Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഗർഭാശയ മുഴകളും...

ഗർഭാശയ മുഴകളും പി.സി.ഒ.ഡിയും: ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്

text_fields
bookmark_border
ഗർഭാശയ മുഴകളും പി.സി.ഒ.ഡിയും: ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
cancel

സ്ത്രീകളിൽ ഇന്ന് വളരെ സാധാരണമാണ് പി.സി.ഒ.ഡിയും(പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്) ഗർഭാശയ മുഴകളും (യുറേത്രൈന്‍ ഫൈബ്രോയിഡ്). ആഗോളതലത്തിൽ എട്ട് മുതൽ13ശതമാനം സ്ത്രീകളിലും പി.സി.ഒ.ഡി/പി.സി.ഒ.എസ് കാണപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഇത് മിക്കപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതും പതിവാണ്. ഇന്ത്യയിൽ ഇതിന്റെ നിരക്ക് മൂന്ന് മുതൽ 20 ശതമാനം വരെയും അതിനുമുകളിലുമാണ്. ഗർഭാശയത്തിലെ പേശികളിലുണ്ടാകുന്ന മുഴകളാണ് `ഫൈബ്രോയിഡുകൾ'. 30നും 50നും ഇടയിൽ പ്രായമുള്ള 20 മുതൽ 40ശതമാനം സ്ത്രീകളിലും ഇത്തരം മുഴകൾ കാണപ്പെടുന്നു.

പി.സി.ഒ.ഡി(പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്)

പുരുഷ ഹോർമോണുകളുടെ വർധനവ് (ഹൈപർആന്‍ഡ്രോജെനിസം), അണ്ഡോത്പാദനത്തിലെ തകരാറുകൾ, അണ്ഡാശയത്തിലെ സിസ്റ്റുകൾ (പോളിസിസ്റ്റിക് ഓവറീസ്) എന്നിവയാണ് പി.സി.ഒ.ഡിയുടെ പ്രധാനലക്ഷണങ്ങൾ. ഇതിന്റെ പ്രധാന ഘടകം ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. ശരീരഭാരം കൂടിയവരിലും കുറഞ്ഞവരിലും പി.സി.ഒ.ഡി കാണപ്പെടാം. ഇത്തരത്തിൽ ഹോർമോണിലുണ്ടാവുന്ന അസന്തുലിതാവസ്ഥ ക്രമം തെറ്റിയ ആർത്തവം, മുഖക്കുരു, അമിത രോമവളർച്ച എന്നിവക്ക് കാരണമാകുന്നു. കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പി.സി.ഒ.ഡി മൂലം ഉണ്ടാകാം. ഉയർന്ന കലോറിയടങ്ങിയ ഭക്ഷണങ്ങൾ, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയ മോശം ജീവിതശൈലികളും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു.

ഗർഭാശയ മുഴകൾ (യുറേത്രൈന്‍ ഫൈബ്രോയിഡ്)

ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനത്തിന്‍റെ ഫലമായാണ് ഗർഭാശയ മുഴകൾ രൂപപ്പെടുന്നത്. പലപ്പോഴും ഇവ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെങ്കിലും, ചിലരിൽ ആർത്തവ സമയങ്ങളിൽ അമിതമായ രക്തസ്രാവം, കഠിനമായ വേദന, വന്ധ്യതാ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകുന്നു.

നഗരവൽക്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളും

ദ്രുതഗതിയിലുള്ള നഗരവൽക്കരണം സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ശാരീരിക അധ്വാനമില്ലാത്ത ജീവിതം, ഭക്ഷണം, മാനസിക സമ്മർദം, രാസവസ്തുക്കളടങ്ങിയ പ്രൊഡക്ടുകളുടെ ഉപയോഗം എന്നിവ പി.സി.ഒ.ഡിക്കും ഗർഭാശയമുഴകൾക്കും കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ആർത്തവ സംബന്ധമായ തരാറുകളും മെറ്റബോളിക് പ്രശ്നങ്ങളും കൂടുതലാണ്. കൂടാതെ വൈകിയുള്ള പ്രഗ്നന്‍സിയും ഗർഭാശയമുഴകൾക്ക് സാധ്യത കൂട്ടുന്നു.

ഇൻസുലിൻ, ആൻഡ്രോജൻ, ഈസ്ട്രജൻ

പി.സി.ഒ.ഡിയും ഗർഭാശയ മുഴകളും വ്യത്യസ്ത രോഗങ്ങളാണെങ്കിലും ഇവ രണ്ടും ശരീരത്തിലെ ഈസ്ട്രജൻ മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പി.സി.ഒ.ഡിയിലുണ്ടാകുന്ന ഇൻസുലിൻ റെസിസ്റ്റൻസ് പുരുഷ ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. അതേസമയം ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾ ഈസ്ട്രജൻ ഹോർമോണുകളെ മാറ്റം വരുത്തുകയും ഇത് ഗർഭാശയ മുഴകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യവും ജീവിതനിലവാരവും

രണ്ട് രോഗങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും ജീവിതനിലവാരത്തെയും ബാധിച്ചേക്കാം. പി.സി.ഒ.ഡി മൂലമുണ്ടാകുന്ന അമിതവണ്ണവും അമിത രോമവളർച്ചയും സ്ത്രീകളിൽ വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസമില്ലായ്മ എന്നിവയിലേക്ക് നയിക്കും. ഗർഭാശയമുഴകൾ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വേദനയും വിളർച്ചയും മാനസിക സമ്മർദത്തിന് കാരണമാകുന്നു. അതിനാൽ ചികിത്സയോടൊപ്പം മാനസികാരോഗ്യം നിയന്ത്രിക്കുന്നതും അനിവാര്യമാണ്.

രോഗനിർണ്ണയവും ചികിത്സയും

രോഗലക്ഷണങ്ങളുടെ തീവ്രത, ഗർഭധാരണത്തിനുള്ള താല്പര്യം എന്നിവ കണക്കിലെടുത്താണ് ഇത്തരം രോഗങ്ങളിൽ ചികിത്സ നിശ്ചയിക്കുന്നത്. കൃത്യമായ വ്യായാമം, ഭക്ഷണക്രമീകരണം, ശരീരഭാരം നിയന്ത്രിക്കുക എന്നിവയാണ് പി.സി.ഒ.ഡിയുടെ ആദ്യഘട്ട ചികിത്സയിലുൾപ്പെടുന്നത്. ആവശ്യമെങ്കിൽ ഹോർമോൺ മരുന്നുകളും നൽകാറുണ്ട്. മരുന്നുകൾ വഴിയോ സയോമെക്ടോമി ഹിസ്റ്ററെക്ടോമി പോലുള്ള ശസ്ത്രക്രിയകൾ വഴിയോ ഗർഭാശയമുഴകൾ ചികിത്സിക്കാം. ആർത്തവചക്രത്തിലെ മാറ്റങ്ങൾ, അമിത രക്തസ്രാവം, കഠിനമായ വേദന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. കൃത്യമായ ഇടവേളകളിൽ ഗൈനക്കോളജിസ്റ്റിനെ കാണുന്നതും മെറ്റബോളിക് പരിശോധനകൾ നടത്തുന്നതും രോഗം സങ്കീർണ്ണമാകുന്നത് തടയാൻ സഹായിക്കും.

പി.സി.ഒ.ഡിയും ഗർഭാശയമുഴകളും കേവലം ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ മാത്രമല്ല അവ സ്ത്രീകളുടെ മൊത്തത്തിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയുടെയും മെറ്റബോളിസത്തിന്റെയും പ്രതിഫലനമാണ്. ജീവിതശൈലി മാറ്റം വരുത്തുന്നതിലൂടെ ഇവയെ ഏറെകുറേ പ്രതിരോധിക്കാന്‍ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women healthUterine FibroidhealthnewsPCOD
News Summary - Uterine Fibroids and PCOD: Do Not Ignore the Symptoms if You See Them
Next Story