ഇന്ന് ലോക പ്രമേഹ ദിനം: മുൻകൂട്ടി ചെറുക്കാൻ എല്ലാ ജില്ലകളിലും മെറ്റബോളിക് സെന്ററുകള്‍
text_fieldsതിരുവനന്തപുരം: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിന് എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കുന്നു. പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. പ്രമേഹം മൂലമുള്ള എല്ലാ സങ്കീർണതകളെയും ചെറുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനാലാണ് '360 ഡിഗ്രി' വിശേഷണം നൽകിയിരിക്കുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താദിമര്‍ദം എന്നിവക്കുപുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന് ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില് ഈ സെന്ററുകളിലൂടെ ലഭ്യമാക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐ.സി.എം.ആറും നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 24 ശതമാനത്തോളം പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തൽ.
സങ്കീർണമാക്കുന്നത് രോഗനിര്‍ണയം വൈകുന്നത്-മന്ത്രി
തിരുവനന്തപുരം: രോഗനിര്‍ണയത്തിലെ കാലതാമസമാണ് പ്രമേഹത്തെ സങ്കീര്ണമാക്കുന്നതെന്നും അതിനാല്‍ ശ്രദ്ധ വേണമെന്നും മന്ത്രി വീണ ജോർജ്. ചിട്ടയായ വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. 'പ്രമേഹം: ആരോഗ്യവിദ്യാഭ്യാസം നാളെയുടെ രക്ഷക്കായി' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം.

