1000 ദിവസം നീണ്ട ആർത്തവ രക്തസ്രാവം; അപൂർവ രോഗാവസ്ഥ വെളിപ്പെടുത്തി യു.എസ് യുവതി
text_fieldsആർത്തവം ഉണ്ടാകുന്ന മിക്കവരിലും ഓരോ 21 മുതൽ 35 ദിവസത്തിലും അത് പ്രത്യക്ഷപ്പെടുകയും രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യും. പ്രായം, ഹോർമോണുകൾ, ജനന നിയന്ത്രണം, സമ്മർദ്ദം, ഭക്ഷണക്രമം, വ്യായാമം തുടങ്ങിയവയെ ആശ്രയിച്ച് ഈ സമയക്രമം വ്യത്യാസപ്പെടാം. എന്നാൽ 1,000 ദിവസം നിർത്താതെയുള്ള ആർത്തവ രക്തസ്രാവം അനുഭവിച്ച യു.എസ് യുവതിയുടെ വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.
950 ദിവസത്തെ ആർത്തവമാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് ടിക്ക് ടോക്കറായ പോപ്പി വെളിപ്പെടുത്തുന്നു. മൂന്ന് വർഷത്തിലേറെയായി തുടർച്ചയായി ആർത്തവം അനുഭവിക്കുന്നതിനെക്കുറിച്ച് പോപ്പി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. നിരവധി പരിശോധനകൾക്കും, ചികിത്സകൾക്കും, ശസ്ത്രക്രിയകൾക്കും വിധേയമായിട്ടും, നീണ്ട രക്തസ്രാവത്തിന്റെ കാരണം തുടക്കത്തിൽ ആർക്കും വിശദീകരിക്കാൻ കഴിഞ്ഞില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പ്, രണ്ടാഴ്ചത്തെ തുടർച്ചയായ രക്തസ്രാവം മൂലം പോപ്പി വൈദ്യസഹായം തേടിയപ്പോൾ ഒരു ആഴ്ച കൂടി കാത്തിരിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. സ്ത്രീകൾക്കിടയിൽ സാധാരണയായി കാണപ്പെടുന്ന ഹോർമോൺ പ്രശ്നമായ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്) ആണെന്നാണ് അവർ ആദ്യം സംശയിച്ചത്. പിന്നീടാണ് പോപ്പിക്ക് അണ്ഡാശയ സിസ്റ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവ രക്തസ്രാവത്തിന് കാരണമാകുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
പല ചികിത്സകൾ നടത്തിയിട്ടും പോപ്പിയുടെ പ്രശ്നത്തിന് പരിഹാരമായില്ല. നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ പോപ്പിക്ക് ബൈകോർണുവേറ്റ് യൂട്രസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തി. അഞ്ച് ശതമാനത്തിൽ താഴെ സ്ത്രീകളിൽ മാത്രമാണ് ഈ അവസ്ഥ കാണുന്നത്. ഗർഭാശയം ഒരു അറക്ക് പകരം രണ്ട് അറകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്ക് ജനിക്കുമ്പോൾ തന്നെ ഉണ്ടാകുന്ന ഒരു അപൂർവ അവസ്ഥയാണിത്.
ഗർഭിണിയാകുമ്പോഴോ ഒന്നിലധികം ഗർഭ അലസലുകൾ ഉണ്ടാകുമ്പോഴോ മാത്രമേ ഇത് കണ്ടെത്താനാകൂ എന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പറയുന്നു. ബൈകോർണുവേറ്റ് യൂട്രസ് ഉള്ള പല സ്ത്രീകൾക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കില്ല, എന്നാൽ ഇത് കനത്തതും നീണ്ടുനിൽക്കുന്നതുമായ രക്തസ്രാവം, വേദനാജനകമായ ആർത്തവം, പെൽവിക് അസ്വസ്ഥത, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള ബുദ്ധിമുട്ട് എന്നിവക്ക് കാരണമാകും.
രക്തസ്രാവം ആരംഭിച്ച് മൂന്നോ നാലോ മാസമായപ്പോൾ എടുത്ത ആദ്യത്തെ അൾട്രാസൗണ്ട് സ്കാനിൽ ഇത് കണ്ടെത്തിയിരുന്നെന്ന് പോപ്പി തന്റെ പുതിയ വിഡിയോയിൽ വിശദീകരിച്ചു.എന്നാൽ ആ സമയത്ത് അത് ഗൗരവമായി കണ്ടില്ല. ഇപ്പോൾ അവസ്ഥ എന്താണെന്ന് തിരിച്ചറിഞ്ഞതിനാൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും പോപ്പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.