തവ ദിവസങ്ങള്‍ക്കു മുമ്പ് കാലില്‍ നീര്, വേദന തുടങ്ങിയവയും അനുബന്ധ അസ്വസ്ഥതകളും ഇതിന്‍റെ ലക്ഷണമാകാം.

സബ് മ്യൂക്കോസല്‍ ഫൈബ്രോയ്ഡുകള്‍

ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് ഈ വിഭാഗത്തിലാണ്. രോഗികള്‍ക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നതും സബ് മ്യൂക്കോസല്‍ ഫൈബ്രോയ്ഡുകള്‍ രൂപപ്പെടുമ്പോഴാണ്. ചെറിയ വളര്‍ച്ചപോലും ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭാശയ ഭിത്തിയിലും ഗര്‍ഭാശയത്തിനു പുറത്തും ഫൈബ്രോയ്ഡുകള്‍ വളരാറുണ്ട്. പുറമെ വളരുന്നവ ഒരു പരിധിവരെ നിരുപദ്രവകാരികളാണ്. അമിതമായി വളരുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇത് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്. ഗര്‍ഭധാരണം, പ്രസവം എന്നിവ സുഗമമാക്കുന്നതിന് ഇവ തടസ്സമാകാറില്ല. മിക്ക സ്ത്രീകളിലും ഗര്‍ഭാശയ മുഴകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും പലരിലും അപകടകരമാകാത്ത വിധത്തിലാണ് കൂടുതലും. ഗര്‍ഭാശയ ഭിത്തിക്കു പുറമേ കണ്ടുവരുന്ന ഇൻട്രാമ്യൂറല്‍ വിഭാഗത്തിലുള്ള ഫൈബ്രോയ്ഡുകളാണ് കൂടുതലായി കണ്ടുവരുന്നത്.

സബ് മ്യൂക്കോസല്‍ ഫൈബ്രോയ്ഡുകള്‍ ഗുരുതരമാകുന്നവരില്‍ വന്ധ്യതക്കോ തുടര്‍ച്ചയായി അബോര്‍ഷന്‍ സംഭവിക്കുന്നതിനോ സാധ്യത കൂടുതലാണ്. മാസം തികയാതെയുള്ള പ്രസവത്തിനും ഇത് വഴിവെക്കും. ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഫൈബ്രോയ്ഡുകള്‍ കൂടുതലായി വളരുന്നത് സ്വാഭാവികമാണ്. ശരീരത്തില്‍ ഈസ്ട്രജന്‍ അളവ് വര്‍ധിക്കുന്നതാണ് ഇതിനു പിന്നില്‍. എന്നാല്‍, ഗര്‍ഭകാലത്ത് ഗർഭാശയത്തിനുള്ളില്‍ കണ്ടുവരുന്ന ഫൈബ്രോയ്ഡുകള്‍ പ്രസവശേഷം വലുപ്പം കുറയുകയും അപകടസാധ്യത ഇല്ലാതാകുകയും ചെയ്യും.

അമിതവണ്ണമുള്ളവരിലും നേരത്തേ ആര്‍ത്തവം സംഭവിച്ചവരിലും ഫൈബ്രോയ്ഡുകള്‍ രൂപപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ പാരമ്പര്യ ഘടകങ്ങളും ജീവിതശൈലീ രോഗങ്ങളും ഇതിനു കാരണമാകാറുണ്ട്. എന്നാല്‍, നന്നായി വ്യായാമംചെയ്യുന്ന സ്ത്രീകളില്‍ ഫൈബ്രോയ്ഡുകള്‍ രൂപപ്പെടുന്നത് വളരെ കുറവാണ്.

കൃത്യമായ ഇടവേളകളില്‍ സ്കാനിങ് നടത്തിയും മരുന്നുകള്‍ കഴിച്ചുകൊണ്ടും ഫൈബ്രോയ്ഡുകള്‍ അപകടാവസ്ഥയിലേക്ക് നീങ്ങാതെ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍, ഇത്തരത്തില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അവസ്ഥ ഗുരുതരമാകുന്നതിന് വഴിവെച്ചേക്കാം. വിവിധ രീതിയിലുള്ള സർജറികളിലൂടെ സബ് മ്യൂക്കോസല്‍ ഫൈബ്രോയ്ഡുകള്‍ നീക്കംചെയ്യാന്‍ സാധിക്കും. മിക്ക കേസുകളിലും മുഴകള്‍ മാത്രമായി നീക്കംചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍, മുഴകളുടെ എണ്ണം, വലുപ്പം എന്നിവ അപകടകരമായ അവസ്ഥയിലാണെങ്കില്‍ ഗര്‍ഭപാത്രം പൂര്‍ണമായും നീക്കം ചെയ്യേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uterine TumorsHealth News
News Summary - Uterine tumors
Next Story