അമിത സ്ക്രീൻ സമയം; വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടാൻ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ
text_fieldsഇക്കാലത്ത് വീട്ടകങ്ങളിൽ കുഞ്ഞുങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത് മൊബൈലിലാണ്. ഇതിന്റെ അപകട വശങ്ങളെ കുറിച്ച് പലപ്പോഴും മാതാപിതാക്കൾ പോലും ബോധവാൻമാരാകാറില്ല. പലപ്പോഴും കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളെ പോലും ഈ സ്മാർട് ഫോണുകളുടെ ഉപയോഗം ദോഷകരമായി ബാധിക്കുമെന്നാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്. ബി.എം.ജെ പീഡിയാട്രിക് ഓപണിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന നിഷ്‍കർഷിച്ചിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം രണ്ടു മുതൽ അഞ്ചുവയസു വരെയുള്ള കുട്ടികൾ മൊബൈൽ സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലെ 3624 മാതാപിതാക്കളാണ് പഠനത്തിന്റെ ഭാഗമായുള്ള സർവേയിൽ പങ്കെടുത്തത്. വിശ്രമിക്കാനോ വീട്ടുജോലികൾ ചെയ്യാനോ ചിലപ്പോൾ വാശി പിടിച്ചു കരയുമ്പോൾ സമാധാനിപ്പിക്കാനോ ഒക്കെ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുത്ത് ശീലമാക്കുന്നത് മാതാപിതാക്കൾ തന്നെയാണ്. ആദ്യമൊക്കെ ഇത് വലിയ കാര്യമായി നമുക്ക് തോന്നാം. എന്നാൽ മൊബൈൽ ഫോണിന് അടിമകളാകുന്ന കുഞ്ഞുങ്ങളിൽ കളികളും വീട്ടിലെ മറ്റ് അംഗങ്ങളുമായുള്ള സംസാരവും ശാരീരിക ചലനവും കുറയും. ഇത് അവരുടെ മസ്തിഷ്‍ക വളർച്ചയെ തന്നെ ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തെ എങ്ങനെയാണ് സ്ക്രീൻ ടൈം ബാധിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ത്യയിൽ കൂടുതൽ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ തെസ്പൂർ യൂനിവേഴ്സിറ്റി പിഎച്ച്.ഡി ഗവേഷകനും സ്പീച്ച് ആൻഡ് ഹിയറിങ് സ്പെഷ്യലിസ്റ്റുമായ പ്രിയങ്ക് ഭൂട്ടാണി ചൂണ്ടിക്കാട്ടുന്നു.
ദിവസവും എട്ടുമണിക്കൂർ വരെ സമയം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്ന കുട്ടികളുടെ എണ്ണം 13ശതമാനമാണ് ഇന്ത്യയിൽ. കുട്ടികളുടെ മൊബൈൽ സ്ക്രീൻ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന ഗൈഡ് ലൈൻ എന്താണെന്ന് പോലും 70 ശതമാനം മുതൽ 80 ശതമാനം വരെ രക്ഷിതാക്കൾക്ക് അറിയില്ലെന്നും അവർ വിലയിരുത്തുന്നു.
രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നാണ് ലോകാരോഗ്യ സംഘടന നിഷ്‍കർഷിക്കുന്നത്. രണ്ടു മുതൽ അഞ്ചുവയസു വരെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂർ സമയം വരെ മൊബൈൽ നൽകാം. എന്നാൽ ഇവർ കാണുന്ന കണ്ടന്റ് എന്താണെന്ന് നിശ്ചയിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പകരം, കഥ പറഞ്ഞുകൊടുക്കൽ, വീടിനുള്ളിൽ തന്നെ കളിക്കാവുന്ന ചില കളികൾ എന്നിവക്കായിരിക്കണം മുൻഗണന നൽകേണ്ടത്. കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെയാണ് പലരും കുഞ്ഞുങ്ങൾക്ക് മൊബൈൽ നൽകി ശീലിപ്പിക്കുന്നത്. കൂടുതൽ സമയം മൊബൈലിൽ ചെലവഴിക്കുന്ന കുട്ടികൾ വീട്ടകങ്ങളിൽ മാതാപിതാക്കളോട് പോലും സംസാരിക്കുന്നില്ല. മാത്രമല്ല, അവരുടെ സഹപ്രായക്കാരോടും ഇണങ്ങാൻ പ്രയാസം കാണിക്കുന്നു. പുറത്തുപോയി കളിക്കാനുള്ള താൽപര്യവും ഇവരിൽ ഇല്ലാതാകുന്നു. മറ്റ് ക്രിയേറ്റീവ് തലത്തിലുള്ള പ്രവർത്തനങ്ങളിലും സജീവമാകാൻ മടി കാണിക്കുന്നു. സംസാരം വൈകുന്നുവെന്ന പരാതിയുമായി സ്പീച്ച് തെറാപ്പിസ്റ്റിന്റെ അടുത്തെത്തുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇത്തരത്തിൽ സ്ത്രീൻ ടൈം കൂടുതലായി ഉപയോഗിക്കുന്നവരാണെന്നും ഭൂട്ടാനി പറയുന്നു.
ഭാഷ എന്നത് മനസിലാക്കി പഠിക്കേണ്ട ഒന്നാണ്. ഒരിക്കലും അത് സ്വയം പഠിച്ചെടുക്കാൻ സാധിക്കില്ല. രണ്ടുപേർ തമ്മിലുള്ള സംസാരത്തിലൂടെയാണ് ഭാഷ പഠിക്കുക. ഫോൺ ഉപയോഗത്തിലൂടെ ഇത് സാധ്യമല്ല. ചുരുക്കിപ്പറഞ്ഞാൽ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ സാമൂഹിക സമ്പർക്കം ഇല്ലാതാക്കുന്നു.
അതുപോലെ, ഒരു കുട്ടി മൊബൈൽ ഫോൺ കണ്ട് ഭക്ഷണം കഴിക്കുകയാണെങ്കിൽ ഭക്ഷണത്തിന്റെ രുചിയോ മണമോ എന്താണ് കഴിക്കുന്നത് എന്നു പോലും മനസിലാക്കാൻ സാധിക്കില്ല. കുട്ടി യാന്ത്രികമായി വായ് തുറക്കുന്നു, മാതാപിതാക്കൾ ഭക്ഷണം വായിലേക്ക് വെച്ചു നൽകുന്നു. അതിനിടയിൽ ഒന്നും സംഭവിക്കുന്നില്ല.
കൂടുതൽ സമയം മൊബൈൽ കാണുന്ന കുട്ടികൾ വാശിക്കാരാകുന്നു. ഇതൊന്നും കാണാതെ പോയാൽ ഗുരുതര പ്രത്യാഘാതങ്ങളാണ് അനുഭവിക്കേണ്ടി വരികയെന്നും മുന്നറിയിപ്പുണ്ട്. മാതാപിതാക്കൾ കൃത്യസമയത്ത് ഇടപെട്ട് കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾക്കു പോലും വലിയ ഫലമുണ്ടാക്കാൻ സാധിക്കുമെന്നും ഭൂട്ടാനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

