നെഞ്ചെല്ലിന് പിന്നിലുള്ള ആകുഞ്ഞ് അവയവം പറയും നിങ്ങളുടെ ആയുസ്സ്
text_fieldsനെഞ്ചെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന, പ്രായപൂർത്തിയാകുമ്പോൾ തൈമസ് ക്രമേണ ചുരുങ്ങുന്ന കുഞ്ഞ് അവയവം. വർഷങ്ങളായി ശാസ്ത്രലോകം ഏറെ പ്രാധാന്യം നൽകാതിരുന്ന മനുഷ്യശരീരത്തിലെ ഈ ചെറിയ അവയവം ദീർഘായുസ്സിന്റെയും ആരോഗ്യകരമായ വാർധക്യത്തിന്റെയും നിർണായക സൂചകമായിരിക്കാമെന്ന് പുതിയ പഠനം. നെഞ്ചെല്ലിന് (Sternum) പിന്നിലായി സ്ഥിതിചെയ്യുന്ന തൈമസ് എന്ന അവയവമാണ് ഈ കണ്ടെത്തലിന്റെ കേന്ദ്രബിന്ദു. എ.ഐ സഹായത്തോടെ സി.ടി സ്കാനുകൾ വിശകലനം ചെയ്ത ഗവേഷകർ, ആരോഗ്യമുള്ള തൈമസുള്ളവരിൽ മരണസാധ്യത, ഹൃദ്രോഗസാധ്യത, ശ്വാസകോശ കാൻസർ സാധ്യത എന്നിവ ഗണ്യമായി കുറവാണെന്ന് കണ്ടെത്തി.
തൈമസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രധാന അവയവമാണ്. രോഗാണുക്കളെ നേരിടുന്ന ടി-കോശങ്ങൾ വളർത്തി പരിശീലിപ്പിക്കുന്നതിലാണ് ഇതിന്റെ പ്രധാന പങ്ക്. പ്രായപൂർത്തിയാകുമ്പോൾ തൈമസ് ക്രമേണ ചുരുങ്ങുന്നതിനാൽ, ബാല്യത്തിന് ശേഷം ഇതിന് വലിയ പ്രാധാന്യമില്ലെന്നാണ് ദീർഘകാലമായി കരുതപ്പെട്ടിരുന്നത്. എന്നാൽ, പുതിയ പഠനങ്ങൾ ഈ ധാരണയെ ചോദ്യംചെയ്യുകയാണ്.
27,000ത്തിലധികം പേരുടെ നെഞ്ചിലെ സി.ടി സ്കാനുകൾ ഡീപ് ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്. തൈമസിന്റെ ആരോഗ്യനില വിലയിരുത്തുന്ന പ്രത്യേക എ.ഐ മാതൃകയാണ് ഇതിനായി ഉപയോഗിച്ചത്. പഠനത്തിൽ കണ്ടെത്തിയത് ഇവയാണ്: ആരോഗ്യമുള്ള തൈമസുള്ളവർക്ക് ഏത് കാരണത്താലുമുള്ള മരണസാധ്യത ഏകദേശം 50% കുറവ്; ഹൃദ്രോഗംമൂലമുള്ള മരണസാധ്യത 63% വരെ കുറവ്; ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത 36% കുറവ്.
വാർധക്യം വെറും പ്രായം കൂടുന്നതല്ല, ശരീരത്തിലെ ജൈവമാറ്റങ്ങളുടെ ഫലമാണെന്ന കാഴ്ചപ്പാടിന് ഈ പഠനം കൂടുതൽ ശക്തി നൽകുന്നു. ദീർഘായുസ്സും മികച്ച പ്രതിരോധശേഷിയും വിലയിരുത്താൻ തൈമസിന്റെ ആരോഗ്യം ഭാവിയിൽ പ്രധാന ബയോമാർക്കർ ആകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

