ക്ഷയരോഗികളിൽ കൂടുതൽ പുരുഷൻമാർ
text_fieldsകാസർകോട്: ജില്ല പൂർണമായും ക്ഷയരോഗമുക്തമായില്ല. 752 രോഗികളാണ് ജില്ലയിലുള്ളത്. അതിൽ 497 പുരുഷന്മാരും 255 സ്ത്രീകളുമാണ്. കൂടുതൽ യാത്രകൾ നടത്തുന്നവരും പുകവലിക്കുന്നതും പുരുഷന്മാരായതുകൊണ്ടാണ് രോഗം കൂടാൻ കാരണമെന്ന് ജില്ല മെഡിക്കൽ ഓഫിസ് പ്രസ് ക്ലബിൽ നടത്തിയ ശിൽപശാലയിൽ വ്യക്തമാക്കി. രോഗം ആർക്കും ഏതുസമയത്തും വരാൻ സാധ്യതയുണ്ട്.
ശരിയായ പരിശോധനയും ചികിത്സയും നേടിയാൽ ക്ഷയരോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. ജില്ല ടി.ബി. സെന്ററിന്റെയും ജില്ല മെഡിക്കൽ ഓഫിസ് ആരോഗ്യത്തിന്റെയും ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് മാധ്യമപ്രവർത്തകർക്ക് ശിൽപശാല സംഘടിപ്പിച്ചത്.
പല്ല്, മുടി ഒഴികെ ശരീരത്തിന്റെ ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാം. പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചികിത്സയെടുക്കാതിരുന്നാൽ മരണംവരെ സംഭവിക്കാം. കഫ പരിശോധനയിലൂടെയും എക്സറേ പരിശോധനയിലൂടെയും ക്ഷയരോഗ നിർണയം നടത്താം. ഇതുകൂടാതെ സിബിനാറ്റ് എന്ന നൂതന ജനിതക സാങ്കേതികവിദ്യയും രോഗം നിർണയത്തിനായി ഉപയോഗിക്കുന്നു. ജില്ലയിൽ കാസർകോട് ജനറൽ ആശുപത്രി, ജില്ല ആശുപത്രി, മംഗൽപാടി താലൂക്ക് ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെല്ലാം ആധുനിക പരിശോധന സംവിധാനങ്ങളുണ്ട്.
പ്രമേഹ രോഗികൾ, ശ്വാസകോശ രോഗികൾ, എച്ച്.ഐ.വി ബാധിതർ, കോവിഡ് ബാധിതർ, അവയവമാറ്റ ശാസ്ത്രക്രിയ കഴിഞ്ഞവർ, മദ്യപാനം, പുകവലി മറ്റു ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം. ഇത്തരം വ്യക്തികളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയരോഗ നിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു. 2019നെ അപേക്ഷിച്ച് ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായതായും ജില്ല ടി.ബി. ഓഫിസർ ഡോ. ആരതി രഞ്ജിത്ത് പറഞ്ഞു.
നാഷനൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. സച്ചിൻ ഷെൽവ്, ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. ടി.എൻ. അനൂപ് കുമാർ, ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസർ ഡോ. നാരായണ പ്രദീപ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, ജില്ല മാസ് മീഡിയ ഓഫിസർ (ആരോഗ്യം) അബ്ദുൽ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.